Wednesday 17 January 2018 10:55 AM IST : By സ്വന്തം ലേഖകൻ

'വീട്ടിലെ ഡൈനിംഗ് ടേബിളില്‍ നിന്നാണ് ഞാന്‍ ഫെമിനിസം തുടങ്ങിയത്'! റിമയുടെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു, വിഡിയോ

rima

മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ നിരന്തരം പ്രതികരിക്കാറുള്ള താരമാണ് റിമാ കല്ലിങ്കല്‍. നടിക്കു നേരെ ആക്രമണമുണ്ടായ സംഭവത്തിലും ഐഎഫ്എഫ്കെയില്‍ സിനിമാലോകത്തെ സ്ത്രീവിരുദ്ധതയെ ചൂണ്ടിക്കാട്ടി മുന്നോട്ടുവന്ന പാര്‍വതിയെ പിന്തുണച്ചുമെല്ലാം റിമയും തന്റെ സ്ത്രീപക്ഷ രാഷ്ട്രീയം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന വിവേചനം എന്നീ വിഷയങ്ങളെക്കുറിച്ച്  സംസാരിക്കുന്ന റിമയുടെ ടെഡ്എക്സ് ടോക് ആണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

'ഞാനൊരു ഫെമിനിസ്റ്റാണ്, വീട്ടിലെ ഡൈനിംഗ് ടേബിളില്‍ നിന്നാണ് ഞാന്‍ ഫെമിനിസം തുടങ്ങുന്നത്' എന്ന് പറഞ്ഞാണ് റിമ തന്റെ പ്രസംഗം ആരംഭിക്കുന്നത്. ''ഒരിക്കല്‍ അമ്മയ്ക്കും സഹോദരനും മുത്തശ്ശിക്കും അച്ഛനുമൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ഞാന്‍. അമ്മയാണ് ഭക്ഷണം വിളമ്പിയത്. അമ്മയുടെ പക്കല്‍ മൂന്ന് മീന്‍ പൊരിച്ചതുണ്ടായിരുന്നു. മുത്തശ്ശിക്കും അച്ഛനും സഹോദരനും അമ്മ മീന്‍ പൊരിച്ചത് വിളമ്പി. എനിക്ക് മാത്രം തന്നില്ല. എനിക്കും മീന്‍ വേണം എന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞു. എന്താണ് എനിക്ക് തരാത്തതെന്നായിരുന്നു എന്റെ ചോദ്യം. എന്റെ ഫെമിസം ആരംഭിച്ചത് എന്റെ വീട്ടിലെ ആ ഡൈനിംഗ് ടേബിളില്‍ നിന്നായിരുന്നു എന്റെ ആദ്യത്തെ ചോദ്യം ചെയ്യല്‍ മീന്‍ പൊരിച്ചതിനെക്കുറിച്ചും'' റിമ വെളിപ്പെടുത്തുന്നു.

പുലിമുരുകനെ പരോക്ഷമായി വിമര്‍ശിച്ച് റിമ

''ഞാന്‍ മലയാള സിനിമയിലേക്ക് വരുന്ന സമയത്ത് കേട്ട ചില വാക്കുകളാണ് ഷെല്‍ഫ് ലൈഫ്, ഒത്തുതീര്‍പ്പ്, അഡ്ജസ്റ്റ്‌മെന്റ്, സ്‌മൈല്‍ എന്നിവ. സമൂഹം ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനും ജീവിക്കാനുമാണ് പെണ്‍കുട്ടികളോട് എല്ലാവരും ആവശ്യപ്പെടുന്നത്.'' തിരുവനന്തപുരത്ത് നടത്തിയ ഈ ടെഡെക്‌സ് പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

എത്രകാലം ഞങ്ങള്‍ അടങ്ങിയൊതുങ്ങി ജീവിക്കണം? എത്ര കാലം ഞങ്ങള്‍ നിശ്ശബ്ദരായി ഇരിക്കണം? എപ്പോഴാണ് ഈ നിശ്ശബ്ദതയില്‍ നിന്ന് ഞങ്ങള്‍ക്ക് പുറത്തുവരാന്‍ സാധിക്കുക? കാണികളോട് റിമ ചോദിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തന്റെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവവും റിമ ഓര്‍ത്തെടുത്തു. നടിമാരെ കാണുന്നത് ഉപകരങ്ങളായിട്ട് മാത്രമാണെന്നും റിമ കുറ്റപ്പെടുത്തി.  

‘ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള ചിത്രത്തില്‍ നാല് സ്ത്രീ കഥാപാത്രങ്ങളാണുള്ളതെന്നും റിമ പറയുന്നു. വഴക്കാളിയായ ഭാര്യ, നായകനെ മോഹിപ്പിക്കാന്‍ വേണ്ടി മാത്രം സ്ക്രീനില്‍ വരുന്ന സെക്സ് സൈറന്‍, തെറിവിളിക്കാന്‍ വേണ്ടി മാത്രം വായ തുറക്കുന്ന അമ്മായി അമ്മ, കുട്ടികളെ പെറ്റുകൂട്ടുന്ന മറ്റൊരു ഭാര്യ’. പുലിമുരുകനെ പരോക്ഷമായി വിമര്‍ശിച്ച് റിമ പറഞ്ഞു.