Monday 26 April 2021 04:28 PM IST : By സിനു ചെറിയാൻ

ഇടിയും മിന്നലുമേറ്റ് വൈദ്യുതോപകരണങ്ങൾ നശിച്ചാൽ ഇൻഷ്വറൻസ് ലഭിക്കുമോ? വിശദമായി അറിയാം

electric-holds

വൈകിട്ട് ഇടിയും മിന്നലും ഉണ്ടോ...? എങ്കിൽ ഇക്കാര്യമൊന്ന് ശ്രദ്ധിച്ചോളൂ വൈദ്യുതി ഉപകരണങ്ങൾ ഇൻഷ്വർ ചെയ്ത് സംരക്ഷിക്കാം. ഇടിമിന്നലിൽ കേടുസംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കും

വേനൽമഴയോടൊപ്പം ഇടിയും മിന്നലും പതിവായിരിക്കുന്നു. ഒപ്പം മിന്നലിൽ വീട്ടുപകരണങ്ങൾ കേടായി എന്ന പരാതിയും. ടിവി, റഫ്രിജറേറ്റർ, ഫാൻ, കംപ്യൂട്ടർ തുടങ്ങി വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾക്കായിരിക്കും മിന്നലിൽ കേടുപറ്റുക. മിന്നലിനെ തടുക്കാനാകില്ലെങ്കിലും ഇതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ നികത്താൻ മാർഗമുണ്ട്.

ഹൗസ് ഹോൾഡേഴ്സ് ഇൻഷുറൻസ് പാക്കേജ്, ഫയർ ഇൻഷുറൻസ്, ബ്രേക്ഡൗൺ ഇൻഷുറൻസ് എന്നിവയിലൂടെ വീടും വീട്ടുപകരണങ്ങളും ഇൻഷ്വർ ചെയ്ത് സംരക്ഷിക്കാം. പൊതുമേഖലയ്ക്കൊപ്പം സ്വകാര്യ ഇൻഷുറൻസ് കമ്പനികളും ഇത്തരത്തിലുള്ള സേവനം നൻകുന്നുണ്ട്.

ഹൗസ് ഹോൾഡേഴ്സ് പാക്കേജ്

വീടിനും വീട്ടുപകരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പോളിസിയാണിത്. പൊതുമേഖലാ കമ്പനികളുടെ പാക്കേജ് പോളിസിയിൽ തീപിടുത്തം, മിന്നൽ, മോഷണം, വെള്ളപ്പൊക്കം, ഭൂമികുലുക്കം, ചുഴലിക്കാറ്റ് തുടങ്ങി പന്ത്രണ്ടോളം ദുരന്തങ്ങൾ കാരണമുണ്ടാകുന്ന നഷ്ടത്തിന് പരിരക്ഷ ലഭിക്കും. ഏതെല്ലാം കാര്യങ്ങളിൽ പരിരക്ഷ വേണം എന്ന് വീട്ടുകാർക്ക് തിരഞ്ഞെടുക്കുകയുമാകാം.

ടിവി, റഫ്രിജറേറ്റർ, കംപ്യൂട്ടർ തുടങ്ങിയ വൈദ്യുതോപകരണങ്ങൾക്ക് കേട് സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ളതാണ് ബ്രേക്ഡൗൺ ഇൻഷുറൻസ്. ഇടിമിന്നൽ, ഷോർട്ട്സർക്യൂട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തീപിടുത്തവും അനുബന്ധ റിസ്ക് കവറേജുമാണ് ഇത്തരം പോളിസി നൽകുന്നത്.

വൈദ്യുത ഉപകരണങ്ങൾ അവയുടെ മാർക്കറ്റ് വിലയ്ക്കു തന്നെ ഇൻഷ്വർ ചെയ്യുന്നതാണ് നല്ലത്. മോഡൽ, നിർമിച്ച വർഷം, സീരിയൽ നമ്പർ തുടങ്ങിയ വിവരങ്ങൾ കൃത്യമായി കാണിക്കണം. ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള ഉദ്യോഗസ്ഥൻ വീട്ടിലെത്തി പരിശോധിച്ചു ബോധ്യപ്പെട്ട ശേഷമായിരിക്കും പോളിസി അനുവദിക്കുക.

ഉപകരണങ്ങൾക്ക് എന്തെങ്കിലും കേടുപറ്റിയാൽ ഇൻഷുറൻസ് കമ്പനിയെ അറിയിക്കണം. സർവെയർ എത്തി നശനഷ്ടം കണക്കാക്കിയ ശേഷമെ നന്നാക്കാൻ നൽകാവൂ.

വിവരങ്ങൾക്കു കടപ്പാട്:

നാഷനൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്

ദ് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ്