Friday 30 April 2021 12:15 PM IST

വീടു പണിയില്‍ പ്ലമിങ് തുടങ്ങാറായോ? ക്ലോസറ്റ് തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിച്ചേക്കണേ...

Sunitha Nair

Sr. Subeditor, Vanitha veedu

closet 1

ഏതു ക്ലോസറ്റ് ആണ് പിടിപ്പിക്കുന്നതെന്ന് തീരുമാനിച്ചതിനു ശേഷം വേണം പ്ലമിങ് ആരംഭിക്കാൻ. കാരണം, ഫിനിഷ് ചെയ്ത ഫ്ലോറിൽ നിന്നും ക്ലോസറ്റിന്റെ ട്രാപ്പിന്റെ മധ്യത്തിലേക്കുള്ള ദൂരം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ക്ലോസറ്റിന്റെ ഡിസൈൻ മാറുന്നതിനനുസരിച്ച് ഇതിൽ മാറ്റം വരും.

വോൾഹാങ്ങിങ് ക്ലോസറ്റുകൾ തറയിൽ മുട്ടിയിരിക്കാത്തതു കാരണം ബാത്റൂം വൃത്തിയാക്കാൻ എളുപ്പമാണ്. ക്ലോസറ്റ് തറയോടു ചേർന്നിരുന്നാൽ കുറേ വർഷങ്ങൾക്കു ശേഷം തറയോടു ചേർന്നിട്ടുള്ള ഭാഗത്ത് കറയുടെ പാടുകൾ വരാൻ സാധ്യതയുണ്ട്. േവാൾഹാങ്ങിങ് ക്ലോസറ്റുകൾക്ക് ഈ പ്രശ്നമില്ല. എന്നാൽ ഇത് ഉറപ്പിക്കുമ്പോൾ തറയിൽ നിന്നുള്ള ഉയരം പ്രത്യേകം ശ്രദ്ധിക്കണം.

closet 2

ക്ലോസറ്റിനൊപ്പം ചേർത്തു വയ്ക്കുന്നവ, കൺസീൽഡ് ടൈപ്പ്, ക്ലോസറ്റിനോടു ചേർത്തല്ലാതെ വയ്ക്കുന്നത് എന്നിങ്ങനെ പലതരം ഫ്ലഷ് ടാങ്കുകൾ ലഭ്യമാണ്. ഫാഫ് ഫ്ലഷ്, ഫുൾ ഫ്ലഷ് ബട്ടണുകൾ ഉള്ളവ തിരഞ്ഞെടുത്താൽ ജലത്തിന്റെ അമിത ഉപയോഗം ഒരു പരിധി വരെ നിയന്ത്രിക്കാം.

ക്ലോസറ്റിൽ നിന്ന് പുറത്തുപോകുന്ന പൈപ്പിനകത്ത് അന്തരീക്ഷ മർദം തന്നെയാവണം. മർദവ്യതിയാനം സംഭവിച്ചാൽ ക്ലോസറ്റിനകത്തെ വാട്ടർ സീൽ നഷ്ടപ്പെടുകയും ബാത്റൂമിനകത്ത് ദുർഗന്ധം കെട്ടിനിൽക്കുകയും ചെയ്യും. എല്ലാ ക്ലോസറ്റിനും വാട്ടർ സീൽ ഉണ്ടായിരിക്കും, വാട്ടർസീൽ എന്നു പറയുന്നത് ക്ലോസറ്റിനുള്ളിലെ വെള്ളമാണ്. അത് എപ്പോഴും അവിടെയുണ്ടാകും. ആ വെള്ളം കാരണം സെപ്റ്റിക് ടാങ്കിലെ ദുഷിച്ച മണം ബാത്റൂമിൽ പ്രവേശിക്കില്ല.

ക്ലോസറ്റിനകത്തെ വാട്ടർ സീലിനു വേണ്ട വെള്ളവും കൂടി സൈഫോണിക് ആക്ഷൻ പ്രകാരം വലിച്ചു വിടുമ്പോഴാണ് ബാത്റൂമിൽ ദുർഗന്ധമുണ്ടാകുന്നത്. അതിനാൽ ഈ പൈപ്പിനകത്തെ മർദം അന്തരീക്ഷ മർദത്തിനൊപ്പം കാത്തു സൂക്ഷിക്കാൻ ആ കുഴലിൽ വെന്റ് പൈപ്പുകൾ സ്ഥാപിക്കണം. വെന്റ് പൈപ്പുകളുടെ മുകൾഭാഗം അന്തരീക്ഷത്തിലേക്ക് തുറക്കുന്നതു കാരണം അന്തരീക്ഷത്തിലെ മർദം തന്നെയാകും കുഴലിനുള്ളിലും.

closet 3

ഇരട്ട ഫ്ലഷുള്ള ക്ലോസറ്റ് ഉപയോഗിച്ചാൽ വെള്ളത്തിന്റെ ഉപയോഗം വളരെയധികം കുറയ്ക്കാം. ഹൈ ഫ്ലോ ഷവറുകളിൽ ഫ്ലോ റസ്ട്രിക്ടർ പോലെയുള്ള ക്രമീകരണങ്ങളുണ്ടെങ്കിൽ ജലോപയോഗത്തിൽ കാര്യമായ കുറവുണ്ടാകും. പി ട്രാപ്പ്, എസ് ട്രാപ്പ് എന്നിങ്ങനെ രണ്ടുതരം ക്ലോസറ്റുകളുണ്ട്. ക്ലോസറ്റുകളുടെ ഒൗട്ട്‌ലെറ്റ് പൈപ്പുകളുടെ ഘടനയിലെ വ്യത്യാസമാണ് ഈ പേരുകൾ സൂചിപ്പിക്കുന്നത്.

പി ട്രാപ്പ് ക്ലോസറ്റുകളിൽ ഒൗട്ട്‌ലെറ്റ് പൈപ്പ് നേരെ പിറകുവശത്തേക്കാണ്. എസ് ട്രാപ്പിൽ അതു താഴേക്കാണ്. സീവേജ് പൈപ്പ് തറയ്ക്കുള്ളിലൂടെ കൊണ്ടു പോകാൻ സൗകര്യമുള്ളയിടത്ത് എസ് ട്രാപ്പ് ക്ലോസറ്റുകളാണ് ഉചിതം. ഫസ്റ്റ് ഫ്ലോറിലും മറ്റും ഇതു പ്രാവർത്തികമല്ലാതെ വരുന്ന സാഹചര്യങ്ങളിൽ ക്ലോസറ്റിനു പിറകിലെ ഭിത്തി തുരന്നാണ് പൈപ്പ് കണക്ട് ചെയ്യുക. ഇവിടെ പി ട്രാപ്പ് ക്ലോസറ്റുകളാണ് അനുയോജ്യം.

Tags:
  • Vanitha Veedu