Tuesday 09 April 2019 05:05 PM IST : By സ്വന്തം ലേഖകൻ

ഒരു ’മാസ്റ്റർ പീസ്’ ചിത്രം! മമ്മൂട്ടിക്കൊപ്പം തോളോടുതോൾ ചേര്‍ന്നുനിന്ന് സന്തോഷ് പണ്ഡിറ്റ്

mammotty-santhosh-pic

അങ്ങനെ സന്തോഷ് പണ്ഡിറ്റിന്റെ വലിയൊരു ആഗ്രഹം നടന്നു. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം തോളോടുതോൾ ചേര്‍ന്നുനിന്ന് കിടിലൻ ഫോട്ടോസ്. ചിത്രങ്ങൾ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച സന്തോഷ് മമ്മൂട്ടിയെ കുറിച്ച് ഒരു ഡയലോഗും പാസാക്കി, "ഉരുക്കൊന്നുമല്ല, മഹാ പാവമാ.."

’മാസ്റ്റർ പീസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വച്ചാണ് മമ്മൂട്ടിയും സന്തോഷും ഒരുമിച്ചുള്ള ചിത്രങ്ങൾ പകർത്തിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുഴുനീള കഥാപാത്രത്തെയാണ് പണ്ഡിറ്റ് അവതരിപ്പിക്കുന്നത്. മുഖ്യധാര സിനിമയിലേക്കുള്ള സന്തോഷ് പണ്ഡിറ്റിന്റെ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

അജയ് വാസുദേവാണ്  ’മാസ്റ്റര്‍ പീസ്’ സംവിധാനം ചെയ്യുന്നത്. കുഴപ്പക്കാരായ കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് എത്തുന്ന കുഴപ്പക്കാരനായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.  ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്കുമാര്‍, മുകേഷ്, കലാഭവൻ ഷാജോൺ, നന്ദു, ബിജുക്കുട്ടൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ സിനിമ തീയറ്ററുകളിലെത്തും.