Wednesday 12 December 2018 11:34 AM IST : By എം.കെ. കുര്യാക്കോസ്

വീണ്ടും ഉദിക്കുന്ന ഉദയ!

chakko1 ഫോട്ടോ : ശ്യാംബാബു

കലിപ്പും കയ്പും കലര്‍ന്ന ചാക്കോച്ചന്റെ ആത്മകഥ...

‘ആക്‌ഷൻ പറയുമ്പോൾ കഥാപാത്രം ജനിക്കുകയും കട്ട് കേൾക്കുമ്പോൾ കഥാപാത്രം മറയുകയും ചെയ്യുന്ന സെറ്റല്ലായിരുന്നു ഉദയാ’ മുപ്പതുവർഷത്തിനുശേഷം അങ്കവാലിളക്കി വീണ്ടും വരുന്നു, ഉദയായുടെ പൂവൻ...

ആലപ്പുഴയിലെ വലിയൊരു തറവാട്ടിൽ പണ്ടൊരു ഓട്ടോറിക്ഷ ഉണ്ടായിരുന്നു. സവാരി പോകുന്ന ഓട്ടോയല്ല. ചരക്കുവണ്ടിയുമല്ല. പിന്നെയോ? ഇതൊരു പ്രത്യേക വണ്ടിയാണ്. ഓട്ടോറിക്ഷയുടെ മുഖം കഴിഞ്ഞാൽ തടി കൊണ്ട് നീളത്തിൽ അടിച്ച് അടച്ചുറപ്പു വരുത്തിയ ഒരു പെട്ടിയാണ് ഉടൽ. ഉടലിലൊത്തിരി ചിത്രപ്പണികളുണ്ട്. കുറേ സിനിമാ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്.

വടക്കന്‍പാട്ട് സിനിമകളുെട ഷൂട്ടിങ് നടക്കുമ്പോള്‍ ഇതില്‍ നിറയെ ആയുധങ്ങളും േവഷഭൂഷാദികളും ആകും. വാൾ, പരിച, ഉറുമി, കുന്തം, േകാല്‍, മസ്സിൽ കൈ, കുടുമ്മി, കിരീടം, ആഭരണങ്ങള്‍... സിനിമ റിലീസ് െചയ്യാറാകുമ്പാള്‍ പുതിയ പോസ്റ്ററുകള്‍ ഒട്ടിച്ചു കുട്ടപ്പനാക്കും. നോട്ടീസ് വിതരണത്തിനും േപാസ്റ്റര്‍ ഒട്ടിക്കാനും ഒക്കെ ഒാടിയിരുന്നതും ആ ഒാട്ടോറിക്ഷയാണ്.

തച്ചോളി ഒതേനനും ചന്തുവും ഉണ്ണിയാര്‍ച്ചയും ആരോമലുണ്ണിയും എല്ലാം അങ്ങു വടക്കുള്ള വടക്കൻ പാട്ടു കളരിയിൽ നിന്ന് കാലം തെറ്റി, വഴിയും തെറ്റി ആലപ്പുഴയിൽ വന്നു കിടക്കുന്നതു പോലെയായിരുന്നു ഒാട്ടോകളില്‍ നിന്നു വ്യത്യസ്തമായ ഈ ഒാട്ടോയും. കളരി സ‍ഞ്ചാരിയായ ഒാട്ടോയ്ക്ക് ഒരു പേരുണ്ടായിരുന്നു, ഉദയാ. ആ ഓട്ടോ കിടന്ന വീടിനെയും നാട്ടുകാർ ഉദയാ എന്നു തന്നെ വിളിച്ചു. അവരുടെ സ്റ്റുഡിയോയുടെ പേരും അതായിരുന്നു, ഉദയാ.

‘‘വടക്കൻ പാട്ട് വേഷത്തിൽ കിടക്കുന്ന ആ ഓട്ടോ കാണുന്നതേ എനിക്കു കലിയായിരുന്നു.’’ ഉദയായുടെ പിന്മുറക്കാരൻ കുഞ്ചാക്കോ ബോബൻ  ഒാര്‍ക്കുന്നു. ‘‘ഉദയായുടെ പ്രതാപം അസ്തമിച്ചു വരുമ്പോഴാണ് ഞാൻ ജനിക്കുന്നത്. അതിന്റെ പലതരം ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് വളരുന്നത്. സിനിമകളുെട നിര്‍മാണം ഒക്കെ കുറഞ്ഞു. പലചരക്കും പച്ചക്കറിയും വാങ്ങാനാണ് ഒാട്ടോ ഓടിച്ചിരുന്നത്.  

ചിലപ്പോൾ അതിലെന്നെ സ്കൂളിൽ കൊണ്ടു വിടാം എന്നുപറയും. എന്നെ ഇത്രയേറെ ഭയപ്പെടുത്തിയ മറ്റൊരു ഭീഷണി അന്നില്ലായിരുന്നു. ഞാൻ നടന്നു പൊയ്ക്കൊള്ളാം എന്നു പറയും. മൂന്നാലു കിലോമീറ്ററുണ്ട്. പക്ഷേ, ആ ഓട്ടോയിൽ സ്കൂളിൽ ഇറങ്ങുന്ന കാര്യം എനിക്കാലോചിക്കാൻ കഴിയുമായിരുന്നില്ല. നാണം കെടുത്താൻ എന്തിനിതു വീടിന്റെ വാതിൽക്കൽ കൊണ്ടുവന്നിട്ടിരിക്കുന്നു എന്നാണ് ഞാനന്ന് ആലോചിച്ച് വിഷമിച്ചിരുന്നത്.’’

മലയാളിയുടെ അഭിമാനമാണ് ഉദയാ. മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് സിനിമ ‘ജീവിത നൗക’ നിർമിച്ച ഉദയാ, ദക്ഷിണാമൂർത്തിയെ സിനിമയ്ക്കു നൽകിയ ഉദയാ, ചിദംബരനാഥിനെ, എ.ആർ.റഹ്മാന്റെ പിതാവ് ആർ.കെ.ശേഖറിനെ, സിനിമാ സംഗീതത്തിലേക്കു വഴിതെളിച്ച ഉദയാ, ശാരദയെ, ഭരതനെ, കെപിഎസി. ലളിതയെ മലയാള സിനിമയിലേക്ക് െെകപിടിച്ചു െകാണ്ടുവന്ന ഉദയാ, ഫാസിലും ജിജോയും പിച്ചവച്ചു തുടങ്ങിയ ഉദയാ.

സിനിമ തുടങ്ങും മുന്‍പ് കറങ്ങുന്ന ഭൂഗോളത്തിനു മുകളില്‍ നിന്നു േകാഴി കൂവുന്ന ദൃശ്യം കാണുമ്പോേഴ തിയറ്ററുകളില്‍ െെകയടി ഉയരുമായിരുന്നു. ആ െെകയടി തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് കുഞ്ചാക്കോ ബോബന്‍ ‘െകാച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’ എന്ന സിനിമയിലൂെട.

കുട്ടിക്കാലത്ത് ഉദയാ എന്നു േകട്ടാല്‍ വിഷമിച്ചിരുന്ന കുഞ്ചാക്കോയ്ക്ക് ഇപ്പോള്‍ ഉദയാ ഹൃദയത്തിന്‍റെ ഭാഗമാണ്. അതിന്റെ കാരണം കലിപ്പും കയ്പും കലര്‍ന്ന ഒരു കഥയാണ്. വെറും കഥയല്ല, ആത്മകഥ.

‘‘േപരും  പ്രതാപവും ഒരു വശത്ത്, സാമ്പത്തിക പ്രതിസന്ധി മറുവശത്ത്. ഇതായിരുന്നു കുട്ടിക്കാലത്തെ അവസ്ഥ. പ്രതാപങ്ങളെക്കുറിച്ച് ഒരുപാടു േകട്ടിട്ടുണ്ട്. ഗ്രാന്‍ഡ്ഫാദറിെന കുഞ്ചാക്കോ മുതലാളി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. അന്നൊക്കെ സിനിമ റിലീസ് െചയ്യുമ്പോള്‍ കാറില്‍ അനൗണ്‍സ്മെന്‍റ് ഉണ്ട്. ‘ആലപ്പുഴ സീതാസിന്‍റെ വെള്ളിത്തിരയില്‍ പ്രേംനസീറും ഉമ്മറും ഷീലയും മത്സരിച്ചഭിനയിച്ച ഈസ്റ്റ്മെന്‍ കളര്‍ ചിത്രം..... ഗാനങ്ങള്‍ വയലാര്‍, സംഗീതം േദവരാജന്‍....’ ഇങ്ങനെ വിളിച്ചുകൂവി നഗരം ചുറ്റും.

ഒടുവില്‍ പറയേണ്ടത് ‘സംവിധാനം കുഞ്ചാക്കോ’ എന്നാണ്. പക്ഷേ, ഉദയായുെട മുന്നിലൂെട കടന്നു പോകുമ്പോള്‍ അനൗണ്‍സ് െചയ്യുന്നയാള്‍ പോലും പറഞ്ഞിരുന്നത് ‘സംവിധാനം: മുതലാളി’ എന്നാണെന്ന് ഒരു തമാശ േകട്ടിട്ടുണ്ട്.

chakko2



ഗ്രാന്‍ഡ്ഫാദര്‍ മേടിച്ച ഒരു സ്റ്റുഡി ബേക്കര്‍ കാര്‍ ഉണ്ടായിരുന്നു. പിന്നീടത് അപ്പന്‍റെ െെകയിലായി. ‘ലാല്‍സലാം ’എന്ന സിനിമയില്‍ മധുസാറിെന്‍റ മേടയില്‍ ഇട്ടിച്ചന്‍ എന്ന കഥാപാത്രം വന്നിറങ്ങുന്നത് ഈ കാറിലാണ്. ഒരിക്കല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്നെ വിളിക്കാന്‍ വന്നത് ഈ കാറിലാണ്. പക്ഷേ, സ്കൂളിനു മുന്നില്‍ വച്ച് സ്റ്റാര്‍ട്ടാന്‍ ശ്രമിച്ചിട്ടു നടക്കുന്നില്ല. െെഡ്രവര്‍ പഠിച്ച പണി പതിനെട്ടും േനാക്കി. കുറേ െറയ്സ് ചെയ്തു. അഞ്ചു ലീറ്റര്‍ പെട്രോളാണ് അന്നു സ്റ്റാര്‍ട്ടാക്കാന്‍ വേണ്ടി മാത്രം കത്തിച്ചു കളഞ്ഞത്. പിന്നീട്, ഈ കാറിനെത്ര െെമലേജ് ഉണ്ടെന്നു ചോദിച്ച കൂട്ടുകാരോടെല്ലാം തമാശയക്ക് ഞാന്‍ പറയുമായിരുന്നു, ‘സ്റ്റാര്‍ട്ടാക്കാന്‍ അഞ്ചു ലീറ്റര്‍ വേണം, ബാക്കി നിങ്ങള്‍ ഊഹിച്ചോ...’

പിന്നീടു കഷ്ടകാലം വന്നപ്പോള്‍ കൂട്ടത്തോടെയായി. ആളുകൾ സംസാരിക്കുമ്പോൾ, ‘എങ്ങനെ കഴിഞ്ഞതാ, എന്തു നല്ല നിലയിലായിരുന്നു...’ എന്നെല്ലാം പറയും. എല്ലാം കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള സ്തുതികളാണ്. നല്ല  ഉദ്ദേശ്യത്തോടെയാണ് പറയുന്നത്. പക്ഷേ, മുറിവിൽ മുളകരച്ചു തേക്കുന്നതായാണ് അനുഭവിക്കുന്ന ഞങ്ങൾക്കു തോന്നുന്നത്. സഹതാപ പ്രകടനം ചിലപ്പോൾ വലിയ പരീക്ഷയാണല്ലോ.  

ഇതെല്ലാം കണ്ടും കേട്ടും പിന്നീട് ഉദയായോട് ഒരു അകൽച്ച വന്നു. ഇതെല്ലാം വരുത്തിവച്ചത് ഉദയായല്ലേ? അങ്ങനെ അതിനോട് അമർഷം. ഉദയായോടു ബന്ധപ്പട്ടതെല്ലാം വിറ്റു കളയണം, വിറ്റഴിക്കണം. എന്നായിരുന്നു മനസ്സ് നിറയെ. ‘എന്തിനാണെല്ലാം കെട്ടിപ്പിടിച്ചോണ്ടിരിക്കുന്നത്, വിറ്റു കളഞ്ഞുകൂടെ’  എന്നു വീട്ടിൽ ചോദിച്ചിട്ടുമുണ്ട്.

പിന്നെ, ഓരോന്നോരോന്നായി വിറ്റു തുടങ്ങി. കാറ്, കെട്ടിടവും സ്ഥലവും, ഭൂഗോളവും കോഴിയും ചേർന്ന എംബ്ലം... സങ്കടമല്ല തോന്നിയത്.  ചെറിയ സന്തോഷമായിരുന്നു. ഓരോന്നു പോകുമ്പോൾ ഓരോ പ്രശ്നങ്ങൾ തീരുകയാണ് എന്നു തോന്നി. ചെറിയ ആശ്വാസം.

ആ ദിവസങ്ങളെക്കുറിച്ചൊന്നും കുറിച്ചു വച്ചിട്ടില്ല. ആ ദിവസങ്ങളുടെ സംഭവക്രമങ്ങൾ ഓർമിച്ചും വച്ചില്ല. അങ്ങനെയാണ് നമ്മൾ. ചെറിയ സന്തോഷവും ചെറിയ ആശ്വാസവും വിശദാംശങ്ങളോടെ സൂക്ഷിക്കുന്ന ടെറസല്ല മനസ്സ്.

പക്ഷേ, നമ്മള്‍ പറയാറില്ലേ, കാലം ഒരു വലിയ മാന്ത്രികന്‍ ആണെന്ന്. അതുതന്നെ എന്‍റെ ജീവിതത്തിലും സംഭവിച്ചു. സിനിമയെ അത്രയേറെ അകറ്റി നിര്‍ത്തിയിരുന്ന ഞാന്‍ സിനിമയിലെത്തി, നായകനായി, ഉദയായുെട ഒാരോരോ കാര്യങ്ങളായി തിരിച്ചുപിടിച്ചു. ഇപ്പോഴിതാ മുപ്പതുവര്‍ഷങ്ങള്‍ക്കു േശഷം ഉദയായുെട ബാനറില്‍ ഒരു സിനിമയും നിര്‍മിക്കുന്നു. ഉദയായുെട പൂവന്‍േകാഴി വീണ്ടും കൂവാന്‍ പോവുകയാണ്.

chakko4



താരങ്ങളെ കണ്ടു വളര്‍ന്ന കുട്ടിക്കാലമായിരുന്നില്ലേ?

അതിലൊന്നും വലിയ ഭ്രമം ഉണ്ടായിരുന്നില്ല. പ്രേംനസീറും സത്യനും ഉമ്മറും ഷീലയും ജയഭാരതിയുമൊക്കെ മിക്കപ്പോഴും ഉദയായിലെത്തും. നസീറിനും രാഗിണിക്കും ഷൂട്ടിങ് ഉള്ളപ്പോള്‍ താമസിക്കാന്‍ പ്രത്യേക കോട്ടേജുകള്‍ ഉണ്ട് അവിടെ. ഇവർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫ് വാങ്ങാനോ ഒന്നും ഞാന്‍ ശ്രമിച്ചിരുന്നില്ല. എന്നും കാണാൻ കഴിയുന്നവർ എന്ന ചിന്ത െകാണ്ടാകാം അത്. അതുമല്ലെങ്കിൽ ഉദയായോടു തന്നെയുള്ള വെറുപ്പ്.

സ്കൂളിലും കൂട്ടുകാര്‍ നടീനടന്മാരുെട വിേശഷങ്ങള്‍ ചോദിച്ചതായി ഒാര്‍ക്കുന്നില്ല. ചോദിച്ചാൽ ഞാൻ ഓടിക്കും എന്നറിയാവുന്നതു കൊണ്ട് അവർ സ്വയം നിയന്ത്രിച്ചതാകാം.

ഉദയാ എന്നു േകള്‍ക്കുമ്പോള്‍ ഭൂഗോളത്തിനു മുകളിലെ േകാഴിയാണ് പലരുേടയും മനസ്സില്‍ തെളിയുക. കുഞ്ചാക്കോയുെട മനസ്സിലെ ഒാര്‍മ എന്താണ്?

ഉദയാ സ്റ്റുഡിയോയിൽ എത്തിയാൽ ആദ്യം കാണുന്നത് കന്യാമറിയത്തിന്റെ പ്രതിമയാണ്. ‘റാംജിറാവു സ്പീക്കിങ്ങി’ല്‍ സായ്കുമാർ തിരി കത്തിച്ച് അഭിനയം തുടങ്ങിയത് അവിടെയാണ്. പണ്ട് ഏത് സിനിമയുടെ പൂജ കഴിഞ്ഞാലും ഇവിടെ തിരി വയ്ക്കുമായിരുന്നു.

കുട്ടിക്കാലത്ത് സ്റ്റുഡിയോയില്‍ എത്തുമ്പോള്‍ ഒാടിച്ചെന്നിരുന്ന ഒരു വലിയ കുളമുണ്ട്. അതിന്‍റെ കരയില്‍ െചന്നിരിക്കാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. മലയാളത്തിലെ സ്വപ്നസുന്ദരിമാരായ നടികൾ നീരാടിയ കുളമാണ്. ഉദയായുടെ സിനിമകളിലെ ഒരു പാട്ട് സീനിലെങ്കിലും ഈ കുളം പ്രത്യക്ഷപ്പെടും. ഒരുകാലത്തെ യുവതലമുറയെ വികാരതരളിതമാക്കിയ താമരപൊയ്ക എന്നുപറയാം.

കുളത്തിനരികില്‍ ആകാശം നോക്കി കിടക്കുന്ന സുന്ദരിയുടെ കൂറ്റൻ പ്രതിമയുമുണ്ട്. ഒരു വലിയ മീനുണ്ടായിരുന്നു ഈ കുളത്തില്‍. ‘ഒരു മനുഷ്യനോളം വലുതല്ലേ’ എന്നു കുട്ടികൾക്കു തോന്നുന്നത്ര വലിയ മീൻ. അതിലായിരുന്നു ത്രിൽ: ചെമ്പരത്തിപ്പൂ പറിച്ചിട്ടാൽ അത് വെട്ടി അകത്താക്കാൻ ഇവന്‍ പാഞ്ഞുവരും. ഞങ്ങള്‍ കുട്ടികള്‍ ഒരുപാടു ചെമ്പരത്തിപ്പൂക്കളും പറിച്ച് ഇവിടെ വന്നിരിക്കും.

സ്റ്റുഡിയോ കോംപ്ലക്സില്‍ പണ്ടൊരു ഗുഹയുമുണ്ടായിരുന്നു. ഏതോ സിനിമയ്ക്കായി ഇട്ട സെറ്റാണ് ഈ ഗുഹ. ഏറെക്കാലം ഗുഹ പൊളിക്കാതെ കിടന്നു. കുളത്തിന്‍റെ കരയിലെ ബഹളം കഴിഞ്ഞാൽ പിന്നെ ഓടുന്നത് ഗുഹയിലേക്കാണ്. ഒളിച്ചുകളിക്കാൻ ഒന്നാംതരമായിരുന്നു ആ സ്ഥലം.

പിന്നെ, ഒാര്‍മയുള്ളത് ഒരു എഡിറ്റിങ് സ്യൂട്ടാണ്. അവിെട മൂവിയോള എന്ന ഉപകരണത്തില്‍ അപ്പന്‍ എഡിറ്റ് ചെയ്യുന്നതും നോക്കി ഞാനിരിക്കും. ഫിലിമില്‍ നോക്കി, മുറിച്ച്, ഒട്ടിച്ച്. പ്രൊജക്ടറിൽ ലോഡ് ചെയ്ത്, വീല് കറക്കി.... അതൊക്കെ അന്നു വലിയ അദ്ഭുതങ്ങളാണ്. അന്നു ഞാൻ  നഴ്സറിയിൽ പഠിക്കുകയാണ്.

എന്തായിരുന്നു ഉദയായുെട വിജയരഹസ്യം?

‘‘അതു രഹസ്യമല്ലേ, തുറന്നു പറയാന്‍ പറ്റില്ല. ആ രഹസ്യ ഫോര്‍മുല ഉപയോഗിച്ചാണ് ഇപ്പോള്‍ അയ്യപ്പ പൗലോ എടുത്തിരിക്കുന്നത്.....’’ കുഞ്ചാക്കോ ചിരിയോെട പറഞ്ഞു. ‘‘ടീം വര്‍ക്ക് തന്നെയായിരുന്നു വിജയങ്ങളുടെ അടിസ്ഥാനം. എല്ലാവരും ഒറ്റക്കെട്ടായാണു സിനിമയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുക. വലിപ്പച്ചെറുപ്പങ്ങളില്ല.

ആക്‌ഷൻ പറയുമ്പോൾ കഥാപാത്രം ജനിക്കുകയും കട്ട് കേൾക്കുമ്പോൾ കഥാപാത്രം മറയുകയും  ചെയ്യുന്ന സെറ്റല്ലായിരുന്നു ഉദയാ സ്റ്റുഡിയോ. അവിടെയിരുന്ന് കഥകൾ എഴുതി. കഥാപാത്രങ്ങളുെട സംഭാഷണങ്ങള്‍ എഴുതി. നായകനും നായികയും ജീവിതത്തിന്റെ നാൽക്കവലകളിൽ വന്നു നിൽക്കുമ്പോൾ അവർക്ക് വഴി പറഞ്ഞു കൊടുക്കാൻ തിരക്കഥാകൃത്തും നിർമാതാവും അഭിനേതാക്കളും ഒപ്പം കൂടി. ഷൂട്ടിങ് കഴിഞ്ഞും അവരവിടെ ഏർപ്പെട്ട ചർച്ചയുടെ, നേരമ്പോക്കുകളുടെ, സർഗവേദനകളുടെ, ആഹ്ലാദാരവങ്ങളുടെ ജീവിതം.

chakko3

ഉദയായിൽ പാട്ടുകൾ പിറക്കുന്നതു പോലും വ്യത്യസ്തമായിരുന്നു. കഥാകൃത്തും തിരക്കഥാ രചയിതാവും ഗാനരചയിതാവും സംഗീത സംവിധായകനും നിർമാതാവും സംവിധായകനും അഭിനേതാക്കളും എല്ലാവരും കാണും ട്യൂണിടാന്‍ ഇരിക്കുമ്പോള്‍. ഒരു പാട്ടിന്  നാലഞ്ചു ട്യൂണിടും.  ചിലപ്പോൾ ഏതാണ് ഇതിൽ മികച്ചത് എന്ന സംശയം ഉയരും.

അപ്പോൾ എല്ലാവരും എഴുന്നേറ്റുപോയി, ഒന്നുനടന്ന് കാപ്പി കുടിച്ചിട്ടു വരും.  തിരികെ വരുമ്പോൾ ഏറ്റവും കൂടുതല്‍ പേരുടെ ഓർമയിൽ നിൽക്കുന്ന ട്യൂൺ തീരുമാനിക്കും. രസകരമായ കാര്യം മിക്കപ്പോഴും എല്ലാവർക്കും ഓർമയിൽ നിൽക്കുന്നത് ഒരേ ട്യൂൺ ആയിരിക്കും. എന്നതാണ്.

ഒരേ ഈണത്തിൽ നീങ്ങിയ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മ ആയിരുന്നു ഉദയാ. ഏതാണ്ട് എല്ലാ സിനിമകളിലും അവർ  ആവർത്തിച്ചു കൊണ്ടിരുന്നു.  ഓരോരുത്തരും അവരവരുടെ ഭാഗം ഭംഗിയാക്കുന്ന സിംഫണി പോലെ.

പിന്നീടെന്താണ് ഉദയായ്ക്കു സംഭവിച്ചത്?

സംഭവിച്ചതെല്ലാം നല്ലതിന് എന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണു ഞാന്‍. അതൊന്നും കീറിമുറിച്ച് പരിേശാധിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ഉദയായുെട പ്രതിസന്ധി വളര്‍ന്നു വരുന്ന സമയത്താണ് എന്‍റെ സ്കൂള്‍ പഠനം. സിനിമകൾ തുടരെ തുടരെ പൊട്ടി.  പ്രതാപം തീരുകയാണെന്ന് പതുക്കെ ഓരോരുത്തരും തിരിച്ചറിഞ്ഞു. ലാഭം തരുന്നില്ലെന്നു മാത്രമല്ല, വലിയ സ്ഥാപനം നിലനിർത്തുക തന്നെ വലിയ ബാധ്യതയായി. എങ്കിലും ഒരു പടം വിജയിച്ചാൽ എല്ലാം പഴയ പടിയാകും എന്നാണ് എല്ലാവരും കരുതിയത്.

‘ആഴി’ ആയിരുന്നു അവസാനത്തെ സിനിമ. അപ്പനാണു സംവിധാനം ചെയ്തത്. പിന്നെ, ഉദയാ സിനിമകളിലെ ഗാനങ്ങള്‍ േകാര്‍ത്തിണക്കി ‘അനശ്വരഗാനങ്ങള്‍’ ഇറക്കി. വലിയ മുതല്‍മുടക്കുമില്ലായിരുന്നു. യേശുദാസാണ് ആ പാട്ടുകള്‍ പരിചയപ്പെടുത്തിയത്.

ആദ്യ സിനിമയായ ‘അനിയത്തിപ്രാവ്’ ഉദയായിലും ഷൂട്ട് ചെയ്തല്ലോ?

സിനിമയുെട കുറച്ചു ഭാഗം ഉദയായിലാണു ചിത്രീകരിച്ചത്.  സുധീഷും ഹരിശ്രീ അശോകനും ശാലിനിയുമായുള്ള ഒരു പാട്ട് സീനാണ് ആദ്യമെടുത്തത്. നമ്മുടെ പഴയ സ്ഥാപനത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോകുന്നു എന്ന ഫീലിങ്ങൊന്നും തോന്നിയില്ല. ഒരു സെറ്റ്, അത്ര തന്നെ. പ്രത്യേകിച്ച്  ഒരടുപ്പവുമില്ല. നഷ്ടപ്പെട്ടതിൽ നിരാശയും തോന്നിയില്ല. പഴയ അമർഷം മനസ്സിൽ അപ്പോഴും കിടന്നതു കൊണ്ടാകാം.

അനിയത്തിപ്രാവിൽ തുടങ്ങിയ വിജയം ഏറിയും കുറഞ്ഞും ‘നിറം’ വരെ തുടർന്നു.  പിന്നെ,  കുറച്ചുകാലം ഗ്രാഫ് താഴോട്ടായിരുന്നു. സിനിമ നമ്മുടെ മേഖലയല്ല നിർത്താം എന്നു തീരുമാനിച്ച കാലം. കല്യാണവും കഴിഞ്ഞു. റിയൽ എസ്റ്റേറ്റ്  ബിസിനസിലും ശ്രദ്ധിച്ചു.

അങ്ങനെ സിനിമയിൽ നിന്നു മാറിനിന്ന കാലത്താണ് സിനിമ എനിക്കെന്താണ് എന്നു മനസ്സിലായത്. ആളുകൾ എന്നെ ഇത്രയേറെ സ്നേഹിക്കുന്നതിന് കാരണം,  സിനിമയാണെന്ന് എനിക്കു മനസ്സിലായി. എന്നേക്കാൾ ഭാര്യ പ്രിയയും അതു ശ്രദ്ധിച്ചു. ഇനിയും  അഭിനയിക്കാൻ  താത്പര്യമുണ്ടോ എന്ന് പ്രിയ ചോദിച്ചു.

‘ഒന്നു കൂടെ നോക്കാം.’ എന്നു ഞാന്‍.

അപ്പോഴാണ് വി.കെ. പ്രകാശിന്റെ ‘ഗുലുമാലി’ൽ അവസരം കിട്ടുന്നത്. അതു കേറി ക്ലിക്ക് ചെയ്തു. അതോടെയാണ് തിരിച്ചുവരവ് സാധ്യമാണെന്ന് ബോധ്യമാകുന്നത്.  സിനിമയാണ് സ്വന്തം തട്ടകമെന്നും. എല്ലാം നിര്‍ത്തി പോയിട്ടും സിനിമ എന്നെ തിരിച്ചു കൊണ്ടുവന്നിരിക്കുന്നു. അന്നാണ് ഉദയായുടെ വാല്യു ഞാൻ മനസ്സിലാക്കുന്നത്. ആ പാരമ്പര്യം ഞാൻ തിരിച്ചറിയുന്നത്.

chakko6



പ്രതാപകാലം തിരിച്ചുപിടിക്കണമെന്ന സ്വപ്നമോ...?

ഉദയായുെട തിരിച്ചുവരവ് എന്‍റെ ജീവിതത്തിലെ വലിയൊരു ഉത്തരവാദിത്തമാണ്. അല്‍പം െെവകിയാലും വ്യത്യസ്തമായ നല്ല സിനിമയിലൂെട വേണം തിരിച്ചുവരവ് എന്നുണ്ടായിരുന്നു.  

നാലഞ്ചു വര്‍ഷമായി ഈ മോഹം മനസ്സിലുണ്ട്. അടുത്തകാലത്ത് ഒരു ദിവസം നടന്‍ സുധീഷ് വിളിച്ചു, ‘സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവയ്ക്ക് ഒരു കഥ പറയണം. പത്തുദിവസത്തെ േഡറ്റ് മതിയാകും. എന്‍റെ മോനാണ് അതിലെ ഒരു പ്രധാന േവഷം ചെയ്യുന്നത്..’

‘ഞാന്‍ േചാദിച്ചു, ‘ആരാണ് പ്രൊഡ്യൂസര്‍..?’

‘ആരുമായില്ല. ചാക്കോച്ചനും കൂടി അഭിനയിക്കുന്നുണ്ടെങ്കില്‍ പ്രൊഡ്യൂസറെ കിട്ടാന്‍ എളുപ്പമായിരിക്കും...’

അങ്ങനെ സിദ്ധാര്‍ത്ഥ് കാണാന്‍ വന്നു. കഥ പറഞ്ഞു. അതു കേട്ടപ്പോേഴ ഞാന്‍ തീരുമാനിച്ചു, ‘ഇത് ഉദയായുെട ബാനറില്‍ നിര്‍മിക്കാം’.

അങ്ങനെയാണു ‘െകാച്ചൌവ്വ പൗലോ’ സംഭവിക്കുന്നത്. ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം സിദ്ധാര്‍ത്ഥ് എന്നോടു പറഞ്ഞു. ‘സംവിധായകന്‍ സിദ്ദിഖിന്‍റെ മകളുെട കല്യാണ റിസപ്ഷന് നമ്മള്‍ കണ്ടിരുന്നു. അന്ന് ‘ഒരു കാര്യം പറയാനുണ്ട്’ എന്നു പറഞ്ഞിരുന്നു. പിന്നീെടാന്നും ഇതുവരെ പറഞ്ഞില്ല.

സിദ്ധാര്‍ത്ഥിനെ മാത്രമല്ല, അച്ഛനും സംവിധായകനുമായ ശിവപ്രസാദ് സാറിെന വരെ എനിക്കു നേരത്തെ അറിയാം. പക്ഷേ, ഞാന്‍ ഒാര്‍ക്കുന്നു കൂടി ഉണ്ടായിരുന്നില്ല, ആ കൂടിക്കാഴ്ച.

എല്ലാവരും ഉദയായുടെ പേരിനോട് ചേർത്ത് ചാക്കോച്ചനെ തിരിച്ചറിയുന്നു. ചാക്കോച്ചനതു തിരിച്ചറിയാൻ ത‌ന്റെ അഭിനയ ജീവിതത്തിലെ രണ്ടാം ഉദയം വരെ കാത്തു നിൽക്കേണ്ടി വന്നു. പൗലോ കൊയ്‌ലോയുടെ ആല്‍ക്കമിസ്റ്റിലെ സാന്‍റിയാഗോ എന്ന കഥാപാത്രം, നിധിയിരിക്കുന്നത് അങ്ങു ദൂരെ പിരമിഡുകൾക്കിടയിലല്ല, പണ്ട് ഉറങ്ങിയ മരത്തിന്റെ ചുവട്ടിലാണെന്നു തിരിച്ചറിഞ്ഞതു പോലെ.

വീണ്ടും കൂവുന്ന പൂവന്‍േകാഴി

ഉദയായുടെ ചിഹ്നമായ പൂവന്‍കോഴി കാരണം കുഞ്ചാക്കോ ബോബന് സ്കൂളില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ക്കിടയില്‍ ഒരു കളിയാക്കിപ്പേര് ഉണ്ടായിരുന്നു, ‘േകാഴിക്കള്ളന്‍.’  എല്ലാം വിറ്റു പോയപ്പോഴും ഉദയായുടെ വിജയം വിളംബരം ചെയ്തു പോന്ന കോഴിയുടെ ചിഹ്നം കുഞ്ചാക്കോ ബോബൻ സ്വന്തമാക്കി. പിന്നീട് സിനിമ നിർമിക്കാൻ താത്പര്യത്തോടെ നടക്കുന്ന സമയത്ത് ഒരു അമേരിക്കൻ സന്ദർശനമുണ്ടായിരുന്ന‌ു. ഭാര്യ പ്രിയ ഇന്റീരിയർ ഡിസൈനിങ് ചെയ്യും.അതിന് കുറച്ച് ക്യുരിയോസ് വാങ്ങുന്നതിന് അവിടുത്തെ ഒരു കടയിൽ കയറി. അപ്പോഴതാ, അവിടമാകെ പലതരം കോഴികൾ. നോക്കുന്ന കോഴ‌ി, ചിരിക്കുന്ന കോഴി, പറക്കുന്ന കോഴി, ഒാടുന്ന കോഴി, ചിറകുവിരിച്ച കോഴി , ഒതുങ്ങി നിൽക്കുന്ന കോഴി...  പ്രതിമകളിലും ചിത്രങ്ങളിലും കോഴിയങ്ങനെ കൊക്കി കൊക്കി നടക്കുകയാണ്. അന്നേരം അവിടെവച്ച് പ്രിയയോട് ചാക്കോച്ചന്‍ പറഞ്ഞു: ‘കോഴി ഇവിടെയും ട്രെന്റ‌ാ, ഇനി മടിക്കേണ്ട. നമ്മുടെ സിനിമയ്ക്കു സമയമായി.’

‘ധന്യ’യിലെ പൂച്ചക്കുഞ്ഞ്

ഫാസിൽ സംവിധാനം ചെയ്ത ‘ധന്യ’യിലെ ഒരു പാട്ടു സീനില‌ാണ് കുഞ്ചാക്കോ ബോബൻ ആദ്യം മുഖം കാണിക്കുന്നത്. ശ്രീവിദ്യയുടെ മട‌ിയിലിരിക്കുന്ന ക‌ുട്ടിയായിരുന്നു ചാക്കോച്ചൻ. ശ്രീവിദ്യ പാടും. ‘ബ്ലാം ബ്ലാം ചട്നിക്ക ഉപ്പിട്ട മാങ്ങ, വാളന്‍പുളി ഇത്തിരി തിന്നെടീ പൂച്ചക്കൂഞ്ഞേ...’ അപ്പോൾ ചാക്കോച്ചനും കുട്ടികളും ചേർന്ന് ‘മ്യ‌ാവൂ’ എന്നു കരയും. അതായിരുന്നു രംഗം.


 

chakko5