Friday 17 April 2020 03:46 PM IST : By സിനു ചെറിയാൻ

ഈ വെളിച്ചത്തിനു പിന്നിൽ പഴയ തടിയും പൈപ്പും; പഴയ തടിക്കഷണത്തെ രമേശൻ മാറ്റുന്നത് ഇങ്ങനെ..

1

വീടുപണിയിൽ ബാക്കി വരുന്ന തടിക്കഷണങ്ങളും പിവിസി പൈപ്പുമൊക്കെ അടിപൊളി ലൈറ്റുകളായി മാറ്റുകയാണ് ചേർത്തല അരൂക്കുറ്റി സ്വദേശി എൻ.കെ രമേശൻ.മിക്കവരും വെറുതേ വലിച്ചെറിഞ്ഞു കളയുന്ന ചെറിയ കഷണങ്ങളാണ് രമേശൻ ആകർഷകങ്ങളായ ലൈറ്റ് ഫിക്സ്ചറുകളാക്കി മാറ്റുന്നത്.  വീടിനോട് ചേർന്ന ചെറിയ വർക്‌ഷോപ് തന്നെയാണ് ഇതിനുള്ള പണിശാല. പാഴ്‌വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിച്ചത് എന്ന് ലൈറ്റ് കണ്ടാൽ പറയില്ല എന്നതിലാണ് രമേശന്റെ വിജയം. ട്രെഡീഷനൽ, ആന്റിക് ഡിസൈനിലുള്ള ലൈറ്റുകളാണ് തടി കൊണ്ട് കൂടുതലായും നിർമിക്കുന്നത്. ആവശ്യാനുസരണം സിഎഫ്എൽ, എൽഇഡി ബൾബുകളൊക്കെ ഇതിൽ പിടിപ്പിക്കാം.

2

ഇന്റീരിയർ ഡിസൈനറായ രമേശന്റെ മുഖ്യ വിനോദമാണ് ലൈറ്റ് നിർമാണം. പത്ത് വർഷത്തിലേറെയായി ഈ കമ്പം തുടങ്ങിയിട്ട്. വ്യത്യസ്ത മോഡലിലുള്ള ലൈറ്റുകൾക്കായി റിസോർട്ടുകളും ഹോം സ്റ്റേകളും സമീപിച്ചു തുടങ്ങിയതോടെ സാമാന്യം നല്ല വരുമാനവും ലഭിക്കുന്നുണ്ട്.  കസ്റ്റംമെയ്ഡ് ഡിസൈനിലുള്ള ലൈറ്റുകളാണ് അവർക്ക് വേണ്ടത്. ഫെയ്സ്ബുക്കിലൂടെയും മറ്റും ലൈറ്റിന്റെ ഫോട്ടോ കണ്ട് ഇപ്പോൾ വീട്ടുകാരും എത്തുന്നുണ്ടെന്ന് രമേശൻ പറയുന്നു. പഴയ ടൈപ്പ് റൈറ്റർ, ഗ്യാസ് സ്റ്റൗ എന്നിവയും ലൈറ്റ് ആയി പരിവർത്തനപ്പെടുത്തിയിട്ടുണ്ട്. കൗതുകമുണർത്തുന്ന ഇത്തരം ലൈറ്റുകൾക്ക് ആവശ്യക്കാർ ഏറെയാണ്.