Monday 11 March 2019 04:50 PM IST : By സ്വന്തം ലേഖകൻ

സോളാര്‍ വൈദ്യുതി ലാഭകരമോ?, പരിചരണം കൂടുതൽ വേണോ?; സംശയങ്ങൾക്ക് മറുപടി

solar-1

പ്രളയം വന്നപ്പോഴാണ് സൗരവൈദ്യുതിയുടെ വില പലരുമറിയുന്നത്. നാട്ടിലും വീട്ടിലും വൈദ്യുതിയില്ലാതെ, മൊബൈൽ ഫോണിൽ ചാർജില്ലാതെ, ഉറ്റവർ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ആശങ്കപ്പെട്ടു കഴിഞ്ഞ നാളുകൾ. സൗരവൈദ്യുത യൂണിറ്റ് സ്ഥാപിച്ച വീടുകൾ മാത്രം അന്ന് പ്രകാശിച്ചു. ഫോൺ ചാർജ് ചെയ്യാനും പുറംലോകത്തെ കാര്യങ്ങൾ അറിയാനും എത്തിയവർ സൗരോർജത്തിന്റെ വിലയറിഞ്ഞു.

സോളർ വൈദ്യുതി കേരളത്തിൽ പ്രചാരം നേടിയിട്ട് വർഷം ഏറെയായെങ്കിലും സൗരോർജത്തിന്റെ ഗുണങ്ങൾ പലരും അറിയുന്നില്ല. സൗരവൈദ്യുതിയെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കാം. പുതിയൊരു സൂര്യോദയത്തിനു കാത്തിരിക്കാം.

വീട്ടിൽ സൗരോർജപാനലുകൾ സ്ഥാപിച്ചാൽ, ഉപയോഗശേഷം അധികമാകുന്ന സൗരവൈദ്യുതി ഇലക്ട്രിസിറ്റി ബോർഡിനു വിൽക്കാം എന്നു കേട്ടിട്ടുണ്ട്. ഇതെങ്ങനെയാണ്?

സോളർ ഇൻവർട്ടറുകൾ രണ്ട് തരത്തിലുണ്ട്. ഓൺ ഗ്രിഡും ഓഫ് ഗ്രിഡും. പകൽ ഉൽപാദിപ്പിക്കുന്ന സൗരവൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കു നൽകി, തത്തുല്യമായ അളവ് വൈദ്യുതി, ഗ്രിഡിൽ നിന്ന് ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ഓൺ ഗ്രിഡ് പദ്ധതി.

വീട്ടിൽ ഉൽപാദിപ്പിക്കുന്ന സോളർ വൈദ്യുതി ഉപയോഗിച്ചുതന്നെയാണ് ഓഫ് ഗ്രിഡിൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്. അധികം ഉൽപാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സൂക്ഷിക്കുകയും രാത്രി ഉപയോഗിക്കുകയുമാകാം. ഇതോടുകൂടി കെഎസ്ഇബി കണക്‌ഷനും ആവശ്യമെങ്കിൽ എടുക്കാം.

ഓൺ ഗ്രിഡ് രീതിയിൽ വീട്ടിലെ ഉപകരണങ്ങളിൽ സൗരവൈദ്യുതിയല്ല ഉപയോഗിക്കുന്നത്. ഉപകരണങ്ങൾ കെഎസ്ഇബിയിൽനിന്നുള്ള വൈദ്യുതി പ്രയോജനപ്പെടുത്തും. സൗരപാനലിൽനിന്നുള്ള ഡിസി വൈദ്യുതി എസിയാക്കി വൈദ്യുതി ബോർഡിലേക്കു നൽകുകയാണ് ചെയ്യുന്നത്.

കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് ഒരു ദിവസം മൂന്ന്–നാല് കിലോവാട്ട് സൗരവൈദ്യുതി ഉൽപാദിപ്പിക്കാം. ഇത് നേരിട്ട് ലൈനിലേക്കു കൊടുക്കാം. വൈദ്യുത ചാർജ് കുറയും, ബാറ്ററി ഉപയോഗിക്കേണ്ട തുടങ്ങിയ മേന്മകളാണ് ഓൺ ഗ്രിഡിനുള്ളത്. എന്നാൽ കെഎസ്ഇബിയിൽ നിന്നുള്ള വൈദ്യുതി നിലച്ചാൽ സോളർ വൈദ്യുതി ലഭിക്കില്ല. അതിന് പ്രത്യേകം ബാറ്ററി സ്ഥാപിക്കണം. ഇത് ചെലവു കൂട്ടും.

solar-1

സ്മാർട്ട് മീറ്റർ വച്ച് ടൈംലി ബില്ലിങ് നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഇലക്ട്രിസിറ്റി ബോർഡ്. പീക്ക് ടൈമിൽ കെഎസ്ഇബിയിൽനിന്നു വാങ്ങുന്ന വൈദ്യുതിക്ക് ചാർജ് കൂടും. സോളറിൽനിന്നു കിട്ടുന്ന വൈദ്യുതിയുടെ തുകയെക്കാൾ അധികമാകാം ഇത്.

ഓഫിസുകൾ പീക്ക് ടൈമിൽ പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് ഓഫിസുകളിൽ ഓൺ ഗ്രിഡ് വച്ചാൽ അങ്ങോട്ടു കൊടുക്കുന്ന വൈദ്യുതിയും പകൽ ഉപയോഗിക്കുന്ന കെഎസ്ഇബിയുടെ വൈദ്യുതിയും ഏകദേശം ഒരേ അളവായിരിക്കും. ഓഫിസ് അവധി ദിവസങ്ങളിൽ വൈദ്യുതി എക്സ്പോർട്ട് ചെയ്യുകയുമാകാം. അത് വളരെ ലാഭകരമായിരിക്കും.

ഓഫ് ഗ്രിഡ് സംവിധാനം സ്ഥാപിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

സൗരവൈദ്യുതി ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങൾക്കും പ്രവർത്തിക്കാൻ കഴിയുന്നത്ര വൈദ്യുതി ലഭിക്കാൻ പാകത്തിന് പാനലുകളും ഡിസി വൈദ്യുതിയെ എസിയാക്കാൻ ശക്തിയുള്ള ഇൻവർട്ടറും അധിക വൈദ്യുതി സൂക്ഷിച്ചുവയ്ക്കാൻ പാകത്തിനുള്ള ബാറ്ററിയും വേണം.

എല്ലാ വൈദ്യുത ഉപകരണങ്ങൾക്കും ‘സ്റ്റാർട്ടിങ് കറന്റും’ ‘റണ്ണിങ് കറന്റും’ ഉണ്ട്. റണ്ണിങ് കറന്റിന്റെ രണ്ടോ മൂന്നോ മടങ്ങായിരിക്കും സ്റ്റാർട്ടിങ് കറന്റ്. വീട്ടിലെ ഉപകരണങ്ങളുടെ എണ്ണം, അത് ഉപയോഗിക്കുന്ന സമയം, ഉപയോഗിക്കുന്നതിന്റെ അളവ്, സ്റ്റാർട്ടിങ് കറന്റ്, റണ്ണിങ് കറന്റ് ഇതെല്ലാം അളന്നുനോക്കി വേണം ഇൻവർട്ടറിന്റെ കപ്പാസിറ്റി തീരുമാനിക്കാൻ.

solar-3

പകൽ മുഴുവൻ നേരിട്ടു പ്രവർത്തിക്കുമെങ്കിലും ഉപകരണങ്ങൾ, വൈകിട്ട് മുതൽ ബാറ്ററിയിലാണ് പ്രവർത്തിക്കുക. ഏകദേശം എത്ര മണിക്കൂർ, എത്ര ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി ശേഖരിച്ചുവയ്ക്കണമെന്ന് അറിഞ്ഞുവേണം ബാറ്ററിയുടെ പരിധിയും നിശ്ചയിക്കാൻ. ഉപഭോക്താവിനനുസരിച്ചാകണം പാനൽ വയ്ക്കുന്നതുപോലും. ഉദാഹരണത്തിന് ഭാര്യയും ഭർത്താവും ജോലിക്കും കുട്ടികൾ സ്കൂളിലും പോകുന്ന വീടുകളിൽ പകൽ സമയം ഫ്രിജ് മാത്രമെ പ്രവർത്തിക്കേണ്ടിവരൂ. അത്തരം വീടുകളിൽ കൂടുതൽ പാനൽ വച്ചിട്ട് കാര്യമില്ല. എപ്പോഴും ഇൻവർട്ടർ കപ്പാസിറ്റി കൂടുതലായിരിക്കണം. സ്റ്റാർട്ടിങ് കറന്റ് എപ്പോഴെങ്കിലും കൂടുതൽ വന്നാൽ ഉപകരണം സംരക്ഷിക്കാൻ കഴിയണം.

solar-2 കെ.എൻ.ശ്രീകുമാർ തിരുവല്ല

ബാറ്ററിയിലെ സോളർ വൈദ്യുതി തീർന്നാൽ ഓട്ടമാറ്റിക് ആയി കെഎസ്ഇബിയിലേക്ക് മാറുന്ന വിധത്തിലാണ് എല്ലാവരും കണക്‌ഷൻ ക്രമീകരിക്കാറുള്ളത്. എന്നാൽ സോളർ ബാറ്ററിയിലെ 70% വൈദ്യുതി ഉപയോഗിച്ചു തീർന്നാൽ ഓട്ടമാറ്റിക് ആയി കെഎസ്ഇബിയിലേക്ക് മാറുകയും അവിടെ വൈദ്യുതി നിലച്ചാൽ ബാക്കിയായ സൗരവൈദ്യുതി ഉപയോഗിക്കുകയും ചെയ്യാം. ഈ രീതിയിൽ ക്രമീകരിക്കുമ്പോൾ അത്യാവശ്യഘട്ടങ്ങളിലും വൈദ്യുതി ലഭിക്കും.

സാധാരണ ഇൻവർട്ടറിന്റെ കൂടെ ഉപയോഗിക്കുന്ന ബാറ്ററി തന്നെയാണോ സോളർ ഇൻവർട്ടറിന്റെ കൂടെ ഉപയോഗിക്കുന്നത്?

സോളർ ആവശ്യങ്ങൾക്കുവേണ്ടി പ്രത്യേക ബാറ്ററി ഉപയോഗിക്കാറുണ്ട്. സാധാരണ ബാറ്ററിയുടെ ലൈഫും സോളർ ബാറ്ററിയുടെ ലൈഫും തമ്മിൽ വ്യത്യാസമുള്ളതുകൊണ്ടാണത്. സൈക്ക്ളിങ് കൂടുതലുള്ള ബാറ്ററിയാണ് സോളറിൽ ഉപയോഗിക്കുന്നത്.

ബാറ്ററിയുടെ സൈക്ക്ളിങ് എന്നു പറയുന്നത് ഒരു തവണത്തെ ചാർജ് മുഴുവൻ ഉപയോഗിച്ചു തീർത്ത് വീണ്ടും ചാർജ് നിറയാൻ എടുക്കുന്ന സമയമാണ്. സാധാരണ ഇൻവർട്ടർ ബാറ്ററി മാസത്തിൽ ഒന്നോ, രണ്ട് മാസത്തിൽ ഒന്നോ ആണ് ഒരു സൈക്ക്ൾ പൂർത്തിയാക്കുക. എന്നാൽ സോളർ എല്ലാ ദിവസവും ഒന്നോ രണ്ടോ സൈക്ക്ൾ പൂർത്തിയാക്കിക്കൊണ്ടിരിക്കും. ബാറ്ററിയുടെ ആയുസ്സ് സൈക്ക്ളിനെ അടിസ്ഥാനപ്പെടുത്തിയാണ്. 1500, 2000, 3000 സൈക്ക്ൾ പൂർത്തിയാക്കും എന്ന രീതിയിലാണ് ബാറ്ററി വാറന്റി നൽകുന്നത്.

നിലവിലുള്ള ഇൻവർട്ടർ ബാറ്ററി ചില മാറ്റങ്ങളോടെ സോളർ ഇൻവർട്ടറിൽ ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം ഇപ്പോഴുണ്ട്. സോളർ ഇൻവർട്ടർ കൺവർട്ടർ എന്നാണ് ഇത് അറിയപ്പെടുന്നത്.

solar-4 മോഹൻ കുമാർ ചെങ്ങന്നൂർ

സബ്സിഡിയോടെ സൗരവൈദ്യുതി

മൂന്ന് കിലോവാട്ട് വൈദ്യുതിയാണ് പുരപ്പുറത്തെ സോളർ വൈദ്യുതി യൂണിറ്റിൽനിന്നു ലഭിക്കുന്നത്. കെഎസ്ഇബിയിൽ നിന്നുള്ള കണക്‌ഷൻ എടുത്തിട്ടുണ്ടെങ്കിലും വളരെ കുറഞ്ഞ തുക മാത്രമെ അടയ്ക്കേണ്ടിവരാറുള്ളൂ. വാട്ടർ പമ്പ്, ലൈറ്റുകൾ, ഫാനുകൾ, മറ്റ് ഗാർഹികോപകരണങ്ങൾ എന്നിവയെല്ലാം സൗരവൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. എസി മാത്രമാണ് ഇൻവർട്ടർ ഉപയോഗിച്ച് പ്രവർത്തിക്കുന്നത്.

സൗരവൈദ്യുതി യൂണിറ്റ് സ്ഥാപിക്കാൻ അനർട്ട് മുഖാന്തിരം സബ്സിഡിയും കിട്ടിയിട്ടുണ്ട്. ചെലവായ തുകയുടെ ഉദ്ദേശം 45% സബ്സിഡി ലഭിച്ചു. ഏറ്റവുമധികം സൂര്യപ്രകാശം പിടിച്ചെടുക്കാൻ കഴിയുന്ന വിധത്തിൽ ചെരിവു നൽകി ടെറസിൽ പാനൽ സ്ഥാപിച്ചു. ഇടയ്ക്കിടെ കഴുകാൻ സാധിക്കുന്ന ഉയരത്തിലാണ് പാനലുകൾ ക്രമീകരിച്ചത്. പൊടിയും ഇലയുമെല്ലാം നീക്കം ചെയ്ത് കൃത്യമായ മെയിന്റനൻസ് നൽകിയാൽ സോളർ വൈദ്യുതി വളരെ ലാഭകരമാണ്.

സൂര്യൻ കൈക്കുമ്പിളിൽ

അനർട്ടിൽനിന്നുള്ള സബ്സിഡി വാങ്ങി ഒരു കിലോവാട്ട് സോളർ പാനൽ സ്ഥാപിച്ചു. ഒരു കിലോവാട്ട്, ലൈറ്റ് കപ്പാസിറ്റി ആയതിനാൽ 1000 വാട്ടിൽ കൂടുതൽ പവർ ആവശ്യമുള്ള ഇൻഡക്‌ഷൻ കുക്കർ, വാട്ടർ പമ്പ് എന്നിവ നേരിട്ട് കെഎസ്ഇബി ലൈനിലും മറ്റ് ഉപകരണങ്ങൾ സോളറിലും പ്രവർത്തിക്കുന്ന വിധത്തിൽ ഘടിപ്പിച്ചു.

വീടുപണി സമയത്ത് ടൈൽ വർക്കിന് സോളർ വൈദ്യുതിയാണ് പൂർണമായി ഉപയോഗിച്ചത്. പണി പൂർത്തിയായപ്പോൾ 375 രൂപ മാത്രമായിരുന്നു കെഎസ്ഇബി ബിൽ. ഈ ആവശ്യത്തിന് കെഎസ്ഇബിയിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചെങ്കിൽ അതിനുള്ള പ്രത്യേക കണക്‌ഷൻ എടുക്കാൻ മാത്രം 3,000 രൂപയിലേറെ ചെലവു വരുമായിരുന്നു. ഉപയോഗിച്ച വൈദ്യുതിക്കുള്ള പണം വേറെയും.

പാനൽ വൃത്തിയായി സൂക്ഷിക്കുകയും ബാറ്ററി വാട്ടർ ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യാറുണ്ട്. ബാറ്ററി സൂക്ഷിക്കുന്ന സ്ഥലത്ത് ആവശ്യത്തിന് വായുസഞ്ചാരം നൽകാറുണ്ട്. പാനലിൽ സൂര്യപ്രകാശം തട്ടുന്നതു തടസ്സപ്പെടാതിരിക്കാൻ അടുത്തുള്ള മരക്കമ്പുകൾ വെട്ടിയൊതുക്കും. ഒന്നിൽ കൂടുതൽ ഉപകരണങ്ങൾ ഒരേ സമയം പ്രവർത്തിപ്പിക്കാതെയും ശ്രദ്ധിക്കാറുണ്ട്.

വിവരങ്ങൾക്കു കടപ്പാട്;


മുരിക്കൻസ് ഗ്രൂപ്പ്, കടുത്തുരുത്തി
www.murickens.com
ബി&ബി അസോഷ്യേറ്റ്സ്, കോട്ടയം
md@bbassociates.org


അനർട്ട്, തിരുവനന്തപുരം
മാർവെൽ ബാറ്ററീസ്, തിരുവല്ല
sreekumar.marveltvla@gmail.com