Thursday 27 May 2021 05:00 PM IST : By അഡ്വ: അൻസിൽ സക്കറിയ കോമാട്ട്

പൊതുനിരത്തിൽ നിന്ന് വഴിയില്ലാത്ത പ്ലോട്ടിലേക്ക് നിലവിലുള്ള സ്വകാര്യവഴി തുടർന്നും ഉപയോഗിക്കാമോ? വഴിതർക്കം ഇല്ലാതിരിക്കാന്‍ ചെയ്യേണ്ടത്

law new 1

വസ്തു വിൽപനയുമായി ബന്ധപ്പെട്ട് പിന്നീട് ഏറ്റവും അധികം തർക്കം ഉണ്ടാകുന്ന മേഖലകളിലൊന്നാണ് വഴി. വസ്തുവിലേക്കുള്ള വഴി അളന്ന് തിട്ടപ്പെടുത്തി പ്രമാണം റജിസ്റ്റർ ചെയ്യാത്തതാണ് പ്രശ്നങ്ങൾക്കൊക്കെ കാരണം. പൊതുനിരത്തിൽ നിന്ന് നേരിട്ട് പ്രവേശിക്കാനാകാത്ത പ്ലോട്ടുകളുടെ കാര്യത്തിൽ നിലവിലുള്ള സ്വകാര്യവഴി തുടർന്നും ഉപയോഗിക്കാം എന്ന് കരുതുകയോ അല്ലെങ്കിൽ വാക്കാലുള്ള ഉറപ്പിന്മേൽ സ്ഥലം വഴിയായി ഉപയോഗിക്കുകയോ ആണ് മിക്കവരും ചെയ്യുന്നത്. ഈ അനുവാദം എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയും എന്ന കാര്യം പലരും ഓർക്കാറില്ല. ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നം നേരിടുകയോ അല്ലെങ്കിൽ വഴി ഇല്ലാത്തതിന്റെ പേരിൽ ബാങ്ക് ലോൺ കിട്ടാതിരിക്കുകയോ ചെയ്യുമ്പോഴാണ് പലർക്കും അബദ്ധം മനസ്സിലാകുക.

വസ്തുകൈമാറ്റം റജിസ്റ്റർ ചെയ്യണമെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യൻ റജിസ്ട്രേഷൻ ആക്റ്റ് ഇത് നിർബന്ധമാക്കിയിട്ടുണ്ട്. റജിസ്ട്രേഷൻ നിയമത്തിലെ 17 –ാം വകുപ്പ് പ്രകാരം നൂറ് രൂപയ്ക്കു മുകളിലുള്ള ഏത് വസ്തുകൈമാറ്റവും ബന്ധപ്പെട്ട സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്തിരിക്കണം. നിശ്ചിത തുകയുടെ സ്റ്റാംപ് ഫീസ് അടച്ച് റജിസ്റ്റർ ചെയ്ത വസ്തുകൈമാറ്റങ്ങളേ നിയമപരമായി നിലനിൽക്കൂ എന്ന് 2012 ൽ സൂരജ് ലാംപയും ഹരിയാന സർക്കാരും തമ്മിലുള്ള കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. വിൽപന കരാറിന്റെയോ അഡ്വാൻസ് തുക നൽകിയതിന്റെയോ മാത്രം അടിസ്ഥാനത്തിൽ വസ്തുവിൽ യാതൊരു ഉടമസ്ഥാവകാശവും ലഭിക്കുന്നതല്ല.

ആധാരം റജിസ്റ്റർ ചെയ്യുമ്പോൾ വസ്തുവിന്റെ റവന്യൂ വിശദാംശങ്ങൾക്കും അവിടെയുള്ള വീടിന്റെ നമ്പറിനും ഒപ്പം അവിടേക്കുള്ള വഴിയുടെ നീളം, വീതി, അളവ് എന്നിവയും ഉൾപ്പെടുത്തണം. സ്ഥാവര വസ്തുവിന്റെ വിശദീകരണത്തിൽ ‘വഴിനടക്കാനുള്ള അവകാശവും (Right of Way) ഉൾപ്പെടും എന്ന കാര്യം പ്രത്യേകം ഓർക്കണം. വിൽപന കരാർ റജിസ്റ്റർ ചെയ്യാത്ത പക്ഷം വഴിയെപ്പറ്റി യാതൊരു അവകാശവും ഉന്നയിക്കാനാവില്ല എന്നത് വ്യക്തമാണ്.വസ്തുകൈമാറ്റ നിയമത്തിലെ മൂന്നും എട്ടും വകുപ്പുകൾ പ്രകാരം പ്രമാണത്തിൽ വസ്തുവിലുള്ള വീടിനെപ്പറ്റി പ്രത്യേകം പരാമർശിച്ചിട്ടില്ലെങ്കിലും, വീടിന്മേലുള്ള അവകാശം ഒഴിവാക്കിയതായി സൂചിപ്പിച്ചിട്ടില്ലെങ്കിൽ പ്രസ്തുത വീടിന്മേൽ അവകാശം ലഭിക്കുന്നതാണ്. എന്നാൽ, വഴിയുടെ കാര്യം അങ്ങനെയല്ല. അവകാശം വേണമെങ്കിൽ പ്രമാണത്തിൽ അത് ഉൾപെടുത്തിയിരിക്കണം.

പ്ലോട്ടുകളായി തിരിച്ച വസ്തു വാങ്ങുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വഴി തന്നെ പല വീട്ടുകാർ ഉപയോഗിക്കുന്ന സംവിധാനമാണ് ഇവിടെ ഉണ്ടാകുക. ‘സ്വകാര്യ വഴി’ എന്നായിരിക്കും പ്രമാണത്തിൽ രേഖപ്പെടുത്തുക. സ്വകാര്യവഴിയിലുള്ള ഗതാഗത അവകാശം കൃത്യമായി പരാമർശിക്കാത്ത പക്ഷം പിന്നീട് എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ കാര്യങ്ങൾ സങ്കീർണമാകാം. വഴിയിന്മേൽ ഓരോ വീട്ടുകാരനുമുള്ള അവകാശം വിശദമാക്കി പ്രമാണം റജിസ്റ്റർ ചെയ്യുക മാത്രമാണ് പോംവഴി. ഇതിനു പകരം നൂറ് രൂപ പത്രത്തിൽ കരാർ എഴുതി വഴി ഉപയോഗിക്കുന്ന വീട്ടുകാർക്കെല്ലാം നൽകുകയാണ് പലരും ചെയ്യുന്നത്. ഇതിന് നിയമസാധുതയില്ല എന്ന കാര്യം ഓർക്കണം.പ്രമാണം റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് വസ്തുവും വഴിയും അളന്ന് തിട്ടപ്പെടുത്തണം. ഇതിനു പകരം മുൻ പ്രമാണങ്ങളിലെ വിസ്തീർണം അതേപടി രേഖപ്പെടുത്തുകയാണ് പലരും ചെയ്യുന്നത്. അളന്ന് തിട്ടപ്പെടുത്തിയ വസ്തുവിന് മാത്രം പണം നൽകുക.

Tags:
  • Vanitha Veedu