Thursday 20 May 2021 02:19 PM IST

പെൻഷൻ മുടങ്ങിയാലും തേനീച്ച വളർത്തി ഉപജീവന മാർഗം കണ്ടെത്താം; KSRTC മുൻജീവനക്കാരന്റെ വിജയകഥ, World Honey Bee Day Special

Sona Thampi

Senior Editorial Coordinator

honey

കഴിഞ്ഞ 35 വർഷമായി തിരുവനന്തപുരം നെടുമങ്ങാടുള്ള രാധാകൃഷ്ണൻ നായർ തേനീച്ചക്കൃഷി തുടങ്ങിയിട്ട്. കൗതുകമായി തുടങ്ങി പിന്നെ ഉപജീവന മാർഗമാക്കിയ അനുഭവമാണ്  രാധാകൃഷ്ണൻ നായർക്ക് പറയാനുളളത്. കുട്ടിക്കാലത്ത് ബന്ധു വീടുകളിൽ പോവുമ്പോൾ കണ്ട തേനീച്ചപ്പെട്ടികൾ മനസ്സിൽ കിടന്നിരിക്കണം. KSRTC ജോലിക്കാരനായിരിക്കേ ആകാശവാണിയിൽ തേനീച്ച വളർത്തലിനെപ്പറ്റി കേട്ട പ്രഭാഷണം പഴയ കൗതുകത്തെ പുനരുജ്ജീവിപ്പിച്ചു. പ്രഭാഷകനെ കണ്ടെത്തി കൂടുതൽ കാര്യങ്ങൾ പഠിച്ചു. അങ്ങനെ തേനീച്ച പെട്ടികൾ സ്വന്തമാക്കി സ്വന്തം പുരയിടത്തിൽ തന്നെ വച്ചു. അത്യുൽസാഹം കൊണ്ട് തുടർച്ചയായി ചെയ്തു; ശാസ്ത്രീയമായ പരിശീലനം നേടി; അനുബന്ധ സാമഗ്രികൾ സ്വന്തമാക്കി. തുടക്കത്തിൽ 25-30 തേനീച്ച കോളണികളായിരുന്നെങ്കിൽ ഇന്ന് 300 ലധികം കോളനികളുണ്ട്. ആയിരത്തിലധികം പേരെ തേനീച്ചക്കൃഷിയിലേക്ക് കൊണ്ടുവന്നു. 

തേനീച്ച കൃഷിയുടെ ഗുണങ്ങൾ രാധാകൃഷ്ണൻ നായർ പറയും: "കായികാധ്വാനം വേണ്ട. കുട്ടികൾക്കു വരെ ചെയ്യാൻ പറ്റുന്നതാണ്. സ്ഥിരജോലി ഉള്ളവർക്കും സമയം കണ്ടെത്താൻ പ്രശ്നമില്ല. ആഴ്ചയിലൊരിക്കൽ മാത്രമേ പരിപാലനം വേണ്ടൂ. സ്വന്തമായി ഒരു സെൻ്റ് ഭൂമിയില്ലാത്തവർക്കും ചെയ്യാൻ പറ്റും. ഇതിനൊക്കെ പുറമേ, തേനീച്ച കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ കൂടുതൽ പരാഗണം നടക്കുന്നതിനാൽ ഏകദേശം 30 ശതമാനത്തോളം വിളവ്‌ കൂടുകയും ചെയ്യും." വൻതേനീച്ചയുടെ കൃഷിയാണ് കൂടുതൽ ചെയ്യുന്നത്. ചെറുതേനീച്ചയുടെ കൃഷി എളുപ്പമാണെങ്കിലും ആദായം കുറവായിരിക്കും. പക്ഷേ, വിപണിയിൽ ലഭ്യമല്ലാത്ത ശുദ്ധവും അമൂല്യ ഗുണങ്ങളുമുള്ള ചെറുതേൻ സ്വന്തമായി ഉണ്ടാക്കാൻ പറ്റും. റബർ തോട്ടങ്ങളും തെങ്ങിൻ പൂക്കുലകളുമാണ് കൂടുതലായി തേനീച്ച കോളനികൾ വയ്ക്കാൻ ഉപയോഗിക്കുന്നത്.

honey 1

കാലാവസ്ഥ അനുകൂലമായി കിട്ടിയാൽ ഒരു കോളനിയിൽ നിന്നു തന്നെ എട്ട് കിലോ തേനെങ്കിലും കിട്ടും. ഒരു കിലോ ശുദ്ധമായ തേനിന് കിലോയ്ക്ക് 300 രൂപ വച്ച് 2400 രൂപയെങ്കിലും ഒരു കോളണിയിൽ നിന്ന് കിട്ടുമെന്നതാണ് തേനീച്ചക്കൃഷിയുടെ ആകർഷകത്വം. "പെൻഷൻ കിട്ടാൻ ബുദ്ധിമുട്ട് വന്നപ്പോഴും തേനീച്ച കൃഷിയാണ് രക്ഷിച്ച" തെന്ന് രാധാകൃഷ്ണൻ നായർ പറഞ്ഞു. തേനീച്ച കോളണികൾ സ്ഥാപിക്കുന്നത് പുരയിടത്തിലെ വിളവിനെയും ഗണ്യമായി വർദ്ധിപ്പിക്കുന്നതു കൊണ്ട് ഉടമസ്ഥർക്കും താൽപര്യമുള്ള കാര്യമാണെന്ന് രാധാകൃഷ്ണൻ നായരുടെ അനുഭവം. എന്നാൽ ശാസ്ത്രീയമായ പരിശീലനം നേടുകയും തേനീച്ചക്കൃഷി ചെയ്യുന്ന കർഷകരുടെ കൂടെ നിന്ന് കാര്യങ്ങൾ മനസ്സിലാക്കുകയും വേണം. പിന്നെ, തേനീച്ചയുടെ കുത്തിൻ്റെ കാര്യം. അതിനുമുണ്ട് രാധാകൃഷ്ണൻ നായർക്ക് ഉത്തരം: "കുത്തു കിട്ടാതെ തേനീച്ച കൃഷി ചെയ്യാൻ പറ്റില്ല. പക്ഷേ, ആദ്യമൊക്കെയേ കുത്തു കിട്ടിയാൽ വേദനയും നീരുമൊക്കെയുള്ളൂ. അത് ഭയക്കേണ്ട കാര്യമില്ല. മാത്രമല്ല, തേനീച്ചകുത്ത് ( honey venom) ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുകയും ചെയ്യും." 

രാധാകൃഷ്ണൻ നായർക്ക് സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട് ഉണ്ടാക്കുന്ന തേൻ വാങ്ങാൻ. വിദേശികളും എത്താറുണ്ട് ഈ കോളണികൾ കാണാൻ.ഒരു വീട്ടിൽ ഒരു തേനീച്ച കോളണിയെങ്കിലും വേണമെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. തിരുവനന്തപുരം മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ തേനീച്ച കൃഷിയുടെ മാസ്റ്റർ ട്രെയിനർ കൂടിയാണ് രാധാകൃഷ്ണൻ നായർ. പരാഗണത്തിലൂടെ വിളവ് വർദ്ധിപ്പിക്കാനും അങ്ങനെ ഭക്ഷ്യ സുരക്ഷയും നാടിൻ്റെ ഗുണവും മെച്ചപ്പെടുത്താനും തേനീച്ച കൃഷി ബെസ്റ്റ്. 

രാധാകൃഷ്ണൻ നായർ

94465 58461

Tags:
  • Vanitha Veedu