Tuesday 25 June 2019 04:40 PM IST : By സ്വന്തം ലേഖകൻ

നാപ്കിൻ മുതൽ ബെഡ്ഷീറ്റ് വരെ; മലയാളിയുടെ ഈരെഴത്തോർത്ത് ഈ തറിയിൽ പുനർജനിക്കുന്നു; ഇന്ദുവിന്റെ വിജയഗാഥ

kara

മലയാളിയുടെ പ്രഭാതം തുടങ്ങുന്നതേ ഈരെഴത്തോർത്തിൽ മുഖം തുടച്ചാണ്. എന്നാൽ മെഷീനുകളുടെ വരവോടെ കൈത്തറിയിൽ തോർത്തിന്റെ ആവശ്യക്കാർ കുറഞ്ഞു. തൊഴിലാളികൾ പട്ടിണിയായി. കൈത്തറിയുമായി ബന്ധപ്പെട്ട ഒരു ഗവേഷണത്തിനിടയിലാണ് തോർത്ത് നെയ്യുന്നവരുടെ പ്രശ്നങ്ങൾ കോട്ടയം കടുത്തുരുത്തി സ്വദേശി ഇന്ദു മേനോന്റെ ശ്രദ്ധയിൽപ്പെട്ടത്. തോർത്തിനെ എങ്ങനെ മൂല്യവർദ്ധിത ഉൽപന്നമാക്കി മാറ്റാം എന്ന ഇന്ദുവിന്റെ ചിന്ത ‘കര’ എന്ന ബ്രാൻഡിന്റെ ജനനത്തിനു കാരണമായി. തോർത്ത് നെയ്യുന്ന തറിയിൽ വസ്ത്രങ്ങളും ബാത്ടവൽപോലുള്ള നിത്യോപയോഗസാധനങ്ങളും നിർമിച്ച് വിദേശത്തേക്ക് കയറ്റിയച്ച് തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം നൽകുന്നു കര.

kara-4
kara-3

ആഗോളതലത്തിൽ ശ്രദ്ധനേടുന്ന ഉൽപന്നങ്ങൾക്കേ കൈത്തറിയെ രക്ഷിക്കാനാകൂ എന്ന ലക്ഷ്യത്തോടെയാണ് ഇന്ദുവും ഗ്രാഫിക് ഡിസൈനറായ മകൾ ചിത്രയും ഉൽപന്നങ്ങൾ ഡിസൈൻ ചെയ്തത്. സാധാരണ ഈരെഴത്തോർത്തിനേക്കാൾ ഇഴയടുപ്പം കൂടുതലാണ് കരയുടെ ഉൽപന്നങ്ങൾക്ക്. ബാത്ത് ടവൽ, ബീച്ചിലും ചൂട് കൂടിയ കാലാവസ്ഥയിലും ധരിക്കാവുന്ന വസ്ത്രങ്ങൾ, നാപ്കിനുകൾ, ഷാളുകൾ, കുട്ടികളെ കിടത്താനുള്ള പായകൾ ഒട്ടേറെ ഉൽപന്നങ്ങൾ ഈ തറികളിൽ ജനിക്കുന്നു. വീട്ടിലേക്ക് ആവശ്യമായ കിടക്കവിരിയും കർട്ടനുകളും കുഷനുകളും മേശവിരിയുമെല്ലാം ആവശ്യക്കാർക്ക് നിർമിച്ചുകൊടുക്കാനും കര ടീം തയാറാണ്. സ്പോർട്സ്‌വെയറുകളാണ് ശ്രദ്ധ പതിപ്പിക്കുന്ന മറ്റൊരു രംഗം. വിംബിൾഡൺ പോലുള്ള വലിയ മൽസരങ്ങളിൽ കരയുടെ ഉൽപന്നങ്ങൾ സ്ഥാനം പിടിക്കുന്ന ദിവസത്തിനുവേണ്ടി കാത്തിരിക്കുകയാണ് ഇന്ദു മേനോനും കര ടീമും.

kara-1
kara-2