Tuesday 02 April 2019 05:07 PM IST : By സിനു ചെറിയാൻ

കോടികൾ മുടക്കിയാണോ ശിവൻകുട്ടി വീട് നിർമിച്ചത്? സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ, ചിത്രങ്ങൾ ഷെയർ ചെയ്യുന്നത് പകർപ്പവകാശ ലംഘനം

shivankutty

‘വനിത വീട്’ മാസികയിൽ പ്രസിദ്ധീകരിച്ച മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ വീടിന്റെ വാർത്ത തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ശ്രമം. വീടിന്റെ ഓൺലൈൻ എഡിഷനായ Www.vanithaveedu.com ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്നു ചിത്രങ്ങൾ മാത്രം എടുത്ത് പ്രചരിപ്പിച്ചാണ് രാഷ്ട്രീയമായി മുതലെടുപ്പിന് ശ്രമിക്കുന്നത്. മണ്ണും മുളയും ഉപയോഗിച്ചു ചെലവു കുറഞ്ഞ രീതിയിൽ നിർമിച്ച വീടാണെന്നതു മറച്ചു വച്ച് ആഢംബര വീടാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്.

മണ്ണിൽ നിന്നുയർന്ന പൂമരം എന്ന തലക്കെട്ടോടെ വനിത വീട് മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ വളച്ചൊടിച്ചാണ് വാർത്തകൾ പ്രചരിക്കുന്നത്. തൊഴിലാളി പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന നേതാവിന്റെ ആഢംബര ഭവനം എന്ന പേരിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. എംഎംപിയുടെ അനുമതിയില്ലാതെ പകർപ്പവകാശ നിയമം ലംഘിച്ചാണ് ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത്. ഫീച്ചറിന്റെ ലിങ്ക് ഒഴിവാക്കി ചിത്രങ്ങൾ മാത്രം എടുത്താണ് പ്രചരിപ്പിക്കുന്നത്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുന്നതടക്കമുള്ള നടപടികൾ പരിശോധിച്ചു വരികയാണ്.

മണ്ണും മുളയും തറയോടും കാറ്റാടി മരവും ഉപയോഗിച്ച് നിർമ്മിച്ച വീട് ചുരുങ്ങിയ ചെലവിലാണ് നിർമാണം പൂർത്തീകരിച്ചതെന്ന് ആർകിടെക്റ്റ് പി.ബി.സാജൻ ഉൾപ്പെടെയുള്ളവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആഢംബരങ്ങളുടെ പുറകെ പോകാതെ പ്രകൃതിദത്തമായ ഉത്പ്പന്നങ്ങളാണ് വീട് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

വി. ശിവൻകുട്ടിയുടെ വീടിനെക്കുറിച്ച് വനിത വീട് ഓൺലൈനി‍ൽ പ്രസിദ്ധീകരിച്ച വാർത്ത ചുവടെ

വെള്ളായണിക്കായലിനെ അതിരിട്ടു നിൽക്കുന്ന ചെറിയൊരു കുന്നിൻമുകളിലാണ് ശിവൻകുട്ടിയുടെയും പാർവതീദേവിയുടെയും പുതിയ വീട്. ന ടന്നുവേണം വീട്ടുമുറ്റത്തെത്താൻ. ആരും അൽപമൊ ന്ന് വിയർത്തുപോകും! പക്ഷേ, നിമിഷങ്ങൾക്കകം ക്ഷീണമെല്ലാം മാറും. കായലും ചുറ്റുമുള്ള പച്ചപ്പും സമ്മാനിക്കുന്ന കാറ്റും കാഴ്ചകളും ശരീരത്തിലും മനസ്സിലും പ്രസരിപ്പു നിറയ്ക്കും.

ഇനി ഉള്ളിലേക്ക് കടന്നാലോ... മണ്ണിന്റെ ഇളംതണുപ്പാർന്നൊരു സ്നേഹാലിംഗനത്താലാകും വീട് നമ്മെ സ്വാഗതം ചെയ്യുക.

vs-2

മണ്ണാണ് മുഖ്യം

മണ്ണിന്റെ നിറവും മണവുമുള്ള കാഴ്ചകളാണ് അ കത്തളം നിറയെ... മൺകട്ട കെട്ടിയുണ്ടാക്കിയ ചുമരുകൾ, മണ്ണും മുളയും ചേർത്തുണ്ടാക്കിയ മേൽക്കൂര, തറയോട് വിരിച്ച നിലം... എല്ലായിടത്തുമുണ്ട് മണ്ണിന്റെ സാന്നിധ്യം.

‘‘മണ്ണിന്റെ ഉറപ്പിലും ബലത്തിലുമൊന്നും ഒരു സംശയവുമുണ്ടായിരുന്നില്ല. മണ്ണുകൊണ്ടു വേണം വീടു പണിയാനെന്ന് നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. മണ്ണിനൊപ്പം മുള കൂടി ചേർക്കാമെന്ന നിർദേശം ആർക്കിടെക്ട് പി.ബി.സാജന്റേതായിരുന്നു,’’ മൺവീടിന്റെ പിറവിക്കു പിന്നിലെ കഥ ശിവൻകുട്ടിയും പാർവതിയും പറയുന്നു.

മുളയുടെ ആയുസ്സിനെപ്പറ്റി ശിവൻകുട്ടിക്ക് സംശ യം ഉണ്ടായിരുന്നു. ട്രീറ്റ് ചെയ്താൽ നൂറ് വർഷത്തിലധികം കേടുകൂടാതെയിരിക്കുമെന്ന് സാജൻ ഉറപ്പുനൽകി. ‘നമ്മൾ ഒരു മുള വാങ്ങുമ്പോൾ അതു വെട്ടിയ ആദിവാസികൾക്ക് 70 രൂപ കിട്ടുമെന്ന് കേൾക്കുക കൂടി ചെയ്തതോടെ ശിവൻകുട്ടി സമ്മതംമൂളി,’ നിർമാണസമയത്തെ വിശേഷങ്ങൾ ആർക്കിടെക്ട് പി.ബി.സാജൻ ഒാർത്തെടുക്കുന്നു. പാലോട് സർക്കാർ ഡിപ്പോയിൽ നിന്നാണ് മുള വാങ്ങിയത്. കോസ്റ്റ്ഫോർഡിന്റെ ഓഫിസിലെത്തിച്ച് ട്രീറ്റ് ചെയ്തു.

നഗരത്തിരക്കിൽ നിന്നു മാറി ഒരു വീടുവേണമെന്ന ആഗ്രഹത്താലാണ് എട്ട് വർഷം മുൻപ് കാക്കാമൂലയിൽ 25 സെന്റ് വാങ്ങിയത്. ഒട്ടും തിടുക്കം ഇല്ലാതിരുന്നതിനാൽ നാല് വർഷം മുൻപ് തുടങ്ങിയ വീടുപണി ഇപ്പോഴാണ് പൂർത്തിയായത്.

vs-4

കട്ടയ്ക്ക് പറമ്പിലെ മണ്ണ്

കരിങ്കല്ല് കെട്ടിയ സാധാരണ അടിത്തറയ്ക്കു മുകളിൽ ഒരുവരി ഇഷ്ടികകൊണ്ട് ബെൽറ്റ് കെട്ടി അതിനുമുകളിൽ മൺകട്ട അടുക്കിയാണ് വീടു പണിതിരിക്കുന്നത്. പറമ്പിലെ മണ്ണിൽ അഞ്ച് ശതമാനം കുമ്മായം കൂടി ചേർത്ത് കുഴച്ചെടുത്ത് അച്ചിൽ നിരത്തിയ ശേഷം തണലിൽ വച്ച് ഉണക്കിയെടുത്താണ് മൺകട്ട നിർമിച്ചത്.

ലിന്റൽ ബീമിനു മാത്രമേ കോൺക്രീറ്റ് ഉപയോഗിച്ചുള്ളൂ. മൺകട്ടയുടെ ചുവരിനു മുകളിൽ ഒരുവരി ഇഷ്ടിക കെട്ടി അതിൽ തട്ട് പോലെ മുള അടുക്കിയ ശേഷം മുകളിൽ മണ്ണും കുമ്മായവും ഇട്ടുറപ്പിച്ചാണ് താഴത്തെ നിലയുടെ സീലിങ് ഒരുക്കിയത്. ഇതിനു മുകളിൽ ടൈൽ ഒട്ടിക്കുകയോ തറയോട് വിരിക്കുകയോ ചെയ്യാം. ചുവരിന്റെ മൂലകളിൽ പോയിന്റ് ലോഡ് വരുന്ന ഭാഗത്ത് മാത്രം മൺകട്ടയ്ക്കൊപ്പം കരിങ്കല്ലും ഇഷ്ടികയും കൂടി നൽകി. വീടിന് ഭംഗി കൂട്ടുന്ന ഡിസൈനിലാണ് ഇതു നൽകിയത്.

vs-6

കാറ്റാടിമരം കഴുക്കോലായി

ട്രീറ്റ് ചെയ്ത കാറ്റാടിമരമാണ് വരാന്തയുടെയും മൂന്നാംനിലയുടെയുമൊക്കെ മേൽക്കൂരയുടെ കഴുക്കോൽ. പഴയ പട്ടികയും ഇതിനൊപ്പം ഉപയോഗിച്ചു. ഓടും പഴയതു തന്നെ. നൂറു വർഷത്തിലധികം പഴക്കമുള്ള ഓട് കഴുകി വൃത്തിയാക്കി മേയുകയായിരുന്നു. പെയിന്റടിച്ചില്ല. ബാംബൂ പ്ലൈ ആണ് സീലിങ് ആയി പിടിപ്പിച്ചിരിക്കുന്നത്. സർക്കാർ സ്ഥാപനമായ ബാം ബൂ കോർപറേഷൻ നിർമിക്കുന്ന പ്ലൈ തന്നെ ഇതിനായി ഉപയോഗിച്ചു.

ഒറ്റനില മതിയെന്നായിരുന്നു ആദ്യത്തെ തീരുമാനം. പ്ലോട്ടിന് വീതി കുറവായതും കായൽക്കാഴ്ചകൾ കാണാൻ കൂടുതൽ സൗകര്യം ലഭിക്കുമെന്നതും പരിഗണിച്ചാണ് വീടിന് ഉയരം കൂട്ടിയത്. ഡൽഹിയിൽ സോഷ്യൽ ഡിസൈൻ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ മകൻ ഗോവിന്ദ് ശിവന്റെ സ്റ്റുഡിയോ സ്പേസും ബാൽക്കണിയുമാണ് ഏറ്റവും മുകളിലെ നിലയിൽ. കായലിന്റെ ഏറ്റവും മനോഹരദൃശ്യങ്ങൾ ആസ്വദിക്കാമെന്നതിനാൽ ഇവിടമാണ് വീട്ടുകാർക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട ഇടം.

രണ്ടു ലക്ഷത്തിന് വാതിലും ജനലും

vs-5

വീടുവയ്ക്കാൻ ഒറ്റ മരവും മുറിച്ചില്ലെന്നു പറഞ്ഞാൽ അതു കള്ളമാകുമെന്ന് ശിവൻകുട്ടി ചിരിയോടെ പറയുന്നു.

‘‘രണ്ട് അക്കേഷ്യ മുറിച്ചു. കിണറിനടുത്തുണ്ടായിരുന്ന മരങ്ങൾ അമിതമായി വെളളം ഊറ്റിയെടുക്കുമെന്നതിനാലാണ് മുറിച്ചത്. അതല്ലാതെ മരം മുറിക്കുകയോ കുന്നിടിക്കുകയോ ഉണ്ടായില്ല.’’

ഒന്നിനും കൊളളില്ലെന്നു കരുതി കളയാനിട്ടിരുന്ന അക്കേഷ്യ തടികൊണ്ടാണ് വീട്ടിലെ ഒട്ടുമിക്ക ഫർണിച്ചറും പണിതത്. അഞ്ച് കട്ടിൽ, ഊണുമേശ, ഡ്രസിങ് ടേബിൾ, കസേരകൾ എന്നിവയ്ക്കെല്ലാം ഈ തടി തികഞ്ഞു.

vs-1

വാതിലും ജനലും ഒന്നുപോലും പുതിയതു വാങ്ങിയില്ല. എല്ലാം പഴയ തടി വിൽക്കുന്നിടത്തുനിന്ന് വാങ്ങുകയായിരുന്നു. പാർവതിക്കായിരുന്നു ആ ചുമതല. ശിവൻകുട്ടിയുമായി സാധനം വാങ്ങാൻ പോയാൽ കടക്കാർ പണം വാങ്ങാൻ മടിക്കും. അതിനാൽ ഒരിടത്തും ശിവൻകുട്ടിയെ കൂട്ടിയില്ല. പഴയ തടിക്കെല്ലാം കൂടി രണ്ട് ലക്ഷം രൂപയേ ചെലവായുള്ളൂ.

‘‘ വീടു പണിത ആശാരിമാരുടെ മികവ് സമ്മതിച്ചേ മതിയാകൂ. വീടിന്റെ അളവിനുള്ള വാതിലും ജനലും പണിയിക്കുകയാണ് എല്ലായിടത്തും. എന്നാൽ, ഇവിടെ നമ്മൾ വാങ്ങി നൽകുന്ന സാധനങ്ങൾ വീടിന്റെ അളവിലേക്കു പരുവപ്പെടുത്തുകയായിരുന്നു. പല വീടുകളുടെ വാതിലും ജനലുമാണിവിടെയുള്ളതെന്ന് ആർക്കും മനസ്സിലാകില്ല.’’

അധികം വന്ന തടികൊണ്ട് കിച്ചൻ കാബിനറ്റും സ്വിച്ച് ബോർഡും വരെ പണിതെന്ന് പാർവതി ചൂണ്ടിക്കാട്ടുന്നു. ഒരു കഷണം തടിപോലും വെറുതെ കളയേണ്ടിവന്നില്ല.

പ്ലാസ്റ്റിക്കിന് പ്രവേശനമില്ല

പുതിയ വീട്ടിൽ പ്ലാസ്റ്റിക്കിന് ‘നോ എൻട്രി’ വിധിച്ചിരിക്കുകയാണ് ശിവൻകുട്ടിയും പാർവതിയും. അടുക്കളയിലെങ്ങും ഒരു പ്ലാസ്റ്റിക് പാത്രമോ കുപ്പിയോ ഇല്ല. കളിമൺപാത്രങ്ങളാണ് ഒട്ടുമിക്കതും. കുട്ടകളൊക്കെ വാഴനാരും പനയോലയും കൊണ്ടുള്ളതാണ്. ബാത്റൂമിലെ ബക്കറ്റും മഗും അലുമിനിയത്തിന്റേതാക്കി. അയ കെട്ടുന്ന കയറു പോലും പ്ലാസ്റ്റിക്കല്ല, ചണത്തിന്റേതാണ്.

‘‘മണ്ണിൽ ലയിക്കാത്തതൊന്നും നമ്മുടെ വീട്ടിൽ വേണ്ട.’’ ഇരുവരും നയം വ്യക്തമാക്കുന്നു.

ഉറപ്പിന് കുറവുണ്ടോ...?

ഇതുവരെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടത്തിയിട്ടില്ല. ഡിസംബറിൽ മകൻ അവധിക്കെത്തുമ്പോൾ ബിരിയാണി വച്ച് തുടങ്ങാനാണ് പദ്ധതി.

ഒഴിവു സമയത്ത് വീട്ടിലെത്തുമ്പോൾ ഒരുപാടുപേർ വീടു കാണാനെത്തും. മിക്കവർക്കും ഒരു സംശയം ചോദിക്കാനുണ്ടാകും.

‘മണ്ണിനും മുളയ്ക്കുമൊക്കെ ഉറപ്പുണ്ടാകുമോ...?’

എല്ലാവരോടും പറയുന്ന ഉത്തരം ഒന്നുതന്നെ.

‘‘ഓഖി ചുഴലിക്കാറ്റിനെയും മഹാപ്രളയത്തെയും ഈ വീട് അതിജീവിച്ചു. അതുപോരേ....?’’ ■

vs-1

Architect Speaks

പി. ബി. സാജൻ

കോസ്റ്റ്ഫോർഡിന്റെ ജോയിന്റ് ഡയറക്ടർ. മണ്ണ്, മുള, കുമ്മായം തുടങ്ങിയ പരിസ്ഥിതി സൗഹാർദ നിർമാണവസ്തുക്കൾക്ക് പ്രാമുഖ്യം  നൽകുന്ന നിർമാണശൈലിയുടെ പ്രചാരകൻ. രൂപകൽപനാ രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തിനുടമ.

മണ്ണ്, മുള, കുമ്മായം തുടങ്ങി പ്രാദേശികമായ നിർമാണവസ്തുക്കളാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്...?

‌ പ്രാദേശികമായ നിർമാണവസ്തുക്കൾ മത്രമല്ല, തൊഴിൽവൈദഗ്ധ്യവും പ്രയോജനപ്പെടുത്തി. 50 ലക്ഷമോ ഒരു കോടിയോ മുടക്കി വീടു പണിയുമ്പോൾ നമ്മുടെ നാടിന് എന്തു പ്രയോജനം കിട്ടുന്നു എന്ന ചോദ്യം വളരെ പ്രസക്തമാണ്. ബഹുരാഷ്ട്ര കമ്പനികളുടെ കീശ വീർപ്പിച്ചിട്ട് നമുക്കെന്തെങ്കിലും പ്രയോജനമുണ്ടോ? ഈ വീടിന്റെ കാര്യത്തിൽ നിർമാണവസ്തുക്കൾക്ക് ബജറ്റിന്റെ 40 ശതമാനം തുക മാത്രമേ ചെലവായുള്ളൂ. 60 ശതമാനം പണിക്കൂലി ഇനത്തിലാണ് നൽകിയത്. സാധാരണഗതിയിൽ ഇതു നേരെ തിരിച്ചാകും സംഭവിക്കുക.

പ്രളയം നമ്മുടെ നിർമാണഭാഷയിൽ തിരുത്തലുകൾ ആവശ്യപ്പെടുന്നില്ലേ..?

തീർച്ചയായും. കാലാവസ്ഥാ വ്യതിയാനമാണ് പ്രളയത്തിന് കാരണം എന്ന റിപ്പോർട്ടാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തു വിട്ടിരിക്കുന്നത്. അന്തരീക്ഷ താപനില കൂട്ടുന്ന കാർബൺ വാതകങ്ങൾ പുറന്തള്ളുന്നതിൽ നിർമാണമേഖലയാണ് മുന്നിൽ. ഇത് ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദ മാർഗമാണ് മുളയുടെ ഉപയോഗം.

vs

ചിത്രങ്ങൾ: ഹരികൃഷ്ണൻ

തയ്യാറാക്കിയത്; സിനു ചെറിയാൻ