Friday 21 June 2019 04:31 PM IST : By സ്വന്തം ലേഖകൻ

സംഗീത സംവിധാനം സയനോര; ’കുട്ടൻപിള്ളയുടെ ശിവരാത്രി’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

kuttan-pillai1

’കുട്ടൻപിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മെഗാസ്റ്റാർ മമ്മൂട്ടിയാണ് മോഷൻ പോസ്റ്റർ ഉദ്‌ഘാടനം ചെയ്തത്. മമ്മൂട്ടിയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, നടൻ സിദ്ധിഖ്, ഗായിക സയനോര എന്നിവരും പങ്കെടുത്തു. സയനോരയാണ് സിനിമയ്‌ക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഗിത്താറിസ്റ്റായും ഗായികയായും തിളങ്ങിയതിനു ശേഷമാണ് സയനോര സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നത്. ജീൻ മാർക്കോസ് സംവിധാനം ചെയ്യുന്ന ’കുട്ടൻപിള്ളയുടെ ശിവരാത്രി’യിൽ സുരാജ് വെഞ്ഞാറമൂടാണ് നായകൻ. കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും.

സയനോരയുടെ അടുത്ത സുഹൃത്താണ് ജീൻ മാർക്കോസ്. ആ സൗഹൃദമാണ് സംഗീത സംവിധാനത്തിലേക്ക് വഴിതുറന്നത്. തന്റെ അടുത്ത പടത്തിലെ സംഗീതം ചെയ്യുന്നത് സയനോരയാണെന്നു ജീൻ പറഞ്ഞപ്പോൾ ആകെപ്പാടെ ഒരു പേടിയായിരുന്നുവെന്ന് സയനോര പറയുന്നു. സയനോരയുടെ ഗുരു അച്ഛനാണ്. പാട്ടിന്റെ ലോകത്തേക്കു കൈപിടിച്ചതും സയനോരയുടെ പ്രതിഭയെ തിരിച്ചറിഞ്ഞതും ഇപ്പോഴും ഊർജമാകുന്നതും ഈ അച്ഛൻ തന്നെയാണ്.

"എന്തു മറുപടി പറയണം എന്ന് അറിയാത്ത അവസ്ഥ. ഗായിക എന്നതിനപ്പുറത്തേക്കു പോകാന്‍ ഒരു അവസരം കിട്ടുമ്പോൾ അതിനോട് മുഖം തിരിക്കുന്നത് ശരിയല്ല എന്നു തോന്നി. ദൈവത്തിന്റെ തീരുമാനമാണ് എല്ലാം എന്നാണ് എന്റെ വിശ്വാസം. സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നു എന്നറിഞ്ഞപ്പോൾ ഏറ്റവുമധികം സന്തോഷിച്ചതും ഏറെ ആകാംഷയുള്ളതും ഡാഡിക്കാണ്. സംഗീത പരിപാടികളും റെക്കോർഡിങ്ങുമായി മൊത്തം യാത്രയാണ് ഇപ്പോൾ. മാസത്തിൽ പകുതി ദിവസങ്ങളും അങ്ങനെ പോകും. വീട്ടിലെത്തുന്ന ദിവസങ്ങൾ ഇനിയും കുറയുമോ എന്നാണ് എന്റെ ഭർത്താവ് വിൻസ്റ്റണ്‍ ആഷ്‍ലിയുടെ ടെൻഷൻ.

പാശ്ചാത്യ ശൈലിയിലുള്ള ഗാനങ്ങളാണ് അധികവും പാടിയിട്ടുള്ളത്. അല്ലെങ്കിൽ മെലഡികൾ. സിനിമയിൽ സംഗീത സംവിധാനം ചെയ്യുമ്പോൾ എല്ലാത്തരം പാട്ടുകളും ചെയ്യണമല്ലോ. ജീൻ അടുത്ത സുഹൃത്താണ് എന്നത് വലിയ ആശ്വാസമാണ്. പിന്നെ എനിക്ക് ഏറ്റവുമടുപ്പമുള്ള സംഗീത സംവിധായകരെയെല്ലാം വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. നല്ല നിർദ്ദേശങ്ങൾ അവരും തന്നിരുന്നു. അതിന്റെയൊക്കെ ആത്മവിശ്വാസത്തിലാണിപ്പോൾ."
സയനോര പറയുന്നു.