Friday 05 June 2020 05:00 PM IST : By സ്വന്തം ലേഖകൻ

പെട്രോളും ഡീസലുമൊന്നും കത്തിച്ച് ഭൂമിയെ ശ്വാസം മുട്ടിക്കേണ്ട; കാർ വിറ്റ് സൈക്കിൾ വാങ്ങി ആർക്കിടെക്ട്! പരിസ്ഥിതി ദിനത്തിൽ പ്രതീക്ഷ പകരുന്നൊരു കാഴ്ച...

hassan556

ഹോണ്ട ഡബ്ല്യൂആർവി വിറ്റ് സൈക്കിൾ വാങ്ങിയിയിരിക്കുകയാണ് ആർക്കിടെക്ട് ഹസൻ നസീഫ്. ഇപ്പോൾ വീട്ടിൽ നിന്ന്  ഓഫിസിൽ പോകുന്നതും തിരികെ വരുന്നതും സൈക്കിളിൽ. തിരുവനന്തപുരം അഴീക്കോട്ടെ വീട്ടിൽ നിന്ന് തൈക്കാട്ടുള്ള ഓഫിസിലേക്ക് 12 കിലോമീറ്ററാണ് ദൂരം. കാറിൽ പോകുമ്പോൾ 25 മിനിറ്റ് വേണ്ടിയിരുന്നിടത്ത് സൈക്കിൾ 20 മിനിറ്റുകൊണ്ട് എത്തുന്നുണ്ട്. 

പ്രവൃത്തികൾ പരിസ്ഥിതിക്ക് ദോഷമാകരുതെന്നും ജീവിതശൈലി ലളിതമാക്കാണമെന്നുമുള്ള ആഗ്രഹമാണ് സൈക്ക‌ിൾ വാങ്ങാൻ കാരണം. സൈക്കിളാകുമ്പോൾ പെട്രോളും ഡീസലുമൊന്നും കത്തിച്ച് ഭൂമിയെ ശ്വാസം മുട്ടിക്കേണ്ട. ട്രാഫിക് ബ്ലോക്കുണ്ടാക്കി സഹജീവികളുടെ സ്വൈര്യം കെടുത്തുകയും വേണ്ട. 

ചുറ്റുമുള്ള ലോകം കുറച്ചു കൂടി അടുത്തു കാണാൻ കഴിയുന്നു എന്നതാണ് സൈക്കിൾ യാത്ര കൊണ്ടുള്ള പ്രധാന നേട്ടമെന്ന് ഹസൻ നസീഫ് പറയുന്നു. ‘‘ ചുറ്റും ഉണ്ടായിരുന്ന ഏതൊക്കെയോ മതിലുകൾ മാഞ്ഞുപോയ അനുഭവമാണ് സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ. ഡീസലിന് പൈസ ചെലവാക്കേണ്ട എന്നു മാത്രമല്ല, യാത്ര തന്നെ നല്ല വ്യായാമവുമാകും.’’ 

മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ പോകുന്ന ഗിയർ സംവിധാനമുള്ള സൈക്കിളാണ് നസീഫിന്റേത്. 30,000 രൂപയാണ് വില. 

ഭാര്യയും ഓഫിസിലെ സഹപ്രവർത്തകരും ഉൾപ്പെടെ പത്തുപേർ പുതിയ സൈക്കിൾ ബുക്ക് ചെയ്തു കഴിഞ്ഞു. പരിസ്ഥിതി സ്നേഹം പ്രസംഗത്തിൽ മാത്രം ഒതുക്കാതെ പ്രാവർത്തികമാക്കി കാട്ടുന്നവരുടെ എണ്ണം കൂടുന്നതിന്റെ സന്തോഷത്തിലാണ് നസീഫ്.

Tags:
  • Vanitha Veedu