Saturday 30 March 2019 05:14 PM IST : By സ്വന്തം ലേഖകൻ

പെപ്പെ പുറപ്പെട്ടു, അങ്കമാലിയിൽ നിന്ന് കോട്ടയത്തേക്ക്... പുതിയ സിനിമ 200 കഥകൾ കേട്ടതിനു ശേഷം

antony167

അങ്കമാലി ഡ‍യറീസ് കഴിഞ്ഞ ശേഷം നായകൻ ആന്റണി വർഗീസ് കേട്ടത് ഇരുന്നൂറോളം കഥകൾ. ഒടുവിൽ തെരഞ്ഞെടുത്തത് ലിജോ പെല്ലിശേരിയുടെ സഹസംവിധായകനായിരുന്ന ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നാണ് ചിത്രത്തിന്റെ പേര്. ബി ഉണ്ണിക്കൃഷ്ണന്‍ നിര്‍മ്മാതാവാകുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. അദ്ദേഹത്തിനു പുറമേ ലിജോ പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. അങ്കമാലി ഡയറീസിലെ പെപ്പെ എന്ന തന്റെ കന്നി കഥാപാത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് ആന്റണി വർഗീസ്.

അങ്കമാലി ഡയറീസിന് ശേഷം കുറച്ചു ഗ്യാപ് എടുത്ത ശേഷമാണ് ആന്റണി തന്റെ അടുത്ത ചിത്രം സൈൻ ചെയ്തത്. മിക്ക പുതുമുഖ താരങ്ങളും ആദ്യ സിനിമ കഴിഞ്ഞയുടൻ അടുത്ത ചിത്രത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങുമ്പോൾ ആന്റണി ആദ്യ സിനിമ കഴിഞ്ഞു ഇരുന്നോറോളം കഥകൾ കേട്ട ശേഷമാണ് തന്റെ രണ്ടാം ചിത്രത്തിന് കരാർ ഒപ്പിട്ടത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പെപെ ഇക്കാര്യം വ്യക്തമാക്കിയത്. അങ്കമാലി ഡയറിക്ക് ശേഷം ഏതാണ്ട് ഇരുനൂറോളം കഥകൾ കേട്ടു. പലതും മികച്ചവ തന്നെ ആയിരുന്നു പക്ഷെ എന്റെ ഒരു ഏജ് ലിമിറ്റിനു വഴങ്ങാത്തവ ആയിരുന്നു. അങ്ങനെയാണ് ടിനു സംവിധാനം ചെയുന്ന സിനിമയിലേക്ക് എത്തിയത്.

pepe2

അങ്കമാലി ഡയറീസിന്റെ സഹസംവിധായകൻ ആയിരുന്നു ടിനു. പക്ഷെ ഈ ചിത്രം അങ്കമാലി ഡയറീസിൽ നിന്നും ഏറെ വ്യത്യസ്തമാണ്.– ആന്റണി പറയുന്നു. കോട്ടയകാരനായ യുവാവായാണ് ആന്റണി അഭിനയിക്കുന്നത്. ഫിനാൻസിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് നായകൻ. ഒരു രാത്രി നടക്കുന്ന കുറച്ചു സംഭവങ്ങളാണ് ചിത്രത്തിന്റെ കഥയുടെ കാതൽ. നായികയെ തീരുമാനിച്ചിട്ടില്ല. ഒക്ടോബറോടെ ചിത്രം തീയേറ്ററുകളിൽ എത്തും. കോട്ടയം, മംഗലാപുരം, ഓസ്ട്രേലിയ എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ.