Monday 13 May 2019 03:34 PM IST : By സ്വന്തം ലേഖകൻ

തിരക്കഥയുമായി വിഷ്ണുവും ബിബിനും വീണ്ടും ഒന്നിക്കുന്നു; നായകൻ ദുൽഖർ സൽമാൻ

vishnu_bibin

താരപ്പകിട്ടിൽ ഒരുക്കിയ ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിനു ശേഷം ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന സൂപ്പർ ഹിറ്റിന്റെ തമിഴ് റീമേക്കിന് ഒരുങ്ങുകയാണ് സംവിധായകൻ നാദിർഷ. ഈ രണ്ടു മെഗാ ഹിറ്റ് സിനിമകൾക്കും തിരക്കഥ ഒരുക്കിയ ബിബിൻ ജോർജ്– വിഷ്‌ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും തിരക്കഥയുമായി ഒന്നിക്കുന്നു. ഏറെ വ്യത്യസ്തതകളുള്ള ഈ പ്രോജക്ടിൽ ദുൽഖർ സൽമാൻ ആണ് നായകനായി എത്തുന്നത്. ആരായിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.

ബിബിനും വിഷ്ണുവും പേരിലും തിരക്കഥാകൃത്തുക്കൾ നടന്മാർ എന്ന എന്ന പേരിലും തങ്ങളുടെതായ സ്ഥാനമുറപ്പിച്ചവരാണ്. ഇവർ ഇതുവരെ എഴുതിയ സിനിമകൾ വച്ച് നോക്കിയാൽ ഹ്യൂമറിന് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയാകാനാണ് സാധ്യത എന്നാണ് വാർത്തകൾ. ആദ്യമായിട്ടായിരിക്കും ആരാധകരുടെ ‘കുഞ്ഞിക്ക’ ഒരു മുഴുനീള കോമഡി ചിത്രത്തിൽ എത്തുന്നതെന്നുള്ള റിപ്പോർട്ടുകളാണ് വാർത്ത വന്നതോടെ സോഷ്യൽമീഡിയയിൽ സജീവമാകുന്ന ചർച്ച.

ഋത്വിക് റോഷനുശേഷം ഇരുവരും അഭിനയത്തിലാണ് ഏറെ ശ്രദ്ധ നൽകിയിരുന്നത്. ‘റോൾമോഡൽസ്’ എന്ന ഫഹദ് ചിത്രത്തിൽ വില്ലൻ വേഷത്തിലൂടെ ബിബിൻ ശ്രദ്ധേയനായപ്പോൾ വിഷ്‌ണു ഉണ്ണികൃഷ്ണൻ ഇപ്പോൾ സുഗീതിന്റെ കുഞ്ചാക്കോ ബോബൻ ചിത്രമായ ‘ശിക്കാരി ശംഭു’ വിൽ അഭിനയിച്ചു വരികയാണ്.