Thursday 03 January 2019 02:56 PM IST : By സ്വന്തം ലേഖകൻ

‘തരംഗ’ത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നായിക ടൊവീനോയെ തല്ലി; വെളിപ്പെടുത്തലുമായി സംവിധായകൻ

tharangam-tovino1

ധനുഷിൻറെ നിര്‍മ്മാണത്തിൽ ഒരുങ്ങുന്ന ടൊവീനോ തോമസ് ചിത്രം ‘തരംഗം’ ഒരു കോമഡി എന്റർട്രെയിനറാണ്. സിനിമയുടെ രസകരമായ ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ച് സംവിധായകന്‍ ഡൊമിനിക് അരുണ്‍ വെളിപ്പെടുത്തി. ഷൂട്ടിങ്ങിനിടയില്‍ നായിക ടൊവീനോയെ തല്ലിയ കഥയാണ് സംവിധായകൻ പ്രേക്ഷകരുമായി പങ്കുവച്ചത്.

"ഷൂട്ടിങ്ങിന്റെ എല്ലാ ദിവസവും നിരവധി തമാശകള്‍ നിറഞ്ഞതായിരുന്നു. ഒരു ദിവസം ടൊവീനോയുടെ ഒരു പ്രധാനപ്പെട്ട രംഗം ഷൂട്ട് ചെയ്യുകയാണ്. നായിക ടൊവീനോയെ തല്ലുന്നതാണ് ആ രംഗം. ഷൂട്ടിങ് നാച്ചുറലാകാനായി ഞാന്‍ നായികയോട് ശരിക്കും ടൊവീനോയെ തല്ലാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അടി യഥാര്‍ഥത്തിലാണെന്ന് ടൊവീനോയോട് മാത്രം പറഞ്ഞില്ല.

ആ സീനിൽ നായിക ടൊവീനോയുടെ ചെകിടത്ത് നല്ല രണ്ട് തല്ലും കൊടുത്തു. എന്നാൽ ഷൂട്ടിങ്‌ ആയതുകൊണ്ട് ആ സമയം ടൊവീനോയ്ക്ക് പ്രതികരിക്കാൻ  സാധിച്ചില്ല. എന്നാൽ ആ സംഭവത്തിനുശേഷം ടൊവിനോയുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു." ഡൊമിനിക് അരുണ്‍ പറയുന്നു.

ടൊവീനോ അവതരിപ്പിക്കുന്ന പപ്പന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് ’തരംഗ’ത്തിന്റെ പ്രമേയം. ഒരു ട്രാഫിക് പൊലീസുകാരനാണ് പപ്പന്‍. പപ്പനും, ആത്മസുഹൃത്ത് ജോയിയും, കാമുകി മാലുവും ചേര്‍ന്നുള്ള രസകരമായ കോമ്പിനേഷനാണ് സിനിമ. ശാന്തി ബാലചന്ദ്രൻ ആണ് ചിത്രത്തിലെ നായിക. മനോജ് കെ. ജയൻ, അലൻസിയർ, ബാലു വർഗീസ്, നേഹ അയ്യർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.