Tuesday 15 January 2019 02:28 PM IST : By സ്വന്തം ലേഖകൻ

പൊതുസ്ഥലത്ത് നടി സറീന്‍ ഖാനെതിരെ ലൈംഗികാതിക്രമം; നടിയെ ആള്‍ക്കൂട്ടത്തിനിട്ടു കൊടുത്ത് അണിയറ പ്രവര്‍ത്തകര്‍

zareen-khan234

ബോളിവുഡ് താരം സറീന്‍ ഖാൻ പൊതുസ്ഥലത്തു ലൈംഗികാതിക്രമത്തിന് ഇരയായി. ബോളിവുഡ് ചിത്രം അസ്‌കര്‍ 2 വിലെ നായികയാണ് സറീന്‍ ഖാൻ. അടുത്ത ദിവസം സിനിമയുടെ പ്രചാരണാര്‍ഥം ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിനിടെയാണ് സംഭവം. മറ്റു സ്ഥലങ്ങളിലെ പരിപാടിക്കുശേഷമാണ് അവര്‍ ഡല്‍ഹിയിലെ പ്രചാരണ പരിപാടിക്ക് എത്തിയത്. 15 മിനിറ്റ് നേരത്തെ ഒത്തുചേരൽ മാത്രമേ ഉള്ളൂ എന്ന്‌ ഉറപ്പു നൽകിയായിരുന്നു സറീൻ അവിടെയെത്തിയത്.

പ്രേക്ഷകരുമായുള്ള കൂടിക്കാഴ്ചയ്‌ക്ക്‌ ശേഷം അണിയറ പ്രവര്‍ത്തകര്‍ അത്താഴത്തിനായി പോയി. എന്നാൽ പാർട്ടിയിൽ പങ്കെടുക്കാതെ മടങ്ങാനായിരുന്നു നടിയുടെ തീരുമാനം. അതേസമയം നടിയുടെ സുരക്ഷയ്ക്കായി അംഗരക്ഷകരെയൊന്നും അണിയറ പ്രവര്‍ത്തകര്‍ ഏര്‍പ്പാടാക്കിയിരുന്നില്ല. അവിടെനിന്ന് മടങ്ങാന്‍ ഒരുങ്ങിയ നടിയെ ആ സമയം അമ്പതോളം വരുന്ന ആള്‍ക്കൂട്ടം വളഞ്ഞു.

പിന്നെ ചിത്രമെടുക്കലിന്റെയും സെല്‍ഫികളുടെയും ബഹളമായി. അസഹ്യമായപ്പോൾ നടി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ആള്‍ക്കൂട്ടം പിന്‍മാറിയില്ല. ഒപ്പം അവർ മര്യാദ വിട്ടു പെരുമാറാനും തുടങ്ങി. സറീന്റെ ശരീരത്തിലേയ്ക്ക് കൈകള്‍ നീങ്ങുന്ന അവസ്ഥയിലുമായി. ഈ സമയം ഒപ്പമുണ്ടായിരുന്ന അണിയറ പ്രവര്‍ത്തകരാരും നടിയുടെ രക്ഷയ്‌ക്കെത്തിയില്ല. ആരും ബഹളത്തില്‍ ഇടപെടുകയോ ആള്‍ക്കൂട്ടത്തെ പിടിച്ചുമാറ്റാന്‍ തയ്യാറാവുകയോ ചെയ്തില്ല. ഒടുവില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു സറീൻ ഖാൻ.

രാത്രി ഏറെ വൈകിയെങ്കിലും സറീൻ ഖാൻ മുംബൈയിലേയക്ക് വിമാനം കയറുകയും ചെയ്തു. തന്നോടുള്ള അണിയറ പ്രവര്‍ത്തകരുടെ പെരുമാറ്റത്തിൽ വിഷമമുണ്ടെന്നും, ചടങ്ങില്‍ താന്‍ വല്ലാത്ത അസ്വസ്ഥയായിരുന്നുവെന്നും സറീന്‍ ഖാന്‍ പിന്നീട് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അസ്‌കർ 2 വില്‍ ഗൗതം റോഡും അഭിനവ് ശുക്ലയുമാണ് താരങ്ങള്‍.