Wednesday 27 February 2019 03:14 PM IST : By സ്വന്തം ലേഖകൻ

പ്രതിഫലം ചോദിക്കുന്നത് തെറ്റാണോ? പോളിടെക്നിക്കിൽ പരിപാടി അവതരിപ്പിക്കാൻ ധർമജൻ അര ലക്ഷം ചോദിച്ച വാർത്തയുടെ സത്യാവസ്ഥ

dharmajan in new film with international subject

സിനിമാ– മിമിക്രി താരം ധർമജന്‍ ബോൾഗാട്ടി കളമശേരി പോളിടെക്‌നിക്കില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിനു ചെല്ലാൻ അരലക്ഷം പ്രതിഫലം ചോദിച്ചതുമായി  ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമത്തിൽ വാർത്ത പ്രചരിച്ചിരുന്നു. ധർമജൻ എന്തോ മഹാ അപരാധം ചെയ്തു എന്ന മട്ടിലാണ് വെബ്സൈറ്റ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്. സിനിമയിൽ തിരക്കായതോടെ ധർമജൻ വന്ന വഴി മറന്നു എന്ന മട്ടിലാണ് വാർത്ത എഴുതിയിരുന്നത്. ഇതേക്കുറിച്ച് ധർമജൻ നൽകുന്ന വിശദീകരണം ചുവടെ;

"ഞാനും ആ വാര്‍ത്ത കണ്ടിരുന്നു. ഒരു മഞ്ഞപ്പത്രത്തില്‍ വന്ന വാര്‍ത്തയില്‍ ഒരു ശതമാനം പോലും സത്യമില്ല. ആളുകള്‍ വായിക്കാന്‍ വേണ്ടി വെറുതെ എന്റെ പേര് വലിച്ചിഴച്ചതാണ്. പണ്ടും ഞാന്‍ കോളജുകളില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിരുന്നതാണ്. അന്നൊക്കെ പ്രതിഫലം വാങ്ങിയാണ് പരിപാടി അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും പരിപാടി അവതരിപ്പിക്കാന്‍ പണം വാങ്ങാറുണ്ട്. അതിലെന്താണിത്ര മോശമുള്ളത്. ഞാനൊരു കലാകാരനാണ്. ഇത്തരം പരിപാടികളിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. ഇതുപോലെ മഞ്ഞവാര്‍ത്തകള്‍ക്കെതിരേ പ്രതികരിക്കാന്‍ തന്നെ ശ്രമിക്കാറില്ല. എന്നെ അറിയാവുന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും സത്യമറിയാം." –  ധര്‍മജന്‍ പറയുന്നു.

ധര്‍മജനെ ചവിട്ടി താഴ്ത്തുന്ന തരത്തിലുള്ള വാര്‍ത്ത ഇങ്ങനെയാണ്. –  കൊച്ചിയിലെ ഒരു പോളിടെക്‌നിക്കില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിനു ക്ഷണിക്കാന്‍ കുട്ടികള്‍ ധര്‍മജനെ കാണുന്നു. 50,000 രൂപ തന്നാല്‍ പരിപാടിക്കു വരാമെന്നു താരം പറഞ്ഞത്. ചേട്ടാ പിഷാരടി ചേട്ടന്‍ പോലും പതിനായിരം രൂപയെ ചോദിച്ചുള്ളു എന്നു പറഞ്ഞപ്പോള്‍ പിഷാരടിയെ പോലെയാണോ ഞാന്‍ എന്നു ചോദിച്ചത്രേ.

എറണാകുളം നഗരത്തിലൂടെ തേരാപാരാ പാട്ടും പാടി നടന്ന ധര്‍മജന്‍ ഇന്നു ഫിലിം സ്റ്റാര്‍ ധര്‍മജനാണ്. താരമാകുമ്പോള്‍ അല്‍പം തലക്കനം കൂടുന്നത് പതിവാണെങ്കിലും ഇത്രക്കങ്ങു വലുതാകണോ ചേട്ടാ എന്നാണ് കളമശേരി പോളിടെക്‌നിക്കിലെ കുട്ടികള്‍ ചോദിക്കുന്നത്. സംഭവം ബഹു രസമാണ്. കളമശേരിയിലെ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിനോടനുബന്ധിച്ചാണ് കൊച്ചിക്കാരന്‍ കൂടിയായ ധര്‍മജനെ വിദ്യാര്‍ഥികള്‍ സമീപിക്കുന്നത്.

എന്തു പ്രോഗ്രാമിനു വിളിച്ചാലും ഉടന്‍ ഓടിയെത്തിയിരുന്ന ധര്‍മജനായിരുന്നു വിദ്യാര്‍ഥികളുടെ മനസില്‍. എന്നാല്‍ ക്ഷണിക്കാനായി എത്തിയ വിദ്യാര്‍ഥികളുടെ നടുക്കം ഇതുവരെ മാറിയിട്ടില്ലത്രേ. 50,000 രൂപ തന്നാല്‍ ആലോചിക്കാമെന്നായിരുന്നു സൂപ്പര്‍ സ്റ്റാര്‍ ധര്‍മജന്റെ മറുപടി. കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ ജനിച്ചു വളര്‍ന്ന ധര്‍മജനെ വളര്‍ത്തിയത് എറണാകുളത്തെ കോളേജുകളും ഉത്സവ പറമ്പുകളുമാണ്. മിമിക്രിയുമായി നടന്നിരുന്ന കാലത്ത് ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്നപ്പോള്‍ 500 രൂപക്ക് വരെ പ്രോഗ്രാമിനു പോയിട്ടുണ്ടത്രേ താരം.

ഇപ്പോള്‍ വിദേശ പ്രോഗ്രാമുകളില്‍ അവിഭാജ്യ ഘടകമാണ് ധര്‍മജന്‍. കട്ടപ്പനയിലെ ഹൃതിക് റോഷനില്‍ സഹനായകനായി കൂടി തിളങ്ങിയതോടെ താരത്തിന്റെ റേഞ്ച് മാറി. ബോള്‍ഗാട്ടിയില്‍ നിന്നും വരാപ്പുഴയിലെ രണ്ടു നില വീട്ടിലേക്ക് താമസം മാറിയപ്പോള്‍ ലേശം തലക്കനവും ധര്‍മജന്‍ കൂടെക്കൂട്ടിയില്ലെ എന്ന സംശയത്തിലാണ് ഇപ്പോള്‍ കൊച്ചിക്കാര്‍. എന്തായാലും തലക്കനം ലേശമില്ലാത്ത നടനെ കൊണ്ട് ആര്‍ട്ക് ക്ലബ് ഉദ്ഘാടനം ഭംഗിയായി നടത്താനുള്ള പുറപ്പാടിലാണ് പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ എന്നു പറഞ്ഞാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.