Thursday 21 February 2019 02:10 PM IST : By സ്വന്തം ലേഖകൻ

നീർമാതളച്ചോട്ടിൽ ആമിയായി മഞ്ജു എത്തി; ‘കമല ഓപ്പു മുമ്പിൽ നിൽക്കുന്നതുപോലെയെന്ന് മാധവിക്കുട്ടിയുടെ സഹോദരി

manju_ami

‘‘ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം.’’ ആമി എന്ന ചിത്രത്തിലെ തന്റെ പുതിയ രൂപത്തിൽ കാമറയ്ക്ക് മുമ്പിൽ എത്തിയ മഞ്ജു ഇങ്ങനെ തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. അതെ പ്രേക്ഷകലോകത്തിന്റെ എല്ലാ സംശയങ്ങൾക്കും പൂർണ്ണവിരാമമിട്ട് തൂലികയാൽ മാന്ത്രികത രചിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയായി മഞ്ജു മലയാളസിനിമയിൽ അവതരിക്കുന്നു. നിർമാതളത്തെ സാക്ഷിയാക്കി പുന്നയൂര്‍കുളത്തെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തൃശൂര്‍ പുന്നയൂര്‍കുളത്തെ കമലസുരയ്യ സ്മാരകത്തിലുള്ള നീര്‍മാതളച്ചുവട്ടിലായിരുന്നു ആദ്യ ചിത്രീകരണം.

ആമിയാകാൻ ശരീരഭാരം വർധിപ്പിച്ച മഞ്ജു ചുവന്ന പട്ടു സാരിയും അഴിഞ്ഞകേശഭാരവും നാഗപടമാലയും കറുത്ത ചരടും അണിഞ്ഞ് കാമറയ്ക്ക് മുമ്പിൽ എത്തിയപ്പോൾ ആമിയല്ല മുമ്പിലെന്ന് ആരും പറയില്ല. കമല ഓപ്പു മുമ്പിൽ നിൽക്കുന്നതുപോലെയെന്നാണ് മാധവിക്കുട്ടിയുടെ സഹോദരി മഞ്ജുവിനെ കണ്ടിട്ട് പറഞ്ഞത് ഇതിൽ സന്തോഷം വേറെയൊന്നുമില്ലെന്ന് കമൽ അറിയിച്ചു. ആമിയാകാൻ തിരഞ്ഞടുത്തത് ഭാഗ്യമായിട്ട് കരുതുന്നു എന്നും ഇരുപത് വർഷങ്ങൾക്ക് ശേഷം കമലിന്റെ സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷവും മഞ്ജുവാര്യർ അറിയിച്ചു.

മഞ്ജുവാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

ആമിയാകുന്നു...ഹൃദയത്തിൽ, സ്വപ്നങ്ങളിൽ, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നിൽ.. ഒരു നീർമാതളം നടുന്നു. ഭാവനയ്ക്കും യാഥാർഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായപ്രവേശം. അതുല്യപ്രതിഭയായ കമൽ സാർ എന്ന ഗുരുസ്ഥാനീയൻ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകൾ വാത്സല്യത്തിന്റെ തണുപ്പോടെ മൂർദ്ധാവിൽ തൊടുന്നു. ഞാൻ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു... പ്രാർഥനകളോടെ ആമിയാകുന്നു.

വിഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യാം