Friday 23 April 2021 05:09 PM IST : By സ്വന്തം ലേഖകൻ

50 വർഷം പഴക്കമുള്ള വീടുണ്ടോ...? കാശുണ്ടാക്കാൻ ‘പദ്ധതി’ ഉണ്ട്

traditional 2

പഴയ വീടുള്ളവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. 50 വർഷത്തിലേറെ പഴക്കമുള്ള വീടുകൾ ടൂറിസം വകുപ്പിന്റെ ‘ഗൃഹസ്ഥലി’ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച് സംരക്ഷിക്കാം. സഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കുന്നതിലൂടെ നല്ലൊരു വരുമാനവും നേടാം.പരമ്പരാഗതശൈലിയിലുള്ള കെട്ടിടങ്ങൾ സംരക്ഷിക്കുക, സ‍ഞ്ചാരികൾക്ക് തദ്ദേശീയ ചുറ്റുപാടിൽ താമസസൗകര്യം ഒരുക്കുക, വിനോദസഞ്ചാരത്തിലൂടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് ഗൃഹസ്ഥലി പദ്ധതി നടപ്പിലാക്കുന്നത്. 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്താം. വരാന്ത, നടുമുറ്റം തുടങ്ങിയവയുള്ള കെട്ടിടങ്ങൾക്ക് മുൻഗണന ലഭിക്കും.

traditional 1

കെട്ടിടം നവീകരിക്കാൻ 25 ശതമാനം വരെ സബ്സിഡി ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. കേരള ഫിനാൻഷ്യൽ കോർപറേഷൻ, പൊതുമേഖലാ ബാങ്കുകൾ എന്നിവയുടെ സഹകരണത്താലാണ് സബ്സിഡി നൽകുക. ഇതുകൂടാതെ ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ കെട്ടിടത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തും. ഇതുവഴി ബുക്കിങ് ലഭിക്കുകയും ചെയ്യും. നവീകരണം നടത്തേണ്ടാത്ത കെട്ടിടങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്താം.വീടിന്റെ ഒന്നോ രണ്ടോ മുറി മാത്രം സഞ്ചാരികളുടെ താമസത്തിനായി നൽകാവുന്ന രീതിയിലാണ് പദ്ധതി. വീട്ടുകാർക്ക് അവിടെത്തന്നെ താമസിക്കാം. കേരളത്തിന്റെ തനത് ജീവിതശൈലിയും ഭക്ഷണശീലങ്ങളുമൊക്കെ അടുത്തറിയാനുള്ള താൽപര്യത്തോടെ എത്തുന്നവരായിരിക്കും സഞ്ചാരികളിൽ കൂടുതലും.പദ്ധതിപ്രകാരം മൂന്നു വർഷത്തേക്കാണ് വീടുകൾക്ക് അംഗീകാരം ലഭിക്കുക. ടൂറിസം ഡയറക്ടർക്കാണ് ഇതു സംബന്ധിച്ച അപേക്ഷ നൽകേണ്ടത്. ആയിരം രൂപയാണ് അപേക്ഷാ ഫീസ്. ഗൃഹസ്ഥലി പദ്ധതി സംബന്ധിച്ച വിശദ വിവരങ്ങൾ http://keralatourism.gov.in/business/grihasthali.htm എന്ന ലിങ്കിൽ ലഭ്യമാണ്.