Wednesday 12 December 2018 12:09 PM IST : By ശ്യാമ

പതിനെട്ടു വയസു തികയുമ്പോൾ മകൾ കിയാരയ്ക്ക് നൽകാനായി മനോഹര സമ്മാനം ഒരുക്കി മുക്ത

muktha3

മേക്കപ്പിനിടയിൽ മുക്ത ഇടയ്ക്കിടെ ചെറിയൊരു അങ്കലാപ്പോടെ അമ്മയോട് ചോദിക്കുന്നുണ്ട് ‘കൺമണി എണീറ്റോ അമ്മേ’ എന്ന്. ഇത്തിരി വണ്ണവും ഒത്തിരി പക്വതയുമാണ് മുക്തയിൽ കാണുന്ന മാറ്റങ്ങൾ. തൊട്ടടുത്ത മുറിയിൽ കിയാര എന്ന കൊച്ചു കൺമണി, മാലാഖക്കുഞ്ഞിനെപ്പോലെ ഉറങ്ങുന്നു. ഷൂട്ടിന്റെ ചിരികളികൾക്കു മുൻപേ നന്നായി ഉറങ്ങി റെസ്റ്റ് എടുത്തേക്കാം എന്നൊരു കള്ളച്ചിരി മുഖത്ത് മിന്നിമായും പോലെ.

മുക്തയുടെ മേക്കപ്പ് കണ്ട് ഓകെ പറഞ്ഞ് റിങ്കു ടോമി കാറിന്റെ കീ എടുത്തു. ‘‘എന്റെ പെങ്ങൾ പ്രസവിച്ചു, അവളേയും കൊച്ചിനേയും കണ്ടിട്ടു വരാം.’’ മുഖത്തേക്കു പാഞ്ഞുവന്ന സംശയം കണ്ടാകാം മുക്ത ഇടയിൽക്കയറി പറഞ്ഞു.‘‘ഏട്ടനു റിമി ചേച്ചിയെ കൂടാതെ ഒരു സഹോദരി കൂടിയുണ്ട്, റിനു ടോമി, റിനുവിന് ആൺകുട്ടിയാണ്. ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ കുഞ്ഞായിരുന്നു കൺമണി. ഇപ്പോ അവളും കുഞ്ഞേച്ചിയായി.’’

റിമി ടോമിയുെട സഹോദരൻ എങ്ങനെയാണ് മുക്തയുെട ഹൃദയം സ്വന്തമാക്കിയത്?

റിങ്കു ഏട്ടനെ ഞാൻ സ്റ്റേജ് ഷോ വഴിയാണ് പരിചയപ്പെടുന്നത്. റിമിച്ചേച്ചിയും ഞാനും ഒരുപാടു സ്റ്റേജ് പരിപാടികൾ ഒരുമിച്ചു ചെയ്തിരുന്നു. അങ്ങനെ വീട്ടുകാരു തമ്മിലും നല്ല അടുപ്പമായി. ഞങ്ങളുടെ അമ്മമാർ തമ്മിൽ ഈ കല്യാണ ആലോചന നടത്തിയിരുന്നു. ഏട്ടനും ഞാനും സംസാരിക്കാൻ തുടങ്ങി. തമ്മിൽ ചേർന്നു പോകുമെന്നു തോന്നിയപ്പോൾ ഏട്ടൻ ആ കാര്യം എന്റെ അമ്മയോടു വിളിച്ചു പറഞ്ഞു. അറിയാത്തൊരു വീട്ടിൽ കയറിച്ചെല്ലുന്നതും ഒരു പരിചയവുമില്ലാത്തൊരാളെ ജീവിതപങ്കാളിയാക്കുന്നതും എനിക്ക് ആലോചിക്കാൻ പറ്റില്ലായിരുന്നു. ഇതിപ്പോ രണ്ടു വീട്ടുകാരും നേരത്തെ അറിയും. എല്ലാ കാര്യത്തിനും നല്ല സപ്പോർട്ട് തരുന്നവരാണെന്ന് ഉറപ്പുണ്ട്. ഞങ്ങളുടെ കല്യാണ രാത്രി തിരക്കും ബഹളവും ഒക്കെ കഴിഞ്ഞപ്പോൾ നല്ല വിശപ്പ്. ചേട്ടന്റെ മമ്മി അപ്പോൾത്തന്നെ കഞ്ഞി വച്ചു, പുതുപെണ്ണായ ഞാൻ ചമ്മന്തിയും അരച്ചു. ഞങ്ങളെല്ലാം കൂടി വട്ടത്തിലിരുന്ന് അതു കഴിച്ചു. അന്നുതൊട്ട് ഇന്നുവരെ സ്നേഹത്തിനു കുറവു വന്നിട്ടില്ല. കൺമണി കൂടി വന്നപ്പോ അതൽപം കൂടിയിട്ടുണ്ട്.

കല്യാണത്തിന് ചട്ടയും മുണ്ടും ഉടുത്ത മുക്ത, പിന്നെ, നിറവയറുമായി പെസഹാ അപ്പം മുറിക്കുന്ന മുക്ത... സോഷ്യൽ മീഡിയ മുക്തയെ വിടുന്നില്ലല്ലോ?

കല്യാണത്തിനു പരമ്പരാഗത വേഷം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. റിങ്കു ഏട്ടന്റെ വീട്ടുകാർക്ക് ആദ്യം ഇത്തിരി ടെൻഷനുണ്ടായിരുന്നു. ഞാൻ ഒരുങ്ങി വന്നപ്പോ പക്ഷേ, എല്ലാവരും ഹാപ്പി. അമ്മാമ്മച്ചിയുടെ കല്യാണ ഫോട്ടോ ഒക്കെ തപ്പിപ്പിടിച്ചു നോക്കി, പഴയ രീതികൾ അതേപടി അനുകരിച്ചു. താമരമൊട്ടു കൊണ്ടായിരുന്നു ബൊക്കെ. നമ്മുടെ നാടൻ വേഷവും രീതിയും വരും തലമുറയ്ക്കു പിൻതുടരാൻ ഒരു പ്രചോദനം ആയിക്കോട്ടെന്നു കരുതി. പെസഹ അപ്പം മുറിക്കുന്ന ഫോട്ടോ ഇട്ടപ്പോള‍്‍ ആളുകൾ ഒരുപാടു കമന്റുകളൊക്കെ അയച്ചു. എന്നെക്കുറിച്ച് അറിയാൻ പ്രേക്ഷകർക്കു ഇപ്പോഴും ആഗ്രഹമുണ്ടെന്നറിഞ്ഞപ്പോ നല്ല  സന്തോഷം തോന്നി. ഞങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളൊക്കെ ഫെയ്സ്ബുക്കിൽ കുറിക്കാറുണ്ട്.

‘അച്ഛനുറങ്ങാത്ത വീടി’നു ശേഷം തമിഴിലും തെലുങ്കിലുമായി നിറയെ സിനിമകൾ... പിന്നെ കുറേക്കാലം സ്ക്രീനിൽനിന്നു മറഞ്ഞുനിന്നു?

കോതമംഗലത്തെ എന്റെ വീടിനടുത്തുള്ള എംഎ കോളജിലാണ് ‘രസികൻ’ എന്ന ചിത്രം ഷൂട്ട് ചെയ്തത്. അന്നു ഞാൻ ആറാം ക്ലാസിലാണ്. ഞങ്ങൾക്കൊരു ബ്യൂട്ടി പാർലർ ഉണ്ട്, അവിടെ വരുന്ന ആന്റിമാരൊക്കെ പറയും, ഒരു ചാൻസ് ചോദിച്ചു നോക്ക് നിനക്കു കിട്ടും എന്ന്. ഞാനന്ന് സ്കൂളിലെ കലാതിലകമായിരുന്നു, ഡാൻസും പാട്ടുമൊക്കെയുണ്ട്. പക്ഷേ, എനിക്ക് ചാൻസ് ചോദിക്കാൻ ചമ്മൽ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു സീരിയൽ ചെയ്തു, അതിനുശേഷമാണ് ലാൽ ജോസ് സാറിന്റെ തന്നെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിൽ അവസരം കിട്ടിയത്. സാരിയുടുത്താണ് ഓഡിഷനു പോയത്. പോരാത്തതിന് പത്തിലാണ് പഠിക്കുന്നതെന്നൊരു ചെറിയ നുണയും പറഞ്ഞു. സ്കൂളി‍ൽ പഠിക്കുന്ന ചെറിയ കുട്ടിയുടെ റോൾ  ആണ്. അതുകൊണ്ട് സാർ എന്നെ കണ്ടയുടനെ ‘നോ’ പറഞ്ഞു. അവസാനം ആ റോൾ കറങ്ങിത്തിരിഞ്ഞ്  എനിക്കുതന്നെ വന്നു ചേർന്നു.
തീർത്തും അറിവില്ലാത്ത പ്രായമായിരുന്നു. അഭിനയം തുടങ്ങിയ സമയത്ത് ഒരു നല്ല ഫോട്ടോ ഷൂട്ട് പോലും ഞാൻ ചെയ്തിരുന്നില്ല. കാര്യങ്ങൾ നോക്കി നടത്താൻ മാനേജർ ഉണ്ടായില്ല. ചില  കുട്ടികൾ ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി അഭിപ്രായം ചോദിക്കാറുണ്ട്. അഭിനയിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അതു ചെയ്യണം. പക്ഷേ, നിങ്ങളുടെ പഠിത്തം കഴിഞ്ഞിട്ട് മതി ഈ ഫീൽഡിലേക്കു വരാൻ എന്നു ഞാൻ പറയും.

ഉറക്കമുണർന്ന് ഉഷാറായ കിയാര പുത്തനുടുപ്പണിഞ്ഞ് ക്യാമറയ്ക്കു മുന്നിലെത്തി. കൺമണീീീ... ചക്കരക്കുട്ടി... തക്കുടുക്കുട്ടി.... വിളികൾ കൊണ്ട് സ്റ്റുഡിയോ ഫ്ലോർ നിറഞ്ഞു. കിലുങ്ങുന്ന കളിപ്പാട്ടവുമായി  മുക്തയുടെ അമ്മയും ആന്റിയും മേക്കപ്പ് ടീമുമെല്ലാം ഫോട്ടോയ്ക്കു വേണ്ടി കൺമണിയെ ചിരിപ്പിക്കാനുള്ള തത്രപ്പാടിലാണ്. ക്യാമറ മിന്നുന്നു ക്ലിക് ക്ലിക്...

‘‘വീട്ടിലെ ആദ്യത്തെ കുട്ടിയായതിന്റെ എല്ലാ വാത്സല്യവും അവൾക്കു കിട്ടുന്നുണ്ട്. എന്റെ ചേച്ചിയുടെ മോനെ നോക്കിയതു മുഴുവൻ ഞാനാണ്. കൺമണിയെ 28ാം ദിവസം മുതൽ ഞാൻ തന്നെയാണ് കുളിപ്പിക്കുന്നതൊക്കെ. റിമിച്ചേച്ചിയാണ് വാവയുടെ ഉറ്റ ചങ്ങാതി. പ്രോഗ്രാം കഴിഞ്ഞ് നിറയെ കളിപ്പാട്ടങ്ങളുമായിട്ട് ചേച്ചി എത്തും. പിന്നെ പാട്ടായി. ഡാൻസായി. റോയിസേട്ടനും റിങ്കു ഏട്ടനും നല്ല ആസ്വാദകരാണ്. റിങ്കു ഏട്ടന്റെ അമ്മയും അനുജത്തി റിനുവും ഒക്കെ അവൾക്ക് എപ്പോഴും പാട്ടു പാടി കൊടുക്കും.അവളിത്തിരി വലുതായിട്ട് വേണം ഡാൻസ് പഠിപ്പിക്കാൻ. ഞാൻ മൂന്നാം വയസ്സു മുതൽ നൃത്തം പഠിച്ചു തുടങ്ങിയതാണ്.

muktha2

വീണ്ടും സിനിമയെക്കുറിച്ച് ആലോചിക്കുന്നില്ലേ?

കൺമണിക്കിപ്പോൾ ആറു മാസം കഴിഞ്ഞു. ഇനി നല്ല വേഷങ്ങൾ കിട്ടിയാൽ സിനിമ ചെയ്യണം. എനിക്കു നന്നായി ചെയ്യാൻ കഴിയുന്ന ജോലി അഭിനയമാണ്. വീട്ടുകാരുടെ എല്ലാ  സപ്പോർട്ടുമുണ്ട്. റിമിച്ചേച്ചി എപ്പോഴും പറയും നമ്മുടെ കഴിവുകൾ വെറുതെ പാഴാക്കരുതെന്ന്. ഒരു ഇടവേളയ്ക്കു ശേഷം ലാൽ സാറിന്റെ ‘ഇമ്മാനുവലിൽ’ വന്നപ്പോൾ ആളുകളിൽ നിന്നു കിട്ടിയ പൊസിറ്റീവ് റെസ്പോൺസ് ഒരുപാടു സന്തോഷം തന്നു. സിനിമ ചെയ്യും മുൻപേ ലാൽ ജോസ് സാർ പറഞ്ഞിരുന്നു ‘ഇതിൽ മൂന്നു സീനേയുള്ളൂ മുക്തയ്ക്ക്, നന്നായി ആലോചിച്ചിട്ട് വേണമെങ്കിൽ മാത്രം ചെയ്താൽ മതി. പക്ഷേ, സിനിമ കാണുന്നവരാരും മുക്തയെ മറക്കില്ല’ എന്ന്. കാൻസർ രോഗിയുടെ റോളായിരുന്നു അതിൽ. ഇനിയും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം.

പിന്നെ ബ്യൂട്ടീഷൻ എന്ന പ്രഫഷൻ നല്ല ഇഷ്ടമാണ്. അതിന്റെ കോഴ്സും പുതിയ ടെക്നിക്കുകളുമൊക്കെ നന്നായി പഠിച്ചശേഷം ഒരു സലൂൺ തുടങ്ങണം എന്നുണ്ട്. ഉടനെയല്ല കേട്ടോ... സാവധാനം. ഇപ്പോ ഞാൻ മറ്റൊരു കാര്യത്തിൽ ബിസിയാണ്. ‘കൺമണിയുടെ ഫോട്ടോ ഡയറി’. കൺമണി ജനിച്ചതു മുതൽ അവളുടെ വളർച്ചയുടെ ഓരോ ഘട്ടവും ഫോട്ടോ എടുത്തു വെച്ചിട്ടുണ്ട് അതിനോടൊപ്പം ആദ്യമായി ചെയ്ത കാര്യങ്ങളുടെ ദിവസവും സമയവും ഒക്കെ എഴുതിയിട്ടുമുണ്ട്. പതിനെട്ടു വയസ്സു തികയുമ്പോൾ അവൾക്ക് ഈ ഡയറി സമ്മനിക്കണം.’’

ചുറ്റും നടക്കുന്നതെല്ലാം വിസ്മയത്തോടെ നോക്കിയും ചിലപ്പോൾ ചിരിച്ചും അമ്മയ്ക്കു ഡയറിയിൽ കുറിക്കാനുള്ള ആദ്യത്തെ കവർഷൂട്ട് കഴിഞ്ഞതിന്റെ ഗമയിലിരിപ്പാണിപ്പോൾ കിയാരക്കൺമണി.

റിങ്കുവിന്റെ സ്വന്തം മുത്ത്

∙ ആദ്യം കണ്ടപ്പോൾ?

എന്നാണെന്ന് കൃത്യമായി ഒാർമയില്ല. ഞാനാണ് റിമി ചേച്ചിയുടെ പ്രോഗ്രാംസ് നോക്കി നടത്തുന്നത്. സ്റ്റേജ് ഷോകൾക്കു പോകുമ്പോൾ പലപ്പോഴും  മുത്തിനെ കാണാറുണ്ടായിരുന്നു.

∙ സോഷ്യൽ മീ‍‍ഡിയയുടെ ഇഷ്ട  ജോഡിയാണല്ലോ?

ഞാൻ ഫെയ്സ്ബുക് ഉപയോഗിക്കാറില്ല. മുത്താണ് അതിന്റെയാൾ. കമന്റുകൾ വരുന്നത് വായിച്ചു കേൾപ്പിക്കാറുണ്ട്, സന്തോഷം.

∙ മുക്തയുണ്ടാക്കുന്നതിൽ ഇഷ്ടമുള്ള  വിഭവം?

അമ്മയ്ക്ക് മുത്ത് വയ്ക്കുന്ന മാങ്ങയിട്ട മീൻ കറിയാണ് ഇഷ്ടം. എന്റെ ഫേവറിറ്റ് പെപ്പർ ചിക്കനാണ്. എനിക്ക് ചപ്പാത്തി ഇഷ്ടമായതുകൊണ്ട് മുത്ത് നല്ല സോഫ്റ്റായ ചപ്പാത്തിയുണ്ടാക്കാനും പഠിച്ചു.

∙ ഇഷ്ടപ്പെട്ട സ്വഭാവം?

എല്ലാവരോടും പെട്ടന്ന് ഇണങ്ങും.  വീട്ടിലെ എല്ലാ കാര്യങ്ങളും റെസ്പോൺസിബിൾ ആയി ചെയ്യും. എന്നെയും കുഞ്ഞിനെയും നന്നായി നോക്കും, ഒന്നിൽ നിന്നും ഒഴിഞ്ഞുമാറി നിൽക്കില്ല.

∙ ഇനി അഭിനയിക്കുന്നതിനെപ്പറ്റി?

നല്ല കഥാപാത്രങ്ങൾ വന്നാൽ ഫുൾ സപ്പോർട്ടുണ്ടാകും. എങ്കിലും മുക്തയെന്ന ഡാൻസറെയാണ് അൽപം കൂടുതലിഷ്ടം.

muktha1

പുതിയ ലക്കം വനിത വായിക്കാം