Wednesday 28 August 2019 04:34 PM IST : By സ്വന്തം ലേഖകൻ

പ്രളയബാധിതർക്ക് ആശ്വാസമായി ഒറ്റ ദിവസം കൊണ്ട് നിർമ്മിക്കാവുന്ന പ്രീ ഫാബ്രിക്കേറ്റഡ് വീട്; പദ്ധതി കേരളത്തിലും

pre-f

ഒറ്റ ദിവസം കൊണ്ട് പണി പൂർത്തിയായ വീട്, കേരളത്തിലെ ആദ്യത്തെ പ്രീ ഫാബ്രിക്കേറ്റഡ് വീട്, പ്രകൃതി വിഭവങ്ങൾ ദുരുപയോഗം ചെയ്യാതെ നിർമിച്ച വീട്... ഇരിങ്ങാലക്കുടയിലെ വീടിനു വിശേഷണങ്ങൾ ഏറെയാണ്.

സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടതിൽ അർഹരായവർക്കു വീടെന്ന സ്വപ്‌നം യാ‌ഥാർഥ്യമാക്കാൻ ബെംഗളൂരു ആസ്ഥാനമായ ഫൈസൽ & ഷബാന ഫൗണ്ടേഷൻ എന്ന സ്ഥാപനം രംഗത്തുവരുന്നു. അനുഭാവപൂർവം ഇത് സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ അർഹരെ കണ്ടെത്താൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകി. തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്ത്, പദ്ധതിക്ക് ആദ്യമായി പച്ചക്കൊടി കാണിക്കുന്നു.

pf-9

ഒരു ദിവസം കൊണ്ട് വീട്

മുരിയാട് പഞ്ചായത്തിലെ പത്താം വാർഡിൽ താമസിക്കുന്ന ചന്ദ്രൻ ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച സംസ്ഥാനത്തെ ആദ്യത്തെ പ്രീ ഫാബ്രിക്കേറ്റഡ് വീടിന്റെ ഉടമ‍യായി. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ചന്ദ്രന്റെയും ഭാര്യ ശാര‍ദയുടെയും കൺമുന്നിൽ ഒറ്റ ദിവസം കൊണ്ട് സ്വപ്ന ഭവനം ഉയർന്നത്.

pf5
pf3

ബെംഗളൂരു കേന്ദ്രമായ ഫൈസൽ&ഷബാന ഫൗണ്ടേഷനാണ് വീട് നിർമിച്ചു നൽകിയത്. ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള കെ ഇഎഫ് കട്ടേര എന്ന സ്ഥാപനം ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്ര വേഗത്തിൽ വീട് യാഥാർഥ്യമാക്കിയത്.

നിർമാണമിങ്ങനെ

പ്രളയ ബാധിത പ്രദേശമായതുകൊണ്ടു തന്നെ ഉറപ്പും ഉയരവും കൂട്ടിയാണ് തറ പണിതത്. ത‍ൃശൂരിലെ നിർമിതി കേന്ദ്രയാണ് ഇതു ചെയ്തത്. അതിനു മുകളിൽ ടൈൽ ഉറപ്പിച്ച മൂന്ന് കോൺക്രീറ്റ് പാനൽ സ്ഥാപിച്ച് തറയുടെ നിർമാണം പൂർത്തിയാക്കി. 120mm കനമുള്ള നാല് കോൺക്രീറ്റ് വോൾ പാനൽ കൊണ്ടാണ് ഭിത്തികൾ നിർമിച്ചത്. മുറികൾ തിരിക്കാനും നാല് പാനൽ വേണ്ടിവന്നു. വാതിലുകൾ, ജനലുകൾ, സാനിറ്ററി ഫിറ്റിങ്സ്, ഇലക്ട്രിക്കൽ, പ്ലമിങ് വർക്ക് എല്ലാം പാനലിൽ ആദ്യമേ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു.

pf7
pf

പാനലുകൾ ഉറപ്പിക്കാൻ നട്ടും ബോൾട്ടും ഉപയോഗിച്ചുള്ള മെക്കാനിക്കൽ കണക്‌ഷൻ രീതിയാണ് അവലംബിച്ചത്. 12 സാങ്കേതിക വിദഗ്ധരാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. 400ചതുരശ്രയടിയുള്ള വീടിന് രണ്ട് കിടപ്പുമുറികളും അടുക്കളയും ശുചിമുറിയുമുണ്ട്.

pf2

ക്രെയ്ൻ ഉപയോഗിച്ചാണ് കോൺക്രീറ്റ് പാനലുകൾ ഉറപ്പിച്ചത്. ചെറിയ ചില മിനുക്കു പണികളും കൂടി നടത്തിയതോടെ വീടുപണി നൊടിയിടയിൽ പൂർത്തിയായി. വീട്ടിലേ ക്കാവശ്യമായ ഫർണിച്ചറും നൽകി. പ്രകൃതിവിഭവങ്ങൾ ദുരുപയോഗം ചെയ്യാതെ നിർമിച്ച ഈ വീട് കേരളത്തിന് മാതൃകയാണ്.

pf6