Friday 28 February 2020 03:19 PM IST : By സ്വന്തം ലേഖകൻ

നൊസ്റ്റാൾജിയ ‘തളം’കെട്ടി നിൽക്കുന്നിടം! മറക്കാൻ കഴിയുമോ ആ പഴയ വലിയ വരാന്തയെ?

thalam

പഴയകാലത്തെ വീടുകളുടെ മുഖമുദ്രയായിരുന്ന തളങ്ങളെക്കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് അജിഷ് മുരളീധരൻ. പഴയ വീടുകളിലൊക്കെ സാധാരണമായതും ഇപ്പോൾ ദുർലഭമായി മാത്രം കാണുന്നതുമായ അടച്ചുറപ്പുള്ള വലിയ വരാന്തകളായിരുന്നു തളങ്ങൾ. കുട്ടിക്കാലം തളിരിടുകയും പൂക്കുകയും സുഗന്ധം പരത്തുകയും ചെയ്തയിടം ഇന്നും ഓർമകൾക്ക് സുഗന്ധം പരത്താറുണ്ടെന്ന് അജിഷ് കുറിക്കുന്നു. പുതിയ തലമുറയ്്ക്ക് പരിചിതമല്ലാത്ത ഈ ഓർമയിടങ്ങളെക്കുറിച്ച് ഫെയ്സ്ബുക്കിലാണ് അജിഷ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

തളത്തിൽ ദിനേശനൊക്കെ വരുന്നതിനും വളരെ മുൻപേ 'തളം' ഞങ്ങളുടെ ജീവശ്വാസമായിരുന്നു. പഴയ വീടുകളിലൊക്കെ സാധാരണമായതും ഇപ്പോൾ ദുർലഭമായി മാത്രം കാണുന്നതുമായ അടച്ചുറപ്പുള്ള വലിയ വരാന്തകളായിരുന്നു തളങ്ങൾ. ഇപ്പോഴുള്ള വീടുകളിലുള്ള ഹാളിനേക്കാളും വലുപ്പം പലപ്പോഴും ഇത്തരം തളങ്ങൾക്കുണ്ടാകും. ഓർമയുടെ വേരുകളിലേക്ക് വേണ്ടത്ര ജലമെത്താത്തതുകൊണ്ടാണോയെന്തോ, ഇപ്പോൾ തളം എന്നു കേൾക്കുമ്പോൾ വല്ലാത്ത അപരിചിതത്വം. പക്ഷേ, ഒരു നിമിഷം കണ്ണടിച്ചിരുന്നാൽ മതി കാലം ശടേന്ന് 30 വർഷം പിന്നിലേക്കു പോകും. കളി ചിരികൾ മുഴങ്ങിത്തുടങ്ങും, റെഡ് ഓക്സൈഡ് ചാലിച്ച നിലത്തിന്റെ തണുപ്പ് കശേരുക്കൾ വഴി വീണ്ടും പതിയെ അരിച്ചു കയറും, പഴയ കളികൾ മൊബൈൽ ഗെയിമുകളെയും ബിൽഡിങ് ബ്ലോക്കുകളെയും മോണോപൊളികളെയും നിസാരമായി തോൽപ്പിച്ചു തുടങ്ങും, സഹോദര, സുഹൃദ് ബന്ധങ്ങളുടെ രാസപ്രവർത്തനം ഓർമകളെ ജ്വലിപ്പിക്കും.

അതേ, തളം ഒരു സംഭവം തന്നെയായിരുന്നു. ഞങ്ങളുടെ കുട്ടിക്കാലം തളിരിടുകയും പൂക്കുകയും സുഗന്ധം പരത്തുകയും ചെയ്തയിടം. മൂവാറ്റുപുഴയിലുണ്ടായിരുന്ന തറവാട്ടുവീട്ടിലെ 'തളം' ഒരു ഫ്ലാഷ് ബാക്ക് സീൻ പോലെ ഇടയ്ക്കിടെ തെളിഞ്ഞു വരും. അച്ഛനും 12 സഹോദരരും ഉണ്ടുറങ്ങിയയിടം. പിന്നീട് ഞങ്ങൾ സഹോദരർ കയ്യേറിയിടം. രാത്രി തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെ കണ്ട്, പറക്കും തളികകളുടെയും അന്യഗ്രഹ ജീവികളുടെയും കഥ പറഞ്ഞ് തണുത്ത നിലത്ത് പായ വിരിച്ച് കിടന്നുറങ്ങിയിരുന്ന ആ നാളുകൾ ഇനി തിരിച്ചു വരുമോ? ആ രാത്രികൾ ഇനിയുണ്ടാകുമോ? കളംവെട്ട്, ഉപ്പൂത്തിക്കളി, ചീട്ടുകളി, ഗോലി കളി, ഫുട്ബോൾ തുടങ്ങി അവസാനം ക്രിക്കറ്റും ഞങ്ങൾ കളിച്ചിരുന്നതൊക്കെ തളത്തിലായിരുന്നു.

വീടിന്റെ സുരക്ഷിതത്വത്തിലായിരുന്നതിനാൽ എന്തു തന്നെ ചെയ്യാനും അമ്മമാരുടെ സമ്മതവും. അമ്മാവൻമാരും ഇളയമ്മമാരും വന്നു ചേരുന്ന രാത്രികളിൽ അവരുടെ മടിയിൽ തലവെച്ചു കിടന്നു കൊണ്ട് 'വലിയവരുടെ' സംസാരം കേൾക്കുന്നതിന്റെ സുഖമറിഞ്ഞതും തളത്തിൽ തന്നെ. വൈകുന്നേരങ്ങളിൽ നിലവിളക്കിനു മുൻപിൽ വരിവരിയായി ചമ്രം പടിഞ്ഞിരുന്നു പാടിയിരുന്ന സന്ധ്യാപ്രാർഥനകളുടെ വരികളും ഒരു നിമിഷമോർമിച്ചാൽ ഇപ്പോഴും തെളിഞ്ഞു വരും. കലിതുള്ളിപ്പെയ്യുന്ന കാലവർഷത്തിൽ മുറ്റമാകെ നിറയുന്ന വെള്ളത്തിലേക്ക് മൽസരിച്ചു കടലാസു വഞ്ചിയിറക്കിയിരുന്നതും തളത്തിലെ വാതിൽ തുറന്ന് തിണ്ണയിലേക്കിറങ്ങിയായിരുന്നു. പുതുമഴയിൽ മുളച്ച വെള്ള നിറമുള്ള കൂണിനു കീഴിൽ മഴ നനയാതെ കയറി നിന്ന തവളക്കുഞ്ഞനെ കണ്ടുപിടിച്ചതും കഥകൾ മെനഞ്ഞതും തളത്തിൽ ഇരുന്നു കൊണ്ടു തന്നെ. മഴയിൽ നിന്നു കുളിരിനെ അടർത്തിമാറ്റാനാവാത്ത പോലെ ഓർമയിലവസാനം വരെയുണ്ടാകും ഞങ്ങളുടെ പ്രിയ തളവും ആ കാലവും.

വര: വിനയതേജസ്വി