Saturday 04 May 2019 12:27 PM IST : By സ്വന്തം ലേഖകൻ

'മുന്നോട്ട് പോകൂ, പ്രേക്ഷകര്‍ താങ്കളുടെ പുറകെ വരും'; ദുല്‍ഖറിനെ ആശ്വസിപ്പിച്ച് കസ്തൂരി

solo-dq-kasthuri

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ തകർത്ത് അഭിനയിച്ച ’സോളോ’ ക്ളൈമാക്സിന്റെ പേരിൽ വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. സംവിധായകനും നിർമ്മാതാവും നടനുമെല്ലാം ഇതുസംബന്ധിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തിയ സാഹചര്യത്തിൽ സിനിമയ്‌ക്ക് പിന്തുണയുമായി തെന്നിന്ത്യന്‍ താരസുന്ദരി കസ്തൂരി രംഗത്തുവന്നു. ദുല്‍ഖറിന്റെ വികാരാധീനമായ ഫെയ്‌സ്ബുക് പോസ്റ്റ് കണ്ടതിനു ശേഷമാണ് താൻ സോളോ കാണണമെന്ന്  തീരുമാനിച്ചതെന്നും, സിനിമയ്‌ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും കസ്തൂരി ട്വിറ്ററില്‍ കുറിച്ചു.

കസ്തൂരിയുടെ കുറിപ്പ് വായിക്കാം;

ദുല്‍ഖര്‍,

അടുത്ത ദിവസങ്ങളിൽ ഞാന്‍ താങ്കളുടെ ’പറവ’ എന്ന ചിത്രം കണ്ടിരുന്നു. മറ്റുള്ളവര്‍ അധികം സഞ്ചരിക്കാത്ത വഴികള്‍ തിരഞ്ഞെടുക്കുന്ന താങ്കളുടെ സന്നദ്ധതയെ ഞാന്‍ ബഹുമാനിക്കുന്നു. താങ്കളുടെ വികാരാധീനമായ ഫെയ്‌സ്ബുക് പോസ്റ്റ് കാണുന്നതുവരെ ഞാൻ ’സോളോ’ കാണണമെന്ന് കരുതിയിരുന്നില്ല. എന്നാലിനി വീട്ടിലെത്തിയാല്‍ ഞാന്‍ ആദ്യം ചെയ്യുക ’സോളോ’ കാണുകയായിരിക്കും.

നമ്മുടെ വ്യത്യസ്തവും സര്‍ഗാത്മകമായ കാഴ്ചപ്പാടുകള്‍ മറ്റൊരാള്‍ക്ക് വിവരിച്ച് മനസ്സിലാക്കി കൊടുക്കുന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. അതുകൊണ്ടുതന്നെയാണ് തിയ്യറ്ററിൽ എത്തുമ്പോൾ ചില നല്ല സിനിമകൾ പരാജയപ്പെടുന്നതും. പക്ഷെ ഇതൊന്നും താങ്കളുടെ കൂട്ടായ അധ്വാനത്തെ ഇല്ലാതാക്കുന്നില്ല. അതിനുകാരണം ചെയ്യുന്ന ജോലിയെ താങ്കൾ സ്‌നേഹിക്കുന്നു എന്നതാണ്. പൊതുജനത്തിന്റെ സ്വീകാര്യതയല്ല, ഇത്തരം കാരണങ്ങളാണ് നിങ്ങളുടെ സിനിമയെ വിലമതിപ്പുള്ളതാക്കി മാറ്റുന്നത്. മുന്നോട്ട് പോകൂ, പ്രേക്ഷകര്‍ താങ്കളുടെ പുറകെ വരും.

കസ്തൂരി