Wednesday 02 June 2021 04:06 PM IST : By സ്വന്തം ലേഖകൻ

സൗരോർജ വൈദ്യുതി ലാഭമാണോ, രണ്ട് കിടപ്പുമുറി വീട്ടിലേക്ക് എത്ര സോളാർ പാനൽ വേണം, ചെലവ് എത്ര?

solar 1

പുതിയ വീടുകളിൽ മാത്രമല്ല, നിലവിലുള്ള വീടുകളിലും സൗരവൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാം. സൗരോർജ പാനൽ, സോളർ ഇൻവേർട്ടർ, ബാറ്ററി എന്നിവയാണ് ഇതിനായി വേണ്ടത്. പഴയ വീടുകളിൽ ആവശ്യമെങ്കിൽ മാത്രം വയറിങ്ങിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തേണ്ടി വരും. ലൈറ്റ്, ഫാൻ തുടങ്ങിയവയും വീട്ടുപകരണങ്ങളും പ്രവർത്തിക്കാൻ എത്ര യൂണിറ്റ് കറന്റ് വേണം എന്നതനുസരിച്ചു വേണം വീട്ടിലെ സൗരോർജ പ്ലാന്റിന്റെ ശേഷി നിശ്ചയിക്കാൻ. ഇതിന് ‘കണക്ടഡ് ലോഡ്’ നിശ്ചയിക്കുക എന്നു പറയും. വൈദ്യുത ഉപകരണങ്ങളുടെ എണ്ണം, എത്ര സമയം ഉപയോഗിക്കേണ്ടി വരും, അവയുടെ സ്റ്റാർട്ടിങ് കറന്റ്, റണ്ണിങ് കറന്റ് എന്നിവയെല്ലാം ഇക്കാര്യത്തിൽ പരിഗണിക്കണം. ഉപകരണങ്ങൾക്ക് പ്രവർത്തനം തുടങ്ങാൻ ആവശ്യമായ വൈദ്യുതിയാണ് സ്റ്റാർട്ടിങ് കറന്റ്. പ്രവർത്തിക്കുമ്പോൾ ഉപയോഗിക്കുന്ന വൈദ്യുതിയാണ് റണ്ണിങ് കറന്റ്. സാധാരണ രീതിയിൽ റണ്ണിങ് കറന്റിനേക്കാൾ രണ്ടോ മൂന്നോ മടങ്ങ് കൂടുതലായിരിക്കും സ്റ്റാർട്ടിങ് കറന്റ്.

വീടിനു മുകളിൽ പിടിപ്പിക്കുന്ന സൗരോർജ പാനൽ ആണ് ഈ സംവിധാനത്തിലെ മുഖ്യഘടകം. ഇതാണ് സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. 50 വാട്ട് മുതൽ 600 വാട്ട് വരെ ശേഷിയുള്ള പാനലുകളാണ് പൊതുവേ വീടുകളിൽ പിടിപ്പിക്കുന്നത്. കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിലാണ് എത്ര പാനൽ വേണം എന്നു തീരുമാനിക്കുന്നത്. 1.6 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ളതും രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുളളതുമായ പാനലുകൾ ലഭ്യമാണ്. 20-25 കിലോ ആയിരിക്കും ഒരു പാനലിന്റെ ശരാശരി ഭാരം. ആയിരം വാട്ട് ശേഷിയുള്ള പാനൽ ഒരു ദിവസം ശരാശരി നാല് യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കും.

സോളർ ഇൻവേർട്ടർ :- പാനൽ ഉൽപാദിപ്പിക്കുന്ന ഡിസി കറന്റിനെ എസി കറന്റ് ആക്കി മാറ്റുകയും പാനൽ, ബാറ്ററി എന്നിവയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന ദൗത്യമാണ് സോളർ ഇൻവേർട്ടറിനുള്ളത്. സാധാരണ ഇൻവേർട്ടർ കറന്റ് പോകുമ്പോൾ മാത്രമാണ് പ്രവർത്തിക്കുക. എന്നാൽ, സോളർ ഇൻവേർട്ടർ അങ്ങനെയല്ല. ഇതു മുഴുവൻ സമയവും ഓൺ ആയിരിക്കും. സൗരോർജ സംവിധാനത്തിന് ഉന്നത ഗുണനിലവാരമുള്ള ഇൻവേർട്ടർ തന്നെ വേണം. ഒരു കെവിഎ (Kilo Volt Amperes) മുതൽ 10 കെവിഎ വരെ ശേഷിയുള്ള ഇൻവേർട്ടറുകളാണ് വീടുകളിൽ പൊതുവേ ഉപയോഗിക്കുന്നത്.

ബാറ്ററി:- വൈദ്യുതി സംഭരിച്ചു സൂക്ഷിക്കുക എന്നതാണ് ബാറ്ററിയുടെ ജോലി. കെഎസ്ഇബി ലൈനിൽ നിന്നോ സൗരോർജ പാനലിൽ നിന്നോ വൈദ്യുതി ലഭിക്കാതെ വരുന്ന സാഹചര്യങ്ങളിൽ ഇതാണ് പ്രയോജനപ്പെടുത്തുന്നത്. 150 എഎച്ച് (Amp Hour) മുതൽ 1200 എഎച്ച് വരെ ശേഷിയുള്ള ക്ലാസ് Ð 10 ബാറ്ററിയാണ് പൊതുവേ വീടുകളിലെ സൗരോർജ സംവിധാനത്തിൽ ഉപയോഗിക്കുന്നത്. 150 എഎച്ച് ബാറ്ററിയിൽ ഒന്ന് - ഒന്നര യൂണിറ്റ് വൈദ്യുതി സംഭരിക്കാം.

solar

ഓൺ ഗ്രിഡ്:- വീടുകളിൽ രണ്ടു തരത്തിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കാം. ഓൺ ഗ്രിഡ്, ഓഫ് ഗ്രിഡ് എന്നിവയാണത്. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ള സൗരവൈദ്യുതി കെഎസ്ഇബി ലൈനിലേക്ക് നൽകുന്ന സംവിധാനമാണ് ഓൺ ഗ്രിഡ് ഇൻവേർട്ടർ സിസ്റ്റം. ബാറ്ററി ആവശ്യമായി വരുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാൽ ചെലവും മെയ്ന്റനൻസും കുറയും. ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് കെഎസ്ഇബി വില നൽകുകയും ചെയ്യും. ഓൺ ഗ്രിഡ് സംവിധാനത്തിൽ വീട്ടിലെ ഉപകരണങ്ങൾ സൗരവൈദ്യുതിയല്ല ഉപയോഗിക്കുന്നത്. സാധാരണ പോലെ കെഎസ്ഇബി ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ലൈറ്റും ഫാനുമെല്ലാം പ്രവർത്തിക്കുന്നത്. ഒരു മാസം വീട്ടിലെ സൗരോർജ പ്ലാന്റിൽ നിന്ന് 30 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് നൽകുകയും വീട്ടാവശ്യത്തിന് 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുകയും ചെയ്തു എന്നു കരുതുക. ഗ്രിഡിലേക്ക് നൽകിയത് ഒഴിച്ച് ബാക്കി 20 യൂണിറ്റിന് പണം നൽകിയാൽ മതി എന്നതാണ് ഈ രീതിയുടെ പ്രത്യേകത. ബാറ്ററി ഇല്ലാത്തതിനാൽ കറന്റ് പോകുന്ന സമയത്ത് വീട്ടുപകരണങ്ങൾ പ്രവർത്തിക്കില്ല എന്നൊരു ന്യൂനത ഇതിനുണ്ട്. വീടുകളിൽ സാധാരണ വയ്ക്കുന്നതു പോലെയുള്ള ഒരു ഇൻവേർട്ടർ അധികമായി നൽകുകയാണ് ഇതിനുള്ള പോംവഴി. സൗരോർജ പാനൽ ഉപയോഗിച്ച് ചാർജ് ചെയ്യുന്ന രീതിയിൽ വേണമെങ്കിലും ഈ ഇൻവേർട്ടർ ക്രമീകരിക്കാം. പക്ഷേ, ചെലവ് കൂടും. സൗരോർജ പാനൽ പകൽ സമയത്തേ വൈദ്യതി ഉൽപാദിപ്പിക്കൂ. ഈ സമയത്ത് കുറഞ്ഞ നിരക്കിലായിരിക്കും കെഎസ്ഇബി വൈദ്യുതി സ്വീകരിക്കുക. രാത്രിയിലായിരിക്കും വീടുകളിൽ വൈദ്യുതി കൂടുതൽ ഉപയോഗിക്കുക. അപ്പോൾ ‘പീക്ക് ടൈം താരിഫ്’ അനുസരിച്ച് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടി വരും. wss.kseb.in എന്ന വെബ്സൈറ്റ് വഴി കെഎസ്ഇബിയുടെ ‘പുരപ്പുറ സൗരോർജ പദ്ധതി’യിൽ റജിസ്റ്റർ ചെയ്യാം.

ഓഫ് ഗ്രിഡ്:-  പകൽ സമയം മേൽക്കൂരയിലെ സൗരോർജ പാനൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് വീട്ടുപകരണങ്ങൾ പ്രവർത്തിക്കുകയും അധികം വരുന്നത് ബാറ്ററിയിൽ സംഭരിച്ചു സൂക്ഷിക്കുകയുമാണ് ഓഫ് ഗ്രിഡ് സംവിധാനത്തിൽ ചെയ്യുന്നത്. രാത്രിയിൽ ബാറ്ററിയിലെ വൈദ്യുതി ഉപയോഗിക്കാം. കറന്റ് ബിൽ വളരെ കുറയും എന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ. രാത്രിയിൽ ബാറ്ററിയിലെ സോളർ വൈദ്യുതി 60 Ð 70 ശതമാനം ഉപയോഗിക്കുകയും അതിനുശേഷം തനിയെ കെഎസ്ഇബി ലൈനിൽ നിന്ന് വൈദ്യുതി സ്വീകരിക്കുകയും കറന്റ് പോയാൽ വീണ്ടും ബാറ്ററിയെ ആശ്രയിക്കുകയും ചെയ്യുന്ന രീതിയിൽ കണക്‌ഷൻ ക്രമീകരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത്തരം സൗകര്യമുള്ള ‘ഫുൾ ഓട്ടമാറ്റിക് സോളർ പവർ കണ്ടീഷനിങ് യൂണിറ്റ് ഇൻവേർട്ടർ’ ഇപ്പോൾ ലഭ്യമാണ്.

50,000 രൂപ മുതൽ ചെലവിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കാം. ഒരു ദിവസം രണ്ട് യൂണിറ്റ് വൈദ്യുതി ആയിരിക്കും ഉൽപാദിപ്പിക്കുക. ലൈറ്റും ഫാനും ഇതിൽ പ്രവർത്തിപ്പിക്കാം.ടിവി, ഫ്രിഡ്ജ്, എസി, മോട്ടർ എന്നിവയെല്ലാം പ്രവർത്തിപ്പിക്കണം എങ്കിൽ പ്രതിദിനം എട്ട് യൂണിറ്റിന് മുകളിൽ ഉൽപാദന ശേഷിയുള്ള പ്ലാന്റ് വേണം. ഇതിന് 2,80,000 രൂപ മുതൽ ചെലവ് വരും. 

വിവരങ്ങൾക്കു കടപ്പാട്:

എസ്. ബാബുജാൻ, അസി. എക്സിക്യുട്ടീവ്

എൻജിനീയർ, കെ.എസ്.ഇ.ബി ലിമിറ്റഡ്

മുരിക്കൻസ് ഗ്രൂപ്പ്, കടുത്തുരുത്തി, കോട്ടയം

അനെർട്ട്, തിരുവനന്തപുരം

Tags:
  • Vanitha Veedu