Wednesday 20 March 2019 10:59 AM IST : By സ്വന്തം ലേഖകൻ

അടുത്തത് മോഹൻലാലിന്റെ ‘ഒപ്പ’മല്ല! മഹേഷിന്റെ പ്രതികാരം പ്രിയൻ തമിഴിലെടുക്കും

udayanidhi

അഭ്യൂഹങ്ങൾക്കു വിരാമം! പ്രിയദർശൻ അടുത്തതായി ചെയ്യുന്നത് തമിഴ് ചിത്രം. അതും മലയാളത്തിൽ സൂപ്പർഹിറ്റായ ‘മഹേഷിന്റെ പ്രതികാരത്തിന്റെ റിമേക്ക്. ഉദയനിധി സ്റ്റാലിനാണ് ഫഹദിന്റെ റോൾ ചെയ്യുക. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഉദയനിധി സ്റ്റാലിനാണ് തങ്ങൾ ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന കാര്യം അറിയിച്ചത്. മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷാണ് ചിത്രം നിർമ്മിക്കുന്നത്. പ്രിയദർശനൊപ്പമുളള ചിത്രവും ഉദയനിധി സ്റ്റാലിൻ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്ക്‌വെച്ചിട്ടുണ്ട്.

സില സമയങ്ങളിലാണ് പ്രിയദർശൻ അവസാനമായി സംവിധാനം ചെയ്‌ത തമിഴ് ചിത്രം. അതിന് ശേഷം പ്രിയദർശൻ ഒരുക്കുന്ന ചിത്രത്തിലാണ് ഉദയനിധി സ്റ്റാലിൻ പ്രധാന വേഷത്തിലെത്തുന്നത്. മോഹൻലാലിനെ നായകനാക്കിയൊരുക്കിയ ഒപ്പത്തിന് ശേഷം മമ്മൂട്ടിയെയും ദിലീപിനെയും പ്രധാന കഥാപാത്രങ്ങളാക്കിയും പൃഥ്വിരാജിനെ നായകനാക്കിയും ചിത്രങ്ങള്‍ എടുക്കാനുള്ള ഒരുക്കത്തിലാണ് പ്രിയന്‍ എന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. അതെല്ലാം വെറും അഭ്യൂഹമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.

സിനിമ മുഴുവനായും മഹേഷിന്റെ പ്രതികാരം പോലെ ആയിരിക്കില്ലെന്നും തിരക്കഥയിലും കഥാപാത്രങ്ങളിലും തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള ചില മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്നും പ്രിയദർശൻ പറഞ്ഞു. മലയാളത്തിൽ നിന്ന് നമിത പ്രമോദ് മാത്രമാകും ഉണ്ടാവുക. എം എസ് ഭാസ്കർ ആണ് മറ്റൊരു പ്രധാനതാരം. കമ്പം, തേനി എന്നിവടങ്ങളിലാകും ചിത്രീകരണം. ജൂലൈ 15ന് ആദ്യ ഘട്ടം ആരംഭിക്കും.