Thursday 01 June 2017 03:46 PM IST : By സ്വന്തം ലേഖകൻ

’ഏദൻതോട്ട’ത്തിന് അഭിനന്ദനവുമായി സൂര്യ കൃഷ്ണമൂർത്തി; ആത്മവിശ്വാസത്തോടെ ’പുണ്യാളൻ സിനിമാസു’മായി രഞ്ജിത് ശങ്കർ

renjith-kri

രാമന്റെ ഏദൻതോട്ടത്തിലെ സംവിധായകന്റെ മനസുനിറച്ച് സൂര്യ കൃഷ്ണമൂർത്തിയുടെ വാട്സ്ആപ്പ് സന്ദേശം. രാമന്റെ ഏദൻതോട്ടം കണ്ടെന്നും, സിനിമയുടെ സംവിധാനവും തിരക്കഥയും ക്രാഫ്റ്റിങുമെല്ലാം ഗംഭീരമായിട്ടുണ്ട് എന്നുമാണ് സൂര്യ കൃഷ്ണമൂർത്തി കുറിച്ചത്. ഒരു സംവിധായകനെന്ന നിലയിൽ വിജയകരമായി മുന്നോട്ടു പോകാനുള്ള എല്ലാ ആശംസകളും നേർന്നുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്.

സന്ദേശം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും പരിചയസമ്പത്തുള്ള പ്രഗത്ഭനായ വ്യക്തിയിൽ നിന്നു ലഭിച്ച നല്ല വാക്കുകൾ ആത്മവിശ്വാസം കൂട്ടിയെന്നും രഞ്ജിത് ശങ്കർ വനിത ഓൺലൈനോട് പറഞ്ഞു. ഇതിനുപുറമെ മറ്റൊരു സന്തോഷ വാർത്ത കൂടി അദ്ദേഹം പങ്കുവച്ചു. നടൻ ജയസൂര്യയുമായി ചേർന്ന് ’പുണ്യാളൻ സിനിമാസ്’ എന്ന പേരിൽ പുതിയ വിതരണ കമ്പനി ആരംഭിച്ചുവെന്നും, പ്രേക്ഷകരുടെ പ്രാർത്ഥനയും പിന്തുണയും എപ്പോഴും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യമായി ’പുണ്യാളൻ സിനിമാസ്’ വിതരണത്തിനെടുക്കുന്ന ചിത്രം പുണ്യാളൻ അഗർബത്തീസിൻറെ രണ്ടാം ഭാഗമായിരിക്കും. നവംബർ 17ന് എത്തുന്ന സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ’പുണ്യാളൻ സിനിമാസ്’ ബാനറിൽ രഞ്ജിത് ശങ്കർ- ജയസൂര്യ ചിത്രങ്ങൾക്ക് പുറമേ മറ്റു സിനിമകളും വിതരണത്തിനെടുക്കും.

distri