Thursday 27 June 2019 03:30 PM IST : By സ്വന്തം ലേഖകൻ

മമ്മൂട്ടിയ്‌ക്കും 'കസബ'യ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി നടി പാർവതി

parvathy-kasaba1

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെയും, അദ്ദേഹത്തിന്റെ സിനിമ കസബയെയും രൂക്ഷമായി വിമര്‍ശിച്ച് നടി പാർവതി രംഗത്ത്. ആദ്യം സിനിമയുടെ പേരെടുത്തു പറയാതെയും, പിന്നീട് നടി ഗീതു മോഹൻദാസിന്റെ നിർദ്ദേശപ്രകാരം പേരെടുത്തു പറഞ്ഞുമാണ് താരത്തിന്റെ വിമർശനം. നിർഭാഗ്യവശാൽ ആ സിനിമ കാണേണ്ടി വന്നു എന്നു പറഞ്ഞാണ് പാർവതി ആരംഭിച്ചത്. സിനിമയിലെ വനിതാ പൊലീസിനോട് നായകൻ പറഞ്ഞ ചില വാക്കുകൾ തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും പാർവതി പറയുന്നു.

"മമ്മൂക്കയെ പോലെ ഇത്ര വലിയൊരു സ്ഥാനത്ത്  ഇരിക്കുന്ന ഒരാൾ ഇങ്ങനെ പറയുമ്പോൾ അത് മഹത്വവത്കരിക്കപ്പെടുകയാണ്. ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും ഉള്ള ബഹുമാനം നിലനിർത്തി തന്നെയാണ് ഞാനിത് പറയുന്നത്. ഒരു മഹാനടൻ അത്തരമൊരു സീനിൽ സ്ത്രീകളോട് മോശമായ ഡയലോഗുകൾ പറയുന്നത് ദുഃഖകരമാണ്. മറ്റുള്ള പുരുഷന്മാർക്കും ഇതേ കാര്യം ചെയ്യാനുള്ള ഒരു ലൈസൻസ് നൽകലാണ്. ഇതെല്ലാം സെക്സിയും കൂളുമാണെന്ന് അവർ തെറ്റിദ്ധരിക്കുന്നു." പാർവതി പറയുന്നു.

രാജ്യാന്തര ചലച്ചിത്രവേദിയിലെ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു പാർവതി. രൺജി പണിക്കരുടെ മകൻ നിധിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കസബ.’ സിനിമ പുറത്തിറങ്ങിയപ്പോൾ തന്നെ വിവാദങ്ങളും കൂടെയുണ്ടായിരുന്നു.