Monday 06 February 2017 05:49 PM IST : By രവീന്ദ്രൻ കളരിക്കൽ

പിറന്നാൾ ആഘോഷം ഇംഗ്ലീഷ് മാസത്തിലോ? മലയാളം മാസത്തിലോ?

birth_star

ഏതു വ്യക്തിയുടെയും ജീവിതത്തിൽ ഓരോ കൊല്ലവും ഏറെ വിശേഷപ്പെട്ട ദിവസമാണു പിറന്നാൾ. നാം പിറന്നാൾ ആചരിക്കുന്നതു പല രീതിയിലാണ്. ജനിച്ച ഇംഗ്ലിഷ് മാസവും തീയതിയും അടിസ്ഥാനമാക്കി പിറന്നാൾ ആചരിക്കുന്ന രീതിയുണ്ട്. ജന്മതിഥിയുടെയും ജന്മനക്ഷത്രത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലും പിറന്നാൾ ആചരിക്കുന്നു.

പുരാതനഭാരതത്തിൽ ജന്മതിഥി അടിസ്ഥാനമാക്കി പിറന്നാൾ ആചരിക്കുന്ന രീതിയായിരുന്നു കൂടുതലും. ശ്രീരാമനവമിയും കൃഷ്ണാഷ്ടമിയുമൊക്കെ ആഘോഷിക്കുന്നത് ഈ രീതിയിലാണ്. എന്നാൽ, ജനിച്ച ദിവസത്തെ നക്ഷത്രത്തിന്റെ അടിസ്ഥാനത്തിൽ പിറന്നാൾ ആചരിക്കുന്ന രീതിയായിരുന്നു കേരളത്തിൽ പണ്ട് ഉണ്ടായിരുന്നത്. ഇന്നത്തെപ്പോലെ ഇംഗ്ലിഷ് രീതിയിലുള്ള ജനുവരി, ഫെബ്രുവരി തുടങ്ങിയ മാസങ്ങൾ അന്നു പ്രചാരത്തിൽ ഇല്ലാതിരുന്നതിനാൽ ചിങ്ങം, കന്നി, തുലാം തുടങ്ങിയ മലയാളം മാസങ്ങളാണു പിറന്നാൾ കണക്കുകൂട്ടാനും പരിഗണിച്ചിരുന്നത്. അങ്ങനെ ഓരോ വർഷവും മലയാള മാസത്തിലെ ജന്മനക്ഷത്രം വരുന്ന ദിവസം പിറന്നാൾ ആചരിക്കുന്ന രീതി പ്രചാരത്തിലായി.

അശ്വതി, ഭരണി തുടങ്ങി നക്ഷത്രങ്ങൾ ആകെ 27. അതുകൊണ്ടുതന്നെ ഓരോ മാസവും ചില നക്ഷത്രങ്ങൾ രണ്ടു തവണ വരും. അപ്പോൾ പിറന്നാൾ ആയി ആചരിക്കേണ്ടത് ഏതു ദിവസം?
 

രണ്ടു നക്ഷത്രം വന്നാൽ രണ്ടാമത്തേതു പിറന്നാൾ
 

ഒരു മലയാളമാസത്തിൽ രണ്ടു തവണ ജന്മനക്ഷത്രം വന്നാൽ രണ്ടാമത്തേതാണു പിറന്നാൾ ആയി സ്വീകരിക്കേണ്ടത്. എന്നാൽ, രണ്ടാമതു വരുന്ന നക്ഷത്രത്തിൽ അടുത്ത മാസത്തെ സൂര്യസംക്രമം സ്പർശിക്കുന്നുണ്ടെങ്കിൽ ആ മാസത്തിൽ ആദ്യം വരുന്ന ജന്മനക്ഷത്രം തന്നെ പിറന്നാൾ ആയി സ്വീകരിക്കണം.

പിറന്നാൾ ദിവസം സൂര്യോദയം കഴിഞ്ഞ് ഏകദേശം രണ്ടു മണിക്കൂർ 24 മിനിറ്റ് (നക്ഷത്രസമയത്തിന്റെ പത്തിലൊന്നു ഭാഗം) നേരത്തേക്കെങ്കിലും ജന്മനക്ഷത്രം ഉണ്ടായിരിക്കണം. ഏതായാലും, പിറന്നാൾ ദിവസം കണ്ടെത്തുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ഓരോ മാസത്തെയും ഓരോ നക്ഷത്രക്കാരുടെയും പിറന്നാൾ ഏതു ദിവസമാണെന്നു മിക്ക പഞ്ചാംഗങ്ങളിലും പ്രത്യേകം കൊടുത്തിട്ടുണ്ടാകും.