Monday 18 March 2019 05:51 PM IST : By സ്വന്തം ലേഖകൻ

ചോർച്ചയുടെ അനന്തര ഫലം ബലക്ഷയം!; ‘വാട്ടർപ്രൂഫിങ്’ ടെക്നിക്കുകളിലൂടെ ചോർച്ചയും ഈർപ്പവും ഒഴിവാക്കാം

wp

കെട്ടിടത്തിന് ബലക്ഷയവും വീട്ടുകാർക്ക് ടെൻഷനും. ഇതു രണ്ടുമാണ് ചോർച്ചയുടെ അനന്തരഫലം. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെയുള്ള വീടുനിർമാണവും കൃത്യമായ പരിപാലനവുമാണ് ചോർച്ചയും ചുമരിലെ ഈർപ്പം പിടിക്കലും ഒഴിവാക്കാനുള്ള മാർഗം.

നിർമാണസമയത്തും പിന്നീടും പ്രയോജനപ്പെടുത്താവുന്ന ‘വാട്ടർപ്രൂഫിങ്’ ടെക്നിക്കുകളും ചോർച്ച തടയും.

wp-4

ശ്രദ്ധിക്കാൻ അഞ്ച് സ്ഥലങ്ങൾ

വീടിന്റെ തറ, പുറംചുമരുകൾ, മേൽക്കൂര, ബാത്റൂം, അടുക്കളയിലെ സിങ്ക് ഏരിയ. ഈ അഞ്ച് സ്ഥലങ്ങളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ഇവിടങ്ങളിലാണ് വെള്ളം പിടിക്കാനും ചോർച്ച ഉണ്ടാകാനും സാധ്യത കൂടുതൽ. വീടുനിർമാണസമയത്തു തന്നെ ഇവിടങ്ങളിൽ വാട്ടർപ്രൂഫിങ് ചെയ്യുന്നതാണ് ഉചിതം.

ഇന്റഗ്രൽ, ലെയർ, മെമറേൻ എന്നിങ്ങനെ മൂന്ന് തരത്തിൽ ഇതു സാധ്യമാക്കാം. മേൽക്കൂര കോൺക്രീറ്റ് ചെയ്യുമ്പോഴും തറയും ചുമരും പ്ലാസ്റ്റർ ചെയ്യുമ്പോഴുമൊക്കെ സിമന്റിനൊപ്പം വാട്ടർപ്രൂഫിങ് മിശ്രിതം കൂടി ചേർക്കുന്ന രീതിയാണ് ‘ഇന്റഗ്രൽ വാട്ടർപ്രൂഫിങ്’. കോൺക്രീറ്റിൽ ചെറിയ വിള്ളലുകളും മറ്റും രൂപപ്പെടുന്നത് തടയുകയും , മൊത്തത്തിലുള്ള പിടിത്തവും ഉറപ്പും കൂട്ടുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ദ്രാവക രൂപത്തിലുള്ള ‘വാട്ടർപ്രൂഫിങ് അഡ്മിക്സ്ചർ’ സിമന്റിനൊപ്പം ചേർത്താണ് ഉപയോഗിക്കേണ്ടത്. ഒരു ചാക്ക് സിമന്റിന് 200 മില്ലി ലീറ്റർ എന്നതാണ് അനുപാതം. ഒരു ലീറ്റർ അഡ്മിക്സ്ചറിന് 100 രൂപ മുതലാണ് വില. ഒരു ചാക്ക് സിമന്റിന് ആവശ്യമായ വാട്ടർപ്രൂഫിങ് അഡ്മിക്സ്ചറിന് ചെലവ് ഉദ്ദേശം 15 രൂപ.

wp-3

ലെയർ വാട്ടർപ്രൂഫിങ്

ചുമരിലേക്കും മേൽക്കൂരയിലേക്കും വെള്ളം കടക്കുന്നത് തടയും വിധം ഒരു പാളി പോലെ പ്രവർത്തിക്കുമെന്നതാണ് ലെയർ വാട്ടർപ്രൂഫിങ്ങിന്റെ പ്രത്യേകത. വീടു പണിയുന്ന സമയത്തോ പിന്നീട് എന്തെങ്കിലും തരത്തിലുള്ള ചോർച്ച ശ്രദ്ധയിൽപ്പെടുമ്പോഴോ ഇത് പ്രയോജനപ്പെടുത്താം. വാട്ടർപ്രൂഫിങ് ലിക്വിഡ്, പൗഡർ എന്നിവ കൂട്ടിച്ചേർത്ത് തയാറാക്കുന്ന മിശ്രിതം (Two Component Mixture), ബ്രഷ് അല്ലെങ്കി ൽ റോളർ ഉപയോഗിച്ച് തേച്ചു പിടിപ്പിച്ചാണ് ലെയർ വാട്ടർപ്രൂഫിങ് നൽകുന്നത്. 0.75 എംഎം മുതൽ ഒരു എംഎം വരെയായിരിക്കും ഇതിന്റെ കനം.

പുതിയ വീട് പണിയുമ്പോൾ പുറംചുമര് പ്ലാസ്റ്റർ ചെയ്ത ശേഷം ഒരു കോട്ട് പ്രൈമർ അടിച്ച് അതിനു മുകളിലാണ് ലെയർ കോട്ടിങ് നൽകേണ്ടത്. ഇതിൽ നേരിട്ട് പെയിന്റടിക്കാം. പുട്ടി ഇടുന്നുണ്ടെങ്കിൽ അതിനു മുകളിൽ വേണം ലെയർ കോട്ടിങ് നൽകാൻ. ചതുരശ്രയടിക്ക് എട്ട് രൂപ മുതൽ 40 രൂപ വരെയാണ് ഇതിനുള്ള ചെലവ്.

പഴയ വീടിന്റെ ചുമരിൽ ഈർപ്പം പിടിക്കുന്നതിന് പരിഹാരമായും ലെയർ വാട്ടർപ്രൂഫിങ് നൽകാം. പെയിന്റ് മുഴുവൻ ചുരണ്ടിക്കളഞ്ഞ് വിള്ളലുകളും പൊട്ടലുകളുമെല്ലാം ക്രാക്ക് ഫില്ലർ (Crack Filler) ഉപയോഗിച്ച് അടച്ച ശേഷമാണ് കോട്ടിങ് നൽകേണ്ടത്. ഇതിനു മുകളിൽ പെയിന്റ് അടിച്ച് ഫിനിഷിങ് വരുത്താം .

wp-2

പുതിയ മേൽക്കൂരയുടെ കാര്യത്തിൽ കോൺക്രീറ്റിങ് പൂർത്തിയായി നനയും (കുറഞ്ഞത് 28 ദിവസം) കഴിഞ്ഞ ശേഷം പ്ലാസ്റ്ററിങ് ചെയ്യുന്നതിനു മുൻ‌പായാണ് ലെയർ വാട്ടർപ്രൂഫിങ് ചെയ്യേണ്ടത്. മേൽക്കൂരയുടെ വലുപ്പം, ചെരിവ് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചു വേണം സിംഗിൾ ലെയർ കോട്ടിങ്, മൾട്ടി ലെയർ കോട്ടിങ് ഇവയിൽ ഏതു വേണം എന്നു തീരുമാനിക്കാൻ. കോട്ടിങ് നൽകിയ ശേഷം അതിനു മുകളിൽ വേണം പ്ലാസ്റ്ററിങ് ചെയ്യാൻ. ചതുരശ്രയടിക്ക് 12 രൂപ മുതൽ 35 രൂപ വരെയാണ് മേൽക്കൂരയിലെ ലെയർ വാട്ടർപ്രൂഫിങ്ങിനുള്ള ഏകദേശ ചെലവ്.

നിലവിലുള്ള ചോർച്ച പരിഹരിക്കാനും ലെയർ വാട്ടർപ്രൂഫിങ് ഉപകരിക്കും. പ്രതലം നല്ലതുപോലെ വൃത്തിയാക്കി പൊട്ടലുകളെല്ലാം ക്രാക്ക് ഫില്ലർ ഉപയോഗിച്ച് ശരിയാക്കിയെടുക്കുകയാണ് ആദ്യപടി. മേൽക്കൂര ഒരേ നിരപ്പിലാണെന്നും ഉറപ്പാക്കണം. ഒരു കോട്ട് പ്രൈമർ അടിച്ച ശേഷം അതിനു മുകളിലാണ് ലെയർ വാട്ടർപ്രൂഫിങ് ചെയ്യേണ്ടത്. ഇതിനു മുകളിലൂടെ നടക്കുകയും മറ്റും ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല. പ്രമുഖ കമ്പനികളൊക്കെ അഞ്ച് വർഷം വരെ ഗാരന്റി നൽകുന്നുണ്ട്.

വീടിന്റെ തറയിൽ ഈർപ്പം പിടിക്കുന്നത് തടയാനും ലെയർ വാട്ടർപ്രൂഫിങ് സഹായിക്കും. ക്രിസ്റ്റലൈൻ മെറ്റീരിയലിന്റെ അളവ് കൂടുതലുള്ള വാട്ടർപ്രൂഫിങ് ഏജന്റ് ആണ് ഇവിടേക്ക് കൂടുതൽ അഭികാമ്യം. തറ പരുക്കനിട്ട് വാട്ടർപ്രൂഫ് കോട്ടിങ് നൽകി അതിനു മുകളിൽ പ്ലാസ്റ്റിങ് ചെയ്ത ശേഷം വേണം ടൈൽ ഒട്ടിക്കാൻ. ചതുരശ്രയടിക്ക് 20 രൂപ മുതലാണ് ഇതിനുള്ള ചെലവ്. തറയിലെ ബെൽറ്റിലും ഇതുമായി ബന്ധപ്പെട്ട തൂണുകളിലും കൂടി ഈർപ്പം മുകളിലേക്കെത്തുന്നതു തടയാൻ ഇവയിൽ ഇലാസ്റ്റോമെറിക് എമൽഷൻ കോട്ടിങ് നൽകാം

wp-1

ബാത്റൂമിന് പ്രത്യേക ശ്രദ്ധ

ബാത്റൂമിന്റെ തറയിൽ മുഴുവനായും ചുവരിൽ താഴെ നിന്ന് രണ്ട് അടി പൊക്കത്തിലും വാട്ടർപ്രൂഫിങ് ചെയ്യുന്നതാണ് ചുമരുകളിൽ ഈർപ്പം പിടിക്കുന്നത് തടയാനുള്ള ഫലപ്രദ മാർഗം. എപ്പോഴും വെള്ളം വീഴുന്ന ‘വെറ്റ് ഏരിയ’യിലെ ചുമര് മുഴുവനായിത്തന്നെ വാട്ടർപ്രൂഫിങ് ചെയ്യുന്നതും ഗുണം ചെയ്യും.

ഡബിൾ ലെയർ വാട്ടർപ്രൂഫിങ് ആണ് ബാത്റൂമിലേക്ക് കൂടുതൽ അനുയോജ്യം. ചതുരശ്രയടിക്ക് 18 രൂപ മുതലാണ് ഇതിനുള്ള ഏകദേശ ചെലവ്. വാട്ടർപ്രൂഫിങ് ചെയ്ത ശേഷം തറയിൽ വെള്ളം കെട്ടിനിർത്തി ഒട്ടും ചോരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം വേണം ടൈൽ ഒട്ടിക്കാൻ. സിമന്റ് ഗ്രൗട്ടിന് പകരം ‘എ പ്പോക്സി ജോയ്ന്റ് ഫില്ലർ’ ഉപയോഗിച്ച് ടൈൽ ഒട്ടിക്കുന്നതും വെള്ളം താഴേക്ക് ഇറങ്ങുന്നതു തടയും.

ബാത്റൂം വാട്ടർപ്രൂഫിങ്ങിനായി മിക്ക കമ്പനികളും പ്രത്യേക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്. അടുക്കളയിൽ സിങ്കിനോട് ചേർന്നുള്ള ഭാഗത്തെ ചുമരും തറയും ഇത്തരത്തിൽ വാട്ടർപ്രൂഫിങ് ചെയ്യാം.

ഷീറ്റ് ഒട്ടിച്ച് ചോർച്ച തടയാം

കനം കുറഞ്ഞ ഷീറ്റ് ഒട്ടിക്കുന്നതാണ് ചോർച്ച തടയാനുള്ള മറ്റൊരു മാർഗം. മേൽക്കൂരയിലാണ് ഇത് കൂടുതൽ അഭികാമ്യം. ബിറ്റുമിൻ, അക്രിലിക്, പിയു, ബ്യൂട്ടനോൾ തുടങ്ങിയവയുടെയൊക്കെ ഷീറ്റുകൾ വിപണിയിൽ ലഭിക്കും. ‘വാട്ടർപ്രൂഫിങ് മെമ്മേറൻ ’ (Waterproofing Membrane) എന്നാണ് ഇവ അറിയപ്പെടുന്നത്. 1.2 മീറ്റർ വീതിയും 20 മീറ്റർ നീളവുമുള്ള റോളർ ഷീറ്റ് ആയാണ് ഇവ ലഭിക്കുക. 600 മൈക്രോൺ മുതൽ ഒന്നര എംഎം വരെ കനമുള്ള ഷീറ്റ് ലഭ്യമാണ്. ഇവയുടെ ഒരു വശത്ത് പശ ഉണ്ടായിരിക്കും. ബിറ്റുമിൻ ഷീറ്റുകൾ ഉരുക്കി ഒട്ടിക്കുകയാണ് ചെയ്യുന്നത്. ചതുരശ്രയടിക്ക് 50 രൂപ മുതലാണ് ഏകദേശ വില.

ചോർച്ച തടയുന്നതിനൊപ്പം വീടിനുള്ളിലെ ചൂട് കുറയ്ക്കാനും ഇത്തരം ഷീറ്റുകൾ സഹായിക്കും. റിഫ്ലക്ടിവിറ്റി കൂടിയ അക്രിലിക് ഷീറ്റുകൾ പത്ത് ശതമാനം വരെ ചൂട് കുറയ്ക്കുമെന്നാണു കമ്പനികൾ ഉറപ്പു പറയുന്നത് ചതുരശ്രയടിക്ക് 55 രൂപ മുതലാണ് ഇവയുടെ വില. ■

വിവരങ്ങൾക്കു കടപ്പാട്:

വി.കെ. ജിനചന്ദ്ര ബാബു, കസ്റ്റമർ സർവീസ് മാനേജർ,

പിഡിലൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, കൊച്ചി.

ഏബ്രഹാം പി. ഏബ്രഹാം, ഡെപ്യൂട്ടി ജനറൽ മാനേജർ

സെയിൽ‌സ്, ആർഡെക്സ് എൻഡ്യുറ, കൊച്ചി.