Thursday 03 January 2019 02:44 PM IST : By സ്വന്തം ലേഖകൻ

വിനീതേട്ടനെ വേദനിപ്പിച്ചെങ്കിൽ ഞങ്ങൾ മാപ്പു ചോദിക്കുന്നു: മോഹൻലാൽ ഫാൻസ്‌

lal-vineeth

മോഹൻലാലിനെ ഉൾപ്പെടുത്തി ’എന്റമ്മേടെ ജിമ്മിക്കി കമ്മലു’മായി സിനിമയുടെ അണിയറപ്രവർത്തകർ വീണ്ടുമെത്തി. അപ്പാനി രവിയും കൂട്ടരും വിഡിയോയിൽ വരുന്നുണ്ടെങ്കിലും, ലാലേട്ടന്റെ മാസ് എൻട്രിയും ഡാൻസുമാണ് പാട്ടിന്റെ ഹൈലൈറ്റ്. വിഡിയോ വന്നതോടെ മോഹൻലാലിന്റെ കിടിലന്‍ ഡാൻസ് കണ്ട് ആവേശഭരിതരായ ആരാധകർക്കൊപ്പം വിനീത് ശ്രീനിവാസനും ഈ വിഡിയോ ഷെയർ ചെയ്തു. ’വൗ ലാലങ്കിളിന്റെ ജിമിക്കി കമ്മൽ’ എന്നായിരുന്നു വിനീത് കുറിച്ചത്. എന്നാൽ അങ്കിൾ എന്ന് മോഹൻലാലിനെ വിളിച്ചത് ആരാധകർക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഇതോടെ വിനീതിനെ വിമർശിച്ച് ചിലർ രംഗത്തെത്തി. എന്നാൽ ഈ സംഭവത്തിൽ വിനീതിന് പിന്തുണയുമായി മോഹന്‍ലാൽ ആരാധകർ രംഗത്തെത്തി.

മോഹൻലാൽ ഫാൻസ്‌ തയാറാക്കിയ കുറിപ്പ് വായിക്കാം;

വിനീത് ശ്രീനിവാസൻ എന്ന നമുക്ക് ഏവർക്കും പ്രിയപ്പെട്ട പ്രതിഭ നമ്മുടെ ലാലേട്ടനെ ലാൽ അങ്കിൾ എന്ന് വിളിച്ചു എന്ന് പറഞ്ഞു വിനീതിന്റെ അധിക്ഷേപിക്കുന്ന അല്ലെങ്കിൽ എതിർക്കുന്ന ചില മോഹൻലാൽ ആരാധകരുടെ പ്രവർത്തി ശ്രദ്ധയിൽ പെട്ടു. വിനീതിന് നമ്മുടെ ലാലേട്ടൻ വെറുമൊരു നടൻ മാത്രമല്ല. വളരെ ചെറുപ്പം തൊട്ടേ കാണുന്ന, ഇടപഴകുന്ന ഒരു കുടുംബാംഗം പോലെയാണ്.

തന്റെ അച്ഛന്റെ സഹോദരനെ പോലെ എന്നും കണ്ടിട്ടുള്ള, സ്നേഹിച്ചിട്ടുള്ള ഒരു വ്യക്തിത്വം. അങ്ങനെയുള്ളൊരാളെ ചെറുപ്പം മുതൽ ലാൽ അങ്കിൾ എന്നാണ് വിനീത് ശ്രീനിവാസൻ വിളിച്ചു ശീലിച്ചിട്ടുള്ളത് . അതുകൊണ്ടു തന്നെ നമ്മുടെ ഏട്ടനെ വിനീത് ലാൽ അങ്കിൾ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് തികച്ചു സ്വാഭാവികമായ ഒരു കാര്യം ആണ് എന്നത് മാത്രമല്ല അങ്ങനെ വിളിക്കാനുള്ള അടുപ്പവും സ്നേഹവും ബന്ധവും അവർ തമ്മിൽ ഉള്ളത് കൊണ്ടുമാണ്.

അതുപോലും മനസ്സിലാക്കാൻ കഴിവില്ലാതെ ഒരാളെ അധിഷേപിക്കാനും ദ്രോഹിക്കാനും പോകുന്നവരോട് അങ്ങനെ ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു. അതുപോലെ തന്നെ ഏതെങ്കിലും മോഹൻലാൽ ആരാധകന്റെ ഭാഗത്തു നിന്നുമുള്ള പ്രവർത്തി വിനീതേട്ടനെ വേദനിപ്പിച്ചെങ്കിൽ അതിനു ഞങ്ങൾ മാപ്പു ചോദിക്കുന്നു...