Tuesday 07 May 2019 03:49 PM IST : By സ്വന്തം ലേഖകൻ

‘പ്രേമ’ത്തിനു ശേഷം അൽഫോൻസ് പുത്രന്റെ അടുത്ത ചിത്രത്തിൽ കാളിദാസൻ നായകനാകും

kali-alpho

സൂപ്പർഹിറ്റ് ചിത്രം ’പ്രേമ’ത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രന്റെ പുതിയ സിനിമയിൽ കാളിദാസൻ നായകനാകും. സിദ്ധാർഥാണ് ചിത്രത്തിലെ മറ്റൊരു നായകൻ. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

കാളിദാസ് നായകനായ ആദ്യ മലയാള ചിത്രം ‘പൂമരം’ ഡിസംബറിൽ റിലീസ് ചെയ്യും. എബ്രിഡ് ഷൈൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അൽഫോൻസിൻറെ ‘നേരം’, ‘പ്രേമം’ എന്നീ ചിത്രങ്ങൾ ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്തിരുന്നു. രണ്ടു സിനിമകളിലും നിവിൻ പോളിയായിരുന്നു നായകൻ.

തമിഴ്, തെലുങ്ക് ഭാഷകളിൽ മികച്ച കരിയർ റെക്കോർഡ് ഉള്ള സിദ്ധാർത്ഥിന്റെ രണ്ടാമത്തെ മലയാള സിനിമയായിരിക്കും ഇത്. ദിലീപിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കമ്മാരസംഭവ’മാണ് സിദ്ധാർത്ഥ് അഭിനയിക്കുന്ന ആദ്യ മലയാള സിനിമ.