Wednesday 20 March 2019 10:38 AM IST : By സ്വന്തം ലേഖകൻ

ലാലിന്റെ മഹാഭാരതം മലയാളത്തിൽ 'രണ്ടാമൂഴം' തന്നെ; മറുഭാഷകളിൽ രണ്ടാമൂഴം അടിസ്ഥാനമാക്കിയുള്ള 'മഹാഭാരത'

randamoozham

അബുദാബി: മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി ഡോ.ബി.ആർ.ഷെട്ടി നിർമിക്കുന്ന ആയിരം കോടി രൂപയുടെ ചിത്രം മലയാളത്തിൽ പുറത്തിറങ്ങുക ’രണ്ടാമൂഴം’ എന്ന പേരിൽ തന്നെ. ഇതര ഭാഷകളിൽ രണ്ടാമൂഴം അടിസ്ഥാനമാക്കിയുള്ള മഹാഭാരത എന്ന പേരിലായിരിക്കും ചിത്രം പുറത്തിറങ്ങുകയെന്നും അടുത്ത വർഷം മേയിൽ അബുദാബിയിൽ ചിത്രീകരണം ആരംഭിക്കുമെന്നും ഡോ.ബി.ആർ.ഷെട്ടിയും സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും പറഞ്ഞു.

കേരളത്തിൽ ചില കോണുകളിൽ നിന്നുയർന്ന വിവാദമല്ല മലയാളത്തിൽ രണ്ടാമൂഴമെന്ന് പേരിടാൻ കാരണം. അതൊരു വിവാദമായി പോലും കാണുന്നില്ല, ഒറ്റപ്പെട്ട അഭിപ്രായം മാത്രമാണത്. ചിത്രത്തിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ, മലയാളത്തിന്റെ മഹാകാഥികൻ രചിച്ച നോവൽ കേരളത്തിൽ എല്ലാവർക്കും സുപരിചിതമാണ്. അത് ചലച്ചിത്രമാക്കുമ്പോൾ മറ്റൊരു പേരിടേണ്ട ആവശ്യമില്ല. അല്ലാതെ, പ്രതിഷേധം കാരണം പേര് മാറ്റിയതാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും വി.എ.ശ്രീകുമാർ മേനോൻ വ്യക്തമാക്കി.

ചിത്രത്തെക്കുറിച്ച് വിശദീകരിക്കാൻ അടുത്തയാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. രണ്ടര മണിക്കൂറ്‍ ദൈർഘ്യമുള്ള രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ചിത്രം തീയറ്ററുകളിലെത്തുക. ചിത്രത്തിന്റെ അഭിനേതാക്കളെയും മറ്റു അണിയറ പ്രവർത്തകരെയും സാങ്കേതിക വിദഗ്ധരെയും നൂറു ദിവസത്തിനകം അബുദാബിയിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും. എല്ലാ ഭാഷകളില്‍ നിന്നുമുള്ള സൂപ്പർ താരങ്ങളെയും ഉൾപ്പെടുത്തും. പലരും ഇങ്ങോട്ട് വിളിച്ച് തങ്ങളെ കൂടി ഇതിഹാസ ചിത്രത്തിൽ ഭാഗഭാക്കാക്കണെന്ന് അഭ്യർഥിച്ചുകൊണ്ടിരിക്കുന്നു.

shetty

മലയാളത്തിൽ നിന്ന് മമ്മുട്ടിയടക്കമുള്ള താരങ്ങളുടെ സാന്നിധ്യവും തള്ളിക്കളയാനാവില്ല. രാജ്യാന്തര തലത്തിൽ പ്രശസ്തരായ കാസ്റ്റിങ് ഡയറക്ടറായിരിക്കും അഭിനേതാക്കളെ തിരഞ്ഞെടുക്കുക. ഹോളിവുഡിൽ നിന്നായിരിക്കും സാങ്കേതിക വിദഗ്ധർ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാസ്റ്റർ പതിപ്പുകളായും മറ്റു ഭാഷകളിൽ ഡബ്ബ് ചെയ്തുമാണ് ചിത്രം പുറത്തിറങ്ങുക. ആഗോള തലത്തിൽ വമ്പൻ റിലീസായിരിക്കും ചിത്രത്തിന്റേത്.

ലോക വിപണികളിൽ ഇൗ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കുന്ന പ്രചാരണങ്ങൾക്ക് ഉടൻ തുടക്കമിടും. ലോകത്തിനായുള്ള ഇന്ത്യൻ സിനിമ എന്ന പ്രമേയത്തിലാണ് ചിത്രം ഒരുക്കുക. പണം പ്രശ്നമേയല്ല, ഏറ്റവും മികച്ച ചിത്രമാണ് തനിക്ക് വേണ്ടതെന്നാണ് നിർമാതാവ് ഡോ.ബി.ആർ.ഷെട്ടി തന്നോട് ആവശ്യപ്പെട്ടതെന്നും അതു നൽകുക തന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വായിക്കാം