Tuesday 15 January 2019 02:20 PM IST : By സ്വന്തം ലേഖകൻ

കേരളത്തിന്റെ തീരുമാനം ചരിത്രപരം! മക്കളുടെ കാര്യത്തിൽ എന്റെ നിലപാടും അതുതന്നെ; നയം വ്യക്തമാക്കി കമലാഹാസൻ

shruthy-kamal-akshara

തമിഴ് ബ്രാഹ്മണ കുലത്തിൽ ജനിച്ച് ജാതിയ്‌ക്കും മതത്തിനും അപ്പുറം ജീവിതം നയിക്കുന്ന ഒരാളാണ് ഉലകനായകൻ കമലാഹാസൻ. പത്താം വയസ്സിലാണ് താരം പൂണൂല്‍ ഉപേക്ഷിച്ചത്. വർഷങ്ങളായി തന്റെ നിലപാടിൽ നിന്നും വ്യതിചലിക്കാതെ ജീവിച്ച കമലാഹാസൻ, മക്കളുടെ കാര്യത്തിലും അവരുടെ ഇഷ്ടത്തിനു അനുസരിച്ച് തീരുമാനമെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേരള സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് കമലാഹാസൻ രംഗത്തെത്തി. ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ജാതിയോ മതമോ വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിനെയാണ് കമല്‍ പ്രശംസിച്ചത്. ട്വിറ്ററിലൂടെയാണ് താരം കേരളം സർക്കാരിനെ അഭിനന്ദിച്ചത്. ഒപ്പം മകൾ ശ്രുതി ഹാസന്റെ മതവും താരം വെളിപ്പെടുത്തി.

"കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍.. നിങ്ങള്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ചരിത്രപരമാണ്. ഞാനെന്റെ മക്കളുടെ സര്‍ട്ടിഫിക്കറ്റില്‍ ഒരു മതവും നല്‍കിയിരുന്നില്ല. അവര്‍ക്ക് തിരിച്ചറിവാകുമ്പോള്‍ തീരുമാനിക്കട്ടെയെന്ന് വച്ചു. ശ്രുതി ഹിന്ദു മതം സ്വീകരിച്ചു. എന്നാല്‍ അക്ഷര ജാതിയോ മതമോ ഇല്ലാതെ ജീവിക്കാന്‍ തീരുമാനിച്ചു.."ഇതായിരുന്നു ട്വീറ്റ്.