Wednesday 29 May 2019 04:20 PM IST : By സ്വന്തം ലേഖകൻ

മഴവെള്ള സംഭരണിയിലെ ജലം കുടിവെള്ളമാക്കാമോ?; കുടിനീരിനായി മഴയൊരുക്കം; മഴവെള്ള സംഭരണം

rain

മഴവെള്ള സംഭരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് സിസിഡിയു മുൻ ഡയറക്ടർ ഡോ. സുഭാഷ് ചന്ദ്രബോസ് മറുപടി നൽകുന്നു

മഴവെള്ള സംഭരണിയിലെ ജലം കുടിവെള്ളമായി ഉപയോഗിക്കാമോ?

തീർച്ചയായും ഉപയോഗിക്കാം. ലഭ്യമായതിൽ ഏറ്റവും ശുദ്ധമായ ജലമാണ് മഴവെള്ളം. നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത രീതിയിൽ സംഭരണിക്കുള്ളിൽ ശേഖരിച്ചിരിക്കുന്ന മഴവെള്ളവും ശുദ്ധമാണ്. സൂര്യപ്രകാശം ഏൽക്കാത്തതിനാൽ ജലത്തിൽ പായൽ, പൂപ്പൽ, സൂക്ഷ്മാണുക്കൾ തുടങ്ങിയവയുടെ സാന്നിധ്യം ഉണ്ടാകില്ല.

സംഭരണിയിലെ ജലം ശുദ്ധമായിരിക്കാൻ എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്?

മഴക്കാലമെത്തുന്നതിനു മുൻ‌പ് ടെറസ് വൃത്തിയാക്കുക. ആദ്യത്തെ രണ്ട് മൂന്ന് മഴയുടെ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുക. സംഭരണിയിൽ എത്തുന്നതിനു മുൻപ് ചിരട്ടക്കരി, മണൽ, ചരൽ, മെറ്റൽ എന്നിവ വിരിച്ച അരിപ്പയിലൂടെ (ഫിൽറ്റർ) മഴവെള്ളം കടത്തിവിടണം.

ചെലവ് കുറഞ്ഞ രീതിയിൽ മഴവെള്ള സംഭരണി നിർമിക്കാനുള്ള മാർഗം എന്താണ്?

ഫെറോസിമന്റ് സാങ്കേതികവിദ്യയിൽ നിർമിച്ച കൃത്രിമ ടാങ്കുകൾ ആണ് ഏറ്റവും ചെലവ് കുറഞ്ഞ മാർഗം. ലീറ്ററിന് നാല് – അഞ്ച് രൂപ നിരക്കിലാണ് ഇതിനു ചെലവ് വരിക. ചിക്കൻമെഷ്, വെൽഡ്മെഷ്, മണൽ, സിമന്റ് എന്നിവ ഉപയോഗിച്ചാണ് ഫെറോസിമന്റ് ടാങ്ക് നിർമിക്കുന്നത്. ഭൂമിക്ക് അടിയിലോ മുകളിലോ പകുതി ഭൂമിക്ക് അടിയിലും ബാക്കി മുകളിലുമായോ ഇത്തരം ടാങ്ക് നിർമിക്കാം.

എത്ര ലീറ്റർ സംഭരണശേഷിയുള്ള ടാങ്ക് വരെ ഫെറോസിമന്റിൽ നിർമിക്കാം?

10,000 ലീറ്റർ മുതൽ അഞ്ച് ലക്ഷം ലീറ്റർ വരെ സംഭരണശേഷിയുള്ള ഫെറോസിമന്റ് ടാങ്കുകളാണ് സാധാരണ നിർമിക്കുന്നത്. നിയമസഭാ വളപ്പിൽ അഞ്ച് ലക്ഷം ലീറ്റർ ശേഷിയുള്ള അഞ്ച് ടാങ്കുകളുണ്ട്.

r6

മഴവെള്ള സംഭരണി നിർമിക്കുന്നതിന് ഗവൺമെന്റിന്റെ സഹായം ലഭിക്കുമോ?

വിവിധ ഗവൺമെന്റ് പദ്ധതികൾ വഴി സബ്സി‍ഡി ലഭ്യമാണ്. ആകെ നിർമാണച്ചെലവിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി നൽകുകയാണ് ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ഇതു ലഭിക്കുക. ഗ്രാമപഞ്ചായത്ത്, ജലനിധി, മഴകേന്ദ്രം എന്നിവയൊക്കെ വഴി സഹായം ലഭിക്കും. ചിലയിടങ്ങളിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം മഴവെള്ള സംഭരണി, കിണർ റീ ചാർജിങ് എന്നിവ ചെയ്തുകൊടുക്കാറുണ്ട്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ഗ്രാമസഭകളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ലഭിക്കും.

മഴവെള്ള സംഭരണിക്ക് എത്ര ശതമാനം സബ്സിഡിയാണ് ലഭിക്കുക?

മഴവെള്ള സംഭരണി നിർമിക്കാൻ 50 മുതൽ 75 ശതമാനം വരെ സബ്സിഡി ലഭിക്കാം. ഓരോ പഞ്ചായത്തിന്റെയും പദ്ധതികൾക്കനുസരിച്ച് സബ്സിഡിയിൽ ഏറ്റക്കുറച്ചിൽ വരാം.

വലിയ വീടുകളിൽ മഴവെള്ള സംഭരണി നിർബന്ധമാണ് എന്നു കേൾക്കുന്നു. എത്ര വലുപ്പമുള്ള വീടുകൾക്കാണ് ഇതു ബാധകം?

150 ചതുരശ്ര മീറ്റർ അഥവാ 1614 ചതുരശ്രയടിയിൽ കൂടുതൽ വലുപ്പമുള്ള വീടുകളിൽ മഴവെള്ള സംഭരണി നിർബന്ധമാക്കിയുള്ള ഉത്തരവ് 2011 ൽ പുറപ്പെടുവിച്ചിട്ടുണ്ട്.

അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് എത്ര ലീറ്റർ സംഭരണശേഷിയുള്ള ടാങ്ക് ആണ് വേണ്ടത്?

കുടിവെള്ളം, പാചകം, മറ്റു പ്രാഥമിക ആവശ്യങ്ങൾ എന്നിവയ്ക്കായി ഒരാൾക്ക് ദിവസം ശരാശരി 20 ലീറ്റർ വെള്ളം വേണ്ടിവരും. ഇതനുസരിച്ച് അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് ദിവസം ഏകദേശം നൂറ് ലീറ്റർ വെള്ളം വേണം. വർഷത്തിൽ തീരെ മഴ ലഭിക്കാത്ത നൂറ് വേനൽദിനങ്ങൾ ഉണ്ടാകും എന്ന് കണക്കാക്കിയാൽ 10,000 ലീറ്റർ ശേഷിയുള്ള മഴവെള്ള സംഭരണികൊണ്ട് വേനൽക്കാലം അതിജീവിക്കാനാകും. 10,000 മുതൽ 50,000 ലീറ്റർ വരെ ശേഷിയുള്ള മഴവെള്ള സംഭരണികളാണ് പൊതുവെ വീടുകളിൽ നിർമിക്കുക.

r4

ആയിരം ചതുരശ്രയടി വിസ്തീർണമുള്ള മേൽക്കൂര വഴി പ്രതിവർഷം എത്ര ലീറ്റർ മഴവെള്ളം സംഭരിക്കാനാകും?

മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം ലീറ്റർ വരെ മഴവെള്ളം സംഭരിക്കാനാകും. കേരളത്തിൽ പ്രതിവർഷം ശരാശരി 3000 – 3500 മില്ലിലീറ്റർ മഴ ലഭിക്കുന്നു എന്നാണ് കണക്ക്. ഒരു ഹെക്ടർ ഭൂമിയിൽ ഒരു വർഷം പതിക്കുന്ന മഴവെള്ളത്തിന്റെ അളവ് ഒരു കോടി 20 ലക്ഷം ലീറ്റർ കവിയും. എത്രമാത്രം മഴവെളളം നാം പാഴാക്കുന്നു എന്നറിയാൻ ഈ കണക്ക് കേട്ടാൽ മതി.

മഴവെള്ള സംഭരണി നിറഞ്ഞു കഴിഞ്ഞ ശേഷം അധികമായി ലഭിക്കുന്ന മഴവെള്ളം എന്തു ചെയ്യാം?

തുണി നനയ്ക്കാനും കൃഷിക്കും ഒക്കെ പ്രയോജനപ്പെടുന്ന രീതിയിൽ ഈ വെള്ളം ശേഖരിക്കാം. സംഭരണി നിറഞ്ഞു കഴിയുമ്പോൾ വെള്ളം കിണറ്റിലേക്ക് എത്തുന്ന രീതിയിൽ (കിണർ റീ ചാർജിങ്) ഓവർഫ്ലോ പൈപ്പ് കണക്‌ഷൻ നൽകുന്നതാണ് ഏറ്റവും ഉചിതം. നേരിട്ട് കിണറ്റിലേക്ക് കുത്തിയൊഴുകുന്ന രീതിയിൽ കണക്‌ഷൻ നൽകാതിരിക്കാൻ ശ്രദ്ധിക്കണം.

r2

കിണർ റീ ചാർജിങ് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്?

മഴവെള്ളം ഒട്ടും പാഴാകുന്നില്ല എന്നതാണ് കിണർ റീ ചാർജിങ്ങിന്റെ മെച്ചം. അധികജലം കിണറ്റിലേക്കെത്തുന്നതോടെ ഭൂഗർഭജലനിരപ്പ് കൂടും. വേനൽക്കാലത്ത് കിണർ വറ്റുന്നത് കുറയും. രണ്ടോ മൂന്നോ വർഷം കൊണ്ടുതന്നെ ജലസമ്പത്ത് അതിശയകരമായ രീതിയിൽ വർധിക്കും.

ഇതുവരെ കിണർ വറ്റിയിട്ടില്ല. പക്ഷേ, ഓരോ വർഷവും വെള്ളത്തിന്റെ അളവ് കുറഞ്ഞു വരുന്നതായി കാണുന്നു. റീ ചാർജിങ് കൊണ്ട് ഫലമുണ്ടാകുമോ?

വേനൽക്കാലത്ത് കിണറിലെ ജലനിരപ്പ് പ്രതിവർഷം 20 സെമീ വീതം കുറയുന്നുണ്ടെങ്കിൽ സമീപകാലത്തുതന്നെ കിണർ വറ്റാം. വേനൽക്കാലത്ത് ഒരു മീറ്ററാണ് ജലനിരപ്പ് അവശേഷിക്കുന്നത് എങ്കിലും കരുതൽ വേണം. തൊട്ടടുത്ത പറമ്പുകളിലെ കിണർ വറ്റുന്നതും അപകടസൂചനയാണ്. കിണറിൽ ചെളിയുടെ അളവ് കൂടുന്നതും നല്ലതല്ല. കിണർ റീ ചാർജിങ് വഴി ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയും.

അഞ്ച് സെന്റിലാണ് വീട് പണിയാൻ ഉദ്ദേശിക്കുന്നത്. മുറ്റത്തിനായി അധികം സ്ഥലം ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ മഴവെള്ള സംഭരണി എങ്ങനെ നിർമിക്കും?

കിടപ്പുമുറിയുടെ അടിയിൽ പോലും മഴവെള്ള സംഭരണി നിർമിച്ചിട്ടുള്ള നിരവധി വീടുകൾ കേരളത്തിലുണ്ട്. ഭൂമിക്കടിയിൽ വരുന്ന രീതിയിലുള്ള സംഭരണിയാണ് ചെറിയ സ്ഥലങ്ങൾക്ക് അനുയോജ്യം. കാർപോർച്ചിന് അടിയിലോ ലാൻഡ്സ്കേപ്പിന് അടിയിലോ ഒക്കെ സംഭരണി നിർമിക്കാവുന്നതാണ്. സ്ഥലം നഷ്ടപ്പെടുകയില്ല.

മഴവെള്ള സംഭരണി നിർമിക്കാൻ എത്ര ദിവസം വേണം?

10000 ലീറ്ററിന്റെ ഫെറോസിമന്റ് സംഭരണി നിർമിക്കാൻ ആറ്– ഏഴ് ദിവസം മതി.

മഴവെള്ള സംഭരണി നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

r5

വീട്ടുകാരുടെ എണ്ണം, എത്രമാത്രം വെള്ളം ആവശ്യമാണ്, പ്രദേശത്തെ ജലലഭ്യത തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചു വേണം സംഭരണിയുടെ വലുപ്പം നിശ്ചയിക്കാൻ. മഴവെള്ളം ശേഖരിക്കാൻ ചുരുങ്ങിയത് നൂറ് ചതുരശ്രമീറ്റർ മേൽക്കൂരയെങ്കിലും വേണം. വീടിനടുത്തായി സംഭരണി പണിയുന്നതാണ് നല്ലത്. ധാരാളമായി ഇലകൾ കൊഴിഞ്ഞു വീഴുന്നിടത്തും തൊഴുത്തിനടുത്തും സംഭരണി പണിയരുത്. ജലമർദം എല്ലാഭാഗത്തേക്കും ഒരുപോലെ വിന്യസിക്കാനായി വൃത്താകൃതിയിൽ ടാങ്ക് നിർമിക്കുന്നതാണ് ഉത്തമം. അടിഭാഗം മുട്ടയുടെ ആകൃതിയിൽ വേണം നിർമിക്കാൻ. ഭാരവാഹകശേഷി കൂട്ടാനും ഭൂമികുലുക്കത്തെ പ്രതിരോധിക്കാനും ഇതു സഹായിക്കും.

മഴവെളള സംഭരണി പണിത് എത്ര ദിവസത്തിനു ശേഷം വെള്ളം നിറയ്ക്കാം?

സംഭരണി നിർമിച്ച് 20 ദിവസം കഴിഞ്ഞ് കാൽ ഭാഗം, ഒന്നര മാസം കഴിഞ്ഞ് അര ഭാഗം, രണ്ട് മാസം കഴിഞ്ഞ് മുഴുവനും എന്ന കണക്കിൽ വേണം വെള്ളം നിറയ്ക്കാൻ. കുടിവെള്ളമായി ഉപയോഗിക്കുന്നത് എഴ് മാസത്തിനു ശേഷം മതി.

കോൺക്രീറ്റ് കൊണ്ട് മഴവെള്ള സംഭരണി നിർമിക്കാനാകുമോ?

കഴിയും. മണ്ണിന് ഉറപ്പു കുറഞ്ഞ പ്രദേശങ്ങളിലും കാർപോർച്ചിന് അടിയിലും മറ്റും നിർമിക്കേണ്ടതായ സാഹചര്യങ്ങളിലും കോൺക്രീറ്റ് കൊണ്ട് മഴവെള്ള സംഭരണി നിർമിക്കാം. ഫെറോസിമന്റിനെ അപേക്ഷിച്ച് ഇതിന് ചെലവ് കൂടും.

റെഡിമെയ്ഡ് ടാങ്കുകൾ മഴവെള്ള സംഭരണിയായി ഉപയോഗിക്കാമോ?

അത്യാവശ്യ സാഹചര്യങ്ങളിൽ റെഡിമെയ്‍ഡ് ടാങ്കുകൾ പ്രയോജനപ്പെടുത്താം. ഉയർന്ന ഗുണനിലവാരമുള്ളതും ഫൂഡ് ഗ്രേഡ് മെറ്റീരിയൽ കൊണ്ട് നിർമിച്ചതുമായ ടാങ്ക് മാത്രമേ ഉപയോഗിക്കാവൂ.

കിണർ റീ ചാർജിങ് എങ്ങനെ നടപ്പിലാക്കാം?‌

മേൽക്കൂരയിൽ പതിക്കുന്ന മഴവെള്ളം കിണറ്റിലേക്കോ കിണറിനു സമീപത്തുള്ള ചെറിയ കുഴികളിലേക്കോ എത്തിക്കുന്നതിനെയാണ് കിണർ റീ ചാർജിങ് എന്നു പറയുക. നേരിട്ട് കിണറ്റിലേക്ക് ഒഴുക്കുമ്പോൾ കിണറിന്റെ തിട്ട ഇടിയാതിരിക്കാൻ ശ്രദ്ധിക്കണം. ഫിൽറ്ററിങ് പ്രക്രിയയിലൂടെ അരിച്ചെടുത്ത വെള്ളം മാത്രമേ കിണറ്റിലേക്ക് ഒഴുക്കാവൂ. കിണറിന് സമീപത്ത് തയാറാക്കിയ കുഴികളിലേക്ക് മേൽക്കൂരയിൽ നിന്ന് മഴവെള്ളം എത്തിച്ചും റീ ചാർജിങ് നടത്താം. ഒരു മീറ്റർ ആഴവും വ്യാസവുമുള്ള കുഴിയാണ് വേണ്ടത്. മണ്ണിന് ഉറപ്പില്ലാത്ത സ്ഥലമാണെങ്കിൽ കുഴിയില‍്‍ സുഷിരങ്ങളുള്ള തരം കോൺക്രീറ്റ് റിങ് ഇറക്കാം. മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇടുകയും വേണം. മേൽക്കൂരയിൽ നിന്ന് പൈപ്പ് വഴി ഇത്തരം കുഴികളിലേക്ക് വെളളം എത്തിക്കാം.

സംഭരണി ഇടയ്ക്കിടെ വൃത്തിയാക്കണോ?‌

അതിന്റെ ആവശ്യമില്ല. ഫിൽറ്ററിങ് സംവിധാനം വർഷത്തിലൊരിക്കലെങ്കിലും വൃത്തിയാക്കണം.

ഫെറോസിമന്റ് സംഭരണിയുടെ ആയുസ് എത്രയാണ്?

40 വർഷത്തിലധികം പഴക്കമുള്ള ഒരു കേടുമില്ലാത്ത സംഭരണിരകൾ കേരളത്തിലുണ്ട്.

സംഭരണിയുടെ അടുത്ത് സെപ്റ്റിക് ടാങ്ക്, ചാണകക്കുഴി തുടങ്ങിയവ വരുന്നതുകൊണ്ട് ദോഷമുണ്ടോ?

ഇവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതാണ് നല്ലത്. മണ്ണിന് ഉറപ്പില്ലാത്ത സ്ഥലമാണെങ്കിൽ നിർബന്ധമായും നിശ്ചിത അകലം പാലിക്കണം. ■

r3

മഴവെള്ള സംഭരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഇമെയിൽ– subhashchandraboss@yahoo.com

ചിത്രങ്ങൾക്ക് കടപ്പാട്:
റെയിൻ വാട്ടർ ഹാർവസ്റ്റിങ് റിസർച് ആൻഡ് ഡെവലപ്മെന്റ് സെന്റർ, മൂർക്കനാട്, തൃശൂർ.
റെയിൻ ഓറിയന്റഡ് സർവീസ് ആൻഡ് എജ്യൂക്കേഷൻ ഏജൻസി, പുത്തൂർക്കുന്ന്, പരിയാരം മെഡിക്കൽ കോളജ്, കണ്ണൂർ
ഗ്രീൻ സൊലൂഷൻസ്, അടിമാലി