Wednesday 12 May 2021 04:59 PM IST : By സ്വന്തം ലേഖകൻ

വീടിന് ചോര്‍ച്ചയുണ്ടോ... കയ്യോടെ പരിഹരിച്ചില്ലെങ്കില്‍ പണി പാളാം: പ്രതിവിധി ഇങ്ങനെ

plastering

ഓരോ ദിവസം കഴിയുന്തോറും കെട്ടിടത്തിന് ബലക്ഷയം. വീട്ടുകാര്‍ക്ക് ടെന്‍ഷന്‍. ഇതു രണ്ടുമാണ് ചോര്‍ച്ചയുടെ അനന്തരഫലം. ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെയുള്ള വീടുനിര്‍മാണവും കൃത്യമായ മെയ്ന്റനന്‍സുമാണ് ചോര്‍ച്ച എന്ന വയ്യാവേലി ഒഴിവാക്കാനുള്ള മാര്‍ഗം.

ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ചോര്‍ച്ച കണ്ടു തുടങ്ങി എന്നാണെങ്കിലും പേടിക്കേണ്ട. ചോര്‍ച്ച മാറ്റി വീടിനെ കുട്ടപ്പനായി മാറ്റിയെടുക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. എത്രയും വേഗം പരിഹാര നടപടി സ്വീകരിക്കുക എന്ന തത്വമാണ് ചോര്‍ച്ചയുടെ കാര്യത്തിലും  പിന്തുടരേണ്ടത്. അല്ല എങ്കില്‍ മുള്ളു കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ടി  വരും!

എന്താണ് ചോര്‍ച്ചയുടെ കാരണം എന്നു കണ്ടുപിടിക്കുകയാണ് ആദ്യം വേണ്ടത്. എങ്കിലേ കൃത്യമായ ചികിത്സ നല്‍കാനാകൂ. പലപ്പോഴും വെള്ളം ഇറ്റുവീഴുന്നതിന്റെ നേരെ മുകളില്‍ തന്നെ ആയിരിക്കില്ല തകരാര്‍. ഇക്കാര്യത്തില്‍ വിദഗ്ധനായ എന്‍ജിനീയറുടെ സഹായം തേടുകയാണ് ഉത്തമം. എവിടെയാണ് തകരാര്‍, എന്താണ് കാരണം എന്നിവ അറിഞ്ഞ ശേഷം വേണം എതു തരത്തിലുള്ള പരിഹാരം വേണം എന്നു തീരുമാനിക്കാന്‍.

മേല്‍ക്കൂരയില്‍ നടത്തുന്ന 'വാട്ടര്‍പ്രൂഫിങ്' ആണ് ചോര്‍ച്ചയ്ക്കുള്ള പരിഹാരമാര്‍ഗം. ഇന്റഗ്രല്‍, ലെയര്‍, മെമറേന്‍ എന്നിങ്ങനെ മൂന്ന് തരത്തില്‍ വാട്ടര്‍പ്രൂഫിങ് നടത്താം.

മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യുന്ന സമയത്തോ അല്ലെങ്കില്‍ ചോര്‍ച്ച ഒഴിവാക്കാനായി മേല്‍ക്കൂരയുടെ പുറത്ത് പരുക്കനിടുമ്പോഴോ സിമന്റിനൊപ്പം വാട്ടര്‍പ്രൂഫിങ് മിശ്രിതം കൂടി ചേര്‍ക്കുന്ന രീതിയാണ് ഇന്റഗ്രല്‍ വാട്ടര്‍പ്രൂഫിങ്.

വെള്ളം താഴേക്ക് ഇറങ്ങുന്നത് തടയും വിധം ഒരു പാളി പോലെ പ്രവര്‍ത്തിക്കും എന്നതാണ് ലെയര്‍ വാട്ടര്‍പ്രൂഫിങ്ങിന്റെ പ്രത്യേകത. ചോര്‍ച്ച ഉണ്ടാകുന്ന പക്ഷം ഈ മാര്‍ഗം പ്രയോജനപ്പെടുത്താം. വാട്ടര്‍പ്രൂഫിങ് ലിക്വിഡ്, പൗഡര്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് തയാറാക്കുന്ന മിശ്രിതം ടെറസില്‍ തേച്ചു പിടിപ്പിക്കുകയാണ് വേണ്ടത്. ബ്രഷ് അല്ലെങ്കില്‍ റോളര്‍ ഇതിനായി ഉപയോഗിക്കാം. 0.75 മുതല്‍ ഒരു എംഎം വരെ കനമായിരിക്കും ഈ കോട്ടിങ്ങിന് ഉണ്ടാകുക. വേണമെങ്കില്‍ വീട്ടുകാര്‍ക്കു തന്നെ ഇതു ചെയ്യാവുന്നതാണ്.

ഇതിനായി പ്രതലം നല്ലതുപോലെ വൃത്തിയാക്കി ചെറിയ പൊട്ടലുകളും വിള്ളലുകളുമെല്ലാം ക്രാക്ക് ഫില്ലര്‍ ഉപയോഗിച്ച് അടയ്ക്കണം. ഇതിനു മുകളില്‍ ഒരു കോട്ട് െ്രെപമര്‍ അടിച്ച ശേഷമാണ് ലെയര്‍ വാട്ടര്‍പ്രൂഫിങ് ചെയ്യേണ്ടത്.

ടെറസിനു മുകളില്‍ കനം കുറഞ്ഞ ഷീറ്റ് ഒട്ടിച്ച് വെള്ളം ഇറങ്ങുന്നത് തടയുന്ന മാര്‍ഗമാണ് മെമറേന്‍ വാട്ടര്‍പ്രൂഫിങ്. ബിറ്റുമിന്‍, അക്രിലിക്, പിയു എന്നീ മെറ്റീരിയലുകളുടെയൊക്കെ വാട്ടര്‍പ്രൂഫിങ് ഷീറ്റ് വിപണിയിലുണ്ട്. 20 മീറ്റര്‍ നീളമുള്ള റോള്‍ ആയിട്ടായിരിക്കും ഇതു ലഭിക്കുക.  1.2 മീറ്റര്‍ ആയിരിക്കും വീതി. 600 മൈക്രോണ്‍ മുതല്‍ ഒന്നര എംഎം വരെ കനമുള്ള ഷീറ്റ് ലഭ്യമാണ്. കമ്പനികള്‍ പല പേരുകളിലാണ് ഇത്തരം ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നത്.

ചോര്‍ച്ച തടയുന്നതിനൊപ്പം വീടിനുള്ളിലെ ചൂട് ചെറിയൊരു ശതമാനം കുറയ്ക്കാനും വാട്ടര്‍പ്രൂഫിങ് സഹായിക്കും.

വിവരങ്ങള്‍ക്കു കടപ്പാട്:

ആര്‍ഡെക്‌സ് എന്‍ഡ്യൂറ, കൊച്ചി

പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, കൊച്ചി