Tuesday 21 July 2020 03:49 PM IST : By സ്വന്തം ലേഖകൻ

മറന്നുപോകുന്ന വാസ്തുവിദ്യയുടെ തനിമയുമായി ജലവന്തി; വരുംതലമുറയും അറിയണം കേരളീയ നിർമാണശൈലിയുടെ തനിമ

1

കേരളീയ വാസ്തുകലയുടെ ഉത്തമോദാഹരണങ്ങളായ കെട്ടിടങ്ങളിൽ ഒന്നാണ് ജലവന്തി. ജലത്തിനു മുകളിലുള്ള കെട്ടിടമാണ് ജലവന്തി. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ ശ്രീവല്ലഭക്ഷേത്രത്തിന്റെ ഭാഗമായ കെട്ടിടമാണ് ജലവന്തി. 400 വർഷത്തിലേറെ പഴക്കമുണ്ട് ഈ കെട്ടിടത്തിന് എന്നാണ് വിശ്വാസം. വേണ്ടത്ര അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാൽ ജീർണാവസ്ഥയിലാണ് ഇപ്പോൾ ജലവന്തി. ഓടുപൊട്ടി മഴവെള്ളം വീണും ജനൽവാതിലുകൾ ദ്രവിച്ചുമുണ്ടാകുന്ന പ്രശ്നങ്ങളാണ് കൂടുതലും.

3

ക്ഷേത്രത്തിലെ തീർഥക്കുളത്തിനു മുകളിലാണ് മൂന്ന് നിലയുള്ള ജലവന്തി നിർമിച്ചിരിക്കുന്നത്. മുകളിലെ രണ്ട് നിലകൾ 25 ശതമാനം വെള്ളത്തിന്റെ മുകളിലേക്ക് നിൽക്കുന്ന രീതിയിലാണ് നിർമാണം. കുളം ഉപയോഗിക്കുന്നവർക്ക് മഴയും വെയിലും കൊള്ളാതിരിക്കാനുള്ള സംവിധാനം കൂടിയാണിത്. കരിങ്കൽ തൂണുകളിൽ താങ്ങി നിൽക്കുന്ന വെട്ടുകല്ലിൽ നിർമിച്ച കെട്ടിടമാണിത്. ആദ്യത്തെ രണ്ട് നിലകൾ തടികൊണ്ടുള്ള മച്ചും മൂകളിലെ നില തടി കൊണ്ടുള്ള കൂരയിൽ ഓടിട്ട നിലയിലുമാണ്. കുമ്മായത്തേപ്പുള്ള ഈ കെട്ടിടത്തിന്റെ ഏറ്റവും വലിയ കൗതുകം ഇതിന്റെ ഉത്തരമാണ്. ഏകദേശം എട്ട് മീറ്റർ നീളം വരുന്ന കരിങ്കല്ലുകൊണ്ടാണ് ഉത്തരം നിർമിച്ചിരിക്കുന്നത്. കഴുക്കോലും മറ്റു ഭാഗങ്ങളും തടിതന്നെയാണ്.

2

തീർഥക്കുളത്തിൽ കുളിച്ചാണ് ക്ഷേത്രത്തിലെ പൂജയും മറ്റു താന്ത്രികക്രിയകളും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ബ്രാഹ്മണർക്കു വിശ്രമിക്കാനുള്ള കെട്ടിടമായാണ് ജലവന്തി ഉപയോഗിച്ചിരുന്നത്. പഴയ വീടുകളിലേതുപോലെ ബാത്റൂം ഒഴികേയുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നു. ദുർവാസാവിന്റെ സാന്നിധ്യമുണ്ടെന്ന വിശ്വാസത്തിൽ മൂന്ന് പൂജയ്ക്കിടയിലും ഹവിസ്സ് തൂവുന്നതിനാൽ ജലവന്തി ക്ഷേത്രത്തിന്റെ ഒരു അവിഭാജ്യഘടകം കൂടിയാണ്. പെരുന്തച്ചൻ ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കുന്ന ഗരുഡമാടത്തറയാണ് തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ മറ്റൊരു അദ്ഭുതം. ഒറ്റക്കല്ലുകൊണ്ടുള്ള കൊടിമരവും മുകളിലെ പഞ്ചലോഹം കൊണ്ടുള്ള ഗരുഡവിഗ്രഹവുമാണിത്. 55 അടിപൊക്കത്തിലുള്ള ഈ കൊടിമരത്തിന് ചരിവുവന്നതിനെത്തുടർന്ന് ചുറ്റും ഭിത്തികെട്ടി സംരക്ഷിക്കുകയായിരുന്നു. തദ്ദേശീയമായി ഉണ്ടായിരുന്ന നിർമാണവിദ്യകളെക്കുറിച്ച് വരുംതലമുറയ്ക്കും അറിവുനൽകാൻ സഹായിക്കുന്നവ എന്നതിനാൽ ഇത്തരം കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടവയാണ്.