Friday 03 July 2020 02:55 PM IST : By സോന തമ്പി

കാൻസര്‍ രോഗികൾക്ക് അഭയകേന്ദ്രം; ശ്രീജിത് ശ്രീനിവാസിന്റെ ആർകിടെക്ചർ മികവിന് ലോകോത്തര അംഗീകാരം

architecture

അമേരിക്കൻ ആസ്ഥാനമായ വേൾഡ് ആർക്കിടെക്ചർ കമ്മ്യൂണിറ്റിയുടെ 34-ാമത് അവാർഡുകൾ ജൂൺ 20ന് പ്രഖ്യാപിച്ചപ്പോൾ മലയാളിയായ ശ്രീജിത് ശ്രീനിവാസിന് അഭിമാനത്തിൻ്റെ പൊൻതിളക്കം. പത്ത് ജൂറി അവാർഡുകളിൽ ഒരെണ്ണം കരസ്ഥമാക്കിയത് തിരുവനന്തപുരം സ്വദേശിയായ ശ്രീജിത്താണ്. ആദ്യമായാണ് ഒരു മലയാളി ആർക്കിടെക്ട് ഈ നേട്ടം സ്വായത്തമാക്കുന്നത്.

arch-2

തിരുവനന്തപുരം ഇടപ്പഴഞ്ഞിയിൽ മലബാർ പ്രോവിൻസ് ഒ സി ഡി നിർമിച്ച കാൻസർ രോഗികൾക്കുള്ള അഭയ കേന്ദ്രമായ ബെൻസിഗർ ഹോസ്പൈസ് ഹോമിൻ്റെ രൂപകല്പനക്കാണ് ഈ അവാർഡ് എന്നത് നേട്ടത്തിൻ്റെ തിളക്കം കൂട്ടുന്നു. തിരുവനന്തപുരത്ത് കാൻസർ ചികിത്സയ്‌ക്കെത്തുന്ന നിരാശ്രയർക്ക് സൗജന്യമായി ഭക്ഷണവും താമസവും ആംബുലൻസ് സർവീസുമൊക്കെ ബെൻസിഗർ ഹോം നൽകുന്നു. 17500 ചതുരശ്രയടിയിലുള്ള ഈ നിർമിതിക്ക് മൂന്നുനിലകളാണുള്ളത്. 26 രോഗികൾക്കുള്ള മുറികളാണ് ഇവിടെയുള്ളത്. പ്രത്യേക ആകൃതിയില്ലാതിരുന്ന 30.5 സെൻ്റിലാണ് കെട്ടിടം. താഴത്തെ നിലയിൽ മനോഹരമായ ലോബി, ചെടികൾ നട്ടുപിടിപ്പിച്ച നടുമുറ്റം, ഡൈനിങ് ഹാൾ, ചാപ്പൽ, ടിവി ഏരിയ എന്നിങ്ങനെ രോഗികൾക്ക് ആശ്വാസം കൊടുക്കുന്ന ഇടങ്ങളാണ് ഇവിടെ ഉള്ളത്. മുകളിലെ നിലകളിൽ 13 വീതം മുറികളാണ് ക്രമീകരിച്ചിരിക്കുന്നത്. തേക്കാത്ത ഇഷ്ടികക്കെട്ടിലുള്ള ഈ നിർമിതി അതിൻ്റെ രൂപകൽപനാ മികവ് കൊണ്ട് ശ്രദ്ധേയമാണ്.

arch-

ലോകമെമ്പാടുമുള്ള 24 പ്രോജക്ടുകൾ ഷോർട് ലിസ്റ്റ് ചെയ്തതിൽ നിന്നാണ് ബെൻസിഗർ ഹോം തിരഞ്ഞെടുക്കപ്പെട്ടത്. വ്യത്യസ്ത ശൈലിയിലുള്ള നിർമിതിക്ക് ഉടമസ്ഥർ തന്ന പിന്തുണ തന്നെ ഏറെ സഹായിച്ചെന്ന് ശ്രീജിത്. അതിലുപരിയായി, "നല്ല ആർക്കിടെക്ചർ ജനങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞു എന്ന സന്തോഷവുമുണ്ട്, " ശ്രീജിത് പറയുന്നു. എഴു മാസം കൊണ്ടായിരുന്നു നിർമാണം.

" രണ്ടു കെട്ടുകളുള്ള ഇഷ്ടിക ഭിത്തിയായതിനാൽ നല്ല തണുപ്പാണ് അകത്ത്. കാറ്റും വെളിച്ചവും നിറഞ്ഞ മുറികൾ രോഗികൾക്ക് ആശ്വാസം തരുന്നവയാണ്, " നിർമാണച്ചുമതല വഹിച്ച ഫാദർ ജോസഫ് മേച്ചേരി പറയുന്നു.