Thursday 13 June 2019 02:06 PM IST : By സ്വന്തം ലേഖകൻ

‘വരൾച്ചയെ ഞങ്ങളെന്തിന് പേടിക്കണം?’; മഴവെള്ള സംഭരണത്തിലൂടെ ജലക്ഷാമം മറികടന്നവർ പറയുന്നു

rain

ജലനിരപ്പ് താഴുന്നതിലെ അപകടം മുൻകൂട്ടി കണ്ടു. ഇപ്പോൾ ടെൻഷൻ ഇല്ല

കെ.ടി. ഫീലിപ്പോസ്, കുന്നേറ്റുകര, സൗത്ത് പാമ്പാടി

കിണറ്റിലെ ജലനിരപ്പ് താഴുന്നതിലെ അപകടം മുൻകൂട്ടി കണ്ടാണ് അഞ്ച് വർഷം മുൻപ് കെ.ടി. ഫീലിപ്പോസ് മഴവെള്ള സംഭരണി നിർമിച്ചത്. രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും പേടിച്ചതു പോലെ കിണർ വറ്റിത്തുടങ്ങി. 25,000 ലീറ്റർ ശുദ്ധജലമുള്ളതിനാൽ ഫീലിപ്പോസിനും കുടുംബത്തിനും ഒട്ടും ആധിയില്ല. മഴവെള്ള സംഭരണി നിറഞ്ഞ ശേഷമുള്ള വെള്ളം കടത്തിവിടുന്നതിനാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ കിണർ ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയുമുണ്ട്.

rain-1

മഴക്കാലത്തും കിണറ്റിലെ വെള്ളം ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല

കെ.വി. ബിൻല

ജിനി നിവാസ്, കണ്ണാടിപ്പറമ്പ്, കണ്ണൂർ

മഴക്കാലത്തു പോലും കിണറ്റിലെ വെള്ളം ഉപയോഗിക്കാനാകാത്ത ദുരവസ്ഥയിലായിരുന്നു ബിൻലയും കുടുംബവും. ചുറ്റും കായൽ ആയതിനാൽ വെള്ളത്തിൽ ഉപ്പിന്റെ അംശം കൂടുതലാണ് എന്നതായിരുന്നു പ്രശ്നം. രണ്ട് വർഷം മുൻ‌പ് 10,000 ലീറ്ററിന്റെ ഫെറോസിമന്റ് മഴവെള്ള സംഭരണി പണിതതോടെ കാര്യങ്ങൾ മാറി. ഇപ്പോൾ മഴക്കാലത്ത് യഥേഷ്ടം വെള്ളം കിട്ടും. വേനൽക്കാലത്ത് കുടിവെള്ളത്തിനും മുട്ടില്ല. സംഭരണി നിറഞ്ഞു വരുന്ന വെള്ളം കിണറ്റിലേക്ക് ഒഴുക്കുന്നതിനാൽ ഉപ്പുവെള്ളം മാറി നല്ല വെള്ളം നിറഞ്ഞുതുടങ്ങുന്നുണ്ട്.

rain-4

ജലക്ഷാമമുള്ള പ്രദേശത്തെ കുടി വെള്ള ക്ഷാമത്തിന് പരിഹാരമായി

ഡോ. സുധീർ

അച്യുതം, മണ്ണുത്തി, തൃശൂർ

ഏപ്രിൽ, മേയ് മാസങ്ങളിൽ കുടിവെള്ളത്തിന് ടാങ്കർ ലോറിയെ ആശ്രയിക്കേണ്ട ബുദ്ധിമുട്ട് മാറിയതിന്റെ സന്തോഷത്തിലാണ് ഡോ. സുധീറും കുടുംബവും. ഇപ്പോൾ കിണർ വറ്റിയാലും ഇവർക്കു പേടിയില്ല. 30,000 ലീറ്റർ ശേഷിയുള്ള മഴവെള്ള സംഭരണിയിൽ വീട്ടുകാർക്ക് ആവശ്യമുള്ളത്ര വെള്ളമുണ്ടാകും. രണ്ട് വർഷം മുൻ‌പാണ് വീടിനടുത്ത് മഴവെള്ള സംഭരണി പണിതത്. ഭൂമിക്ക് അടിയിൽ വരുന്ന രീതിയിലുള്ള സംഭരണിയിലേക്ക് മേൽക്കൂരയിൽ നിന്ന് പൈപ്പ് വഴി മഴവെള്ളം എത്തിക്കും. ആദ്യത്തെ ആറ്–ഏഴ് മഴകൊണ്ട് ടാങ്ക് നിറയും.

ജനുവരിയിൽ വറ്റുമായിരുന്ന കിണറിൽ ഇപ്പോൾ മൂന്ന് കോൽ വെള്ളം

ആർ.എസ്. അനീഷ് കുമാർ‌

റോസ് ഹൗസ്, പരിയാരം, കണ്ണൂർ

rain-3

21 കോൽ താഴ്ചയുള്ള കിണർ ജനുവരി ആകുമ്പോഴേക്കും വറ്റിവരളുമായിരുന്നു. പറമ്പിൽ മഴക്കുഴികൾ നിർമിച്ചും തട്ടുതട്ടായി നിലമൊരുക്കിയുമാണ് അനീഷ് കുമാർ വരൾച്ചയെ പ്രതിരോധിച്ചത്. തുടർന്ന് ആറ് വർഷം മുൻ‌പ് വീടിന്റെ മേൽക്കൂരയിലെ വെള്ളം ഉപയോഗിച്ച് കിണർ റീ ചാർജിങ്ങും ആരംഭിച്ചു. തൊട്ടടുത്ത വേനലിൽ കിണർ വറ്റിയില്ല. ഏപ്രിൽ മാസത്തിൽ കിണറ്റിൽ ഒരു കോൽ വെള്ളം ഉണ്ടായിരുന്നു. ഈ വേനലി‍ൽ അത് 2.10 മീറ്റർ ആയി ഉയർന്നിരിക്കുന്നു. സമീപത്തെ മൂന്ന് വീട്ടുകാരും ആശ്രയിക്കുന്നത് ഈ കിണറിനെയാണ്. എന്നിട്ടും ജലസമൃദ്ധിക്ക് കുറവില്ല.