Tuesday 08 June 2021 02:22 PM IST : By സ്വന്തം ലേഖകൻ

പച്ചമണ്ണുകൊണ്ട് മനോഹരമായ വീട് നിർമിക്കുകയും താൽപര്യമുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന മലയാളി വനിത, പരിസ്ഥിതി ദിനത്തിന് നിറവ് പകരുന്നൊരു കാഴ്ച.

enviornment 3

കോൺക്രീറ്റും കോൺട്രാക്ടറുമൊക്കെ വീടിനുള്ളിൽ കയറിപ്പറ്റിയിട്ട് എത്രകാലമായി? ഏറിയാൽ എഴുപതോ എൺപതോ വർഷം. അതിനു മുൻപ് വീടുകൾ ഇല്ലായിരുന്നോ? ഉണ്ടായിരുന്നല്ലോ...ഉള്ളിൽ ഇളംതണുപ്പുള്ള, വീട്ടുകാരെ കണക്കെണിയിൽ ചാടിക്കാത്ത വീടുകൾ. ആ വീടുകൾ എവിടെപ്പോയി...? അറിയില്ല എന്നാണ് മറുപടി എങ്കിൽ സിന്ധു ഭാസ്കർ എന്ന മലയാളി വനിതയെ കേൾക്കണം. നമ്മുടെ തനത് ഗൃഹനിർമാണവിദ്യകൾ കൈമോശം വന്ന വഴി അവർ കൃത്യമായി പറഞ്ഞു തരും. നഷ്ടപ്പെട്ട അറിവുകൾ തിരികെപ്പിടിക്കാനുള്ള പാഠങ്ങൾ പഠിപ്പിച്ചു തരികയും ചെയ്യും.

enviornment 2

പ്രകൃതിയിൽ നിന്ന് ആവശ്യമുള്ളതു മാത്രം എടുത്ത് സ്വയം വീടുണ്ടാക്കിയിരുന്ന മനുഷ്യർക്കു പിന്നാലെയാണ് കഴിഞ്ഞ 15 വർഷമായി സിന്ധു. ഒട്ടനവധി ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തു. നാട്ടുകാർക്കൊപ്പെ മാസങ്ങളും വർഷങ്ങളും ചെലവഴിച്ച് അവരുടെ തനത് നിർമാണരീതികൾ പഠിച്ചെടുത്തു. അവ മറ്റുള്ളവരെ പഠിപ്പിക്കാനായി വിവിധ സംസ്ഥാനങ്ങളിലായി നൂറോളം പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. അയ്യായിരത്തിലധികം ആളുകളെ സ്വയം വീടൊരുക്കാൻ പ്രാപ്തരാക്കി.

enviornment 1

വിവാഹത്തിനു മുൻപ് സാധാരണ പെൺകുട്ടിയായിരുന്നു സിന്ധു. പയ്യന്നൂരിലെ ബിഎ ഹിന്ദിക്കാരി. ആർക്കിടെക്ടും വേറിട്ട നിർമാണശൈലിയുടെ വക്താവുമായ ബിജു ഭാസ്കറുമായുള്ള വിവാഹമാണ് വഴിത്തിരിവായത്. കൊച്ചിയിലെ തിരക്കും ബഹളങ്ങളുമൊക്കെ മടുത്ത ഇരുവരം  തിരുവണ്ണാമലയിലെ പണ്ഡിതപ്പേട്ട് ഗ്രാമത്തിലേക്ക് താമസം മാറ്റി. ദിവസവുമുള്ള മല കയറ്റവും രമണ മഹർഷിയുടെ ആശ്രമ സന്ദർശനവും ധ്യാനവുമൊക്കെയായി ജീവിതം ഗതി മാറിയൊഴുകി. 

enviornment 4

പ്രകൃതിയെ അടുത്തറിയാൻ തുടങ്ങിയതോടെ പരിസ്ഥിതിയെ  നോവിക്കാത്ത കെട്ടിടങ്ങളോട് താൽപര്യമായി. ഇത്തരം നിർമാണവിദ്യകളിലുള്ള ഗവേഷണത്തിനും പരിശീലനം നൽകലിനുമായി തണൽ എന്ന കൂട്ടായ്മ രൂപീകരിച്ചതോടെ സിന്ധുവും ബിജുവിനൊപ്പം സജീവമായി.മൺവീടുകൾ നിർമിക്കാനാവശ്യമായ മണ്ണ് തയാറാക്കിയെടുക്കുന്ന മേഖലയിലാണ് സിന്ധുവിന് പ്രാവീണ്യം. ആദിവാസികളും ഗോത്രവർഗക്കാരും ഉുൾപ്പെടെയുള്ളവരുടെ നിർമാണവിദ്യകൾ സിന്ധു പഠിച്ചെടുത്തിട്ടുണ്ട്. ഇതിൽ പരിശീലനം നൽകുന്നതിന്റെ മേൽനോട്ടവും സിന്ധുവിനാണ്.

മൺവീടുകൾക്ക് ഉറപ്പും ബലവുമുണ്ടോ, ഇന്നത്തെ സാഹചര്യത്തിൽ ഈ രീതി പ്രാവർത്തികമാണോ എന്നൊക്കെയുള്ള ചോദ്യത്തിന് സിന്ധുവിന്റെ ഉത്തരമിങ്ങനെ: ‘‘മൂന്നൂറ് വർഷത്തിലധികം പഴക്കമുള്ള മൺവീടുകൾ ഇപ്പോഴും നിലനിൽക്കുന്നു. ഒരു കേടുമില്ലാതെ. 50 വർഷത്തിലധികം പഴക്കമുള്ള, കേടുപാടില്ലാത്ത എത്ര കോൺക്രീറ്റ് വീടുകൾ കാണിക്കാനാകും. സാഹചര്യം എന്നു പറയുന്നത് അവനവൻ തന്നെ സൃഷ്ടിച്ചെടുക്കുന്നതാണ്. മൺവീടുകൾക്ക് യോജിക്കാത്ത ഒരു സാഹചര്യവും  ഇപ്പോൾ നിലവിലില്ല.  ഉറപ്പ്, ബലം, ഈട് എന്നിവയെല്ലാം ഇവയ്ക്ക് ആവശ്യത്തിനുണ്ട്. പ്രകൃതിയോട് ചേർന്നു നിൽക്കുന്ന രീതിയിൽ ആവാസസ്ഥലം ഒരുക്കാൻ നമ്മൾ തയാറാണോ എന്നതു മാത്രമാണ് പ്രസക്തം.’’

enviornment 5

കിളി കൂടുകൂട്ടുന്നതു പോലെയാകണം വീടു പണിയേണ്ടത് എന്നാണ് സിന്ധുവിന്റെ പക്ഷം. "നിലനിൽക്കുമ്പോഴും കാലശേഷവും പ്രക്യതിക്ക് ഒരുവിധത്തിലും ദോഷകരമാകുന്നില്ല എന്നതാണ് മൺ വീടുകളുടെ പ്രത്യേകത. ചൂടകറ്റാൻ എസിയുടെയോ ഫാനിൻ്റെയോ ആവശ്യം വരുന്നില്ല. പറമ്പിലെ തന്നെ മണ്ണുകൊണ്ട് വീട്ടുകാർക്ക് തനിയെ നിർമിക്കാം എന്നതിനാൽ സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല." മൺവീടിൻ്റെ പ്രയോജനങ്ങൾ സിന്ധു അക്കമിട്ടു നിരത്തുന്നു.

മൺവീട് നിർമിക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്ന് സിന്ധു ഉറപ്പു പറയുന്നു. "താൽപര്യമുള്ള ആർക്കും പഠിച്ചെടുക്കാം. വീട്ടമ്മമാരാണെങ്കിൽ കറി വയ്ക്കുന്നതു പോലെ ആസ്വദിച്ചു ചെയ്യാവുന്നൊരു കാര്യമാണിത്. " മൺവീട് നിർമിക്കാൻ പഠിക്കാൻ താൽപര്യമുള്ളവർക്കായി പരിശീലന ക്ലാസുകൾ നടത്തുന്നുണ്ട് സിന്ധു. അഞ്ച് വയസിൽ കൂടുതൽ പ്രായമുള്ള ആർക്കും പങ്കെടുക്കാം. വിശദവിവരങ്ങൾ http://thannal.com എന്ന സൈറ്റിലുണ്ട്.

Tags:
  • Vanitha Veedu