Monday 24 May 2021 03:24 PM IST : By ഡോ. മനോജ് പി. സാമുവൽ

മഴയെ വെറുതെ വിടരുത്, ജലസമ്പത്ത് വർധിപ്പിക്കാൻ എന്തെല്ലാം ചെയ്യാം

mazha

ഒരു സെന്റിൽ പ്രതിവർഷം ഒരു ലക്ഷത്തി ഇ രുപതിനായിരം ലീറ്റർ മഴവെള്ളം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെയാണ് അതിരൂക്ഷമായ വരൾച്ച നേരിടുന്നത് എന്നതാണ് ദുഃഖകരം. 44 നദികളുള്ള കേരളം വരണ്ടുണങ്ങിയതിന് കാലാവസ്ഥാവ്യതിയാനത്തെ മാത്രം പഴിപറഞ്ഞിട്ട് കാര്യമില്ല. സ്ഥലം, ജലം എന്നീ വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നമ്മൾ വരുത്തുന്ന വീഴ്ചയാണ് വരൾച്ചയ്ക്കു വഴിതെളിക്കുന്നത്.

കുന്നുകളും മലകളും ഇടിച്ചുനിരത്തി അവിടത്തെ മണ്ണുപയോഗിച്ച് താഴ്ന്ന സ്ഥലങ്ങളും തണ്ണീർത്തടങ്ങളും നികത്തുന്നതാണ് നമ്മൾ പിന്തുടരുന്ന വികസനരീതി. മഴവെള്ളം ഭൂമിയിലേക്കു താഴാനുള്ള രണ്ട് മാർഗങ്ങളാണ് ഇതോടെ അടയുന്നത്. വീടുകൾ, കെട്ടിടങ്ങൾ, റോഡ് എന്നിവയുടെ എണ്ണം കൂടുന്നതും ഭൂഗർഭ ജലനിരപ്പ് കുത്തനെ ഇടിയാൻ കാരണമാകും. നീർച്ചാലുകളും കൈത്തോടുകളും കുളങ്ങളുമെല്ലാം കണ്ണിചേരുന്ന ജലശൃംഖല പലയിടങ്ങളിലായി അറുത്തുമുറിക്കപ്പെട്ടതും സ്ഥിതി അത്യന്തം വഷളാക്കും.

യാഥാർഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കുകയും നടപടികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ. എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മണ്ണ് – ജല സംരക്ഷണ പ്രവർത്തനങ്ങളാണ് അത്യാവശ്യം. അതിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:

∙ ഓരോ പഞ്ചായത്തിലെയും ജലസ്രോതസ്സുകളുടെ പട്ടിക തയാറാക്കുക. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇല്ലാതായ ജലസ്രോതസ്സുകൾ കണ്ടെത്തുക. ഇവ പുനരുജ്ജീവിപ്പിക്കാൻ നടപടി എടുക്കുക.

∙ ഒാരോ പറമ്പുകളിലും ചെറിയ മൺതിട്ടകളും ക യ്യാലകളും പുൽവേലികളും നിർമിച്ച് മഴവെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കുക. വെള്ളം മണ്ണിൽ താഴാൻ ഈ നടപടി സഹായിക്കും.

∙ കഴിയുന്നത്ര മഴക്കുഴി നിർമിക്കുക. ഭൂഗർഭജലസമ്പത്ത് കൂട്ടാനുള്ള നിക്ഷേപമാണ് ഓരോ മഴക്കുഴിയും.

∙ മഴവെളള സംഭരണി, കിണർ റീചാർജിങ് എന്നിവ പ്രോൽസാഹിപ്പിക്കുക. കിണറിനു സമീപത്ത് നി ർമിക്കുന്ന വൃത്താകൃതിയിലുള്ള കുഴികളിലേക്ക് മേ ൽക്കൂരയിലെ മഴവെള്ളം ഇറക്കുന്നതാണ് കിണർ റീചാർ‍ജിങ്. മെറ്റൽ, ചരൽ, മണൽ, ചിരട്ടക്കരി എന്നിവ കുഴിയിൽ നിരത്തുന്നത് വെള്ളം ശുദ്ധീകരിക്കാൻ സഹായിക്കും.

∙ പുരപ്പുറത്തു നിന്നുള്ള മഴവെള്ളം അരിച്ചു ശുദ്ധമാക്കി നേരെ കിണറ്റിലേക്കിറക്കുന്ന ‘മഴപ്പൊലിമ’ പദ്ധതിയും വ്യാപകമാക്കണം.

∙ പൊതു കുളങ്ങളും നദികളും മലിനമാക്കാതിരിക്കുക. ഇവിടേക്ക് ജലമൊഴുകി എത്തുന്ന ഇടങ്ങളിൽ പരിസ്ഥിതിസൗഹൃദ അരിപ്പകൾ സ്ഥാപിച്ച് മാലിന്യങ്ങളും ഘനമൂലകങ്ങളും നീക്കം ചെയ്യുക. തിട്ടകളിൽ രാമച്ചം പോലെയുള്ള സസ്യങ്ങൾ വ ച്ചുപിടിപ്പിക്കുന്നത് മണ്ണൊലിപ്പ് തടയാൻ സഹായിക്കും

∙ ജലസംരക്ഷണത്തിനുള്ള നാട്ടറിവുകൾ ശേഖരിച്ച് വരുംതലമുറയ്ക്കു കൈമാറുക. ഇവയുടെ ശാസ്ത്രീയ അടിത്തറയും കണ്ടെത്തി ബോധ്യപ്പെടുത്തുക.

Tags:
  • Vanitha Veedu