Wednesday 17 January 2018 05:33 PM IST : By സ്വന്തം ലേഖകൻ

വിദ്യ ആയിരുന്നെങ്കില്‍ അത്തരം രംഗങ്ങളും...! കമലിന്റെ പ്രസ്താവനയ്ക്ക് വിദ്യയുടെ മറുപടി

kamal_vidhya

ആമി എന്ന ചിത്രത്തിൽ നിന്ന് പിന്മാറിയ നടി വിദ്യാ ബാലനെക്കുറിച്ചുള്ള സംവിധായകന്‍ കമലിന്റെ പുതിയ പരാമര്‍ശത്തിനെതിരെ സിനിമാ സാംസ്കാരിക മേഖലയില്‍ നിന്നുള്ളവര്‍ വ്യത്യസ്ത പ്രതികരണവുമായി എത്തിയിരുന്നു. ആമിയില്‍ നിന്ന് വിദ്യ മാറിയതില്‍ സന്തോഷം മാത്രമേയുള്ളൂ, വിദ്യ ആയിരുന്നെങ്കില്‍ കഥയില്‍ ലൈംഗികത കടന്നു വരുമായിരുന്നു, മഞ്ജു ആയതു കൊണ്ട് ആ ഭാഗം ഒഴിവാക്കി എന്നും വിദ്യയ്ക്ക് പകരം മഞ്ജു എത്തിയതിനാല്‍ ചിത്രം കൃത്യ സമയത്ത് പൂര്‍ത്തിയാക്കി എന്നുമുള്ള തരത്തിലായിരുന്നു ഒരു അഭിമുഖത്തിൽ കമൽ പറഞ്ഞത്.

എന്നാൽ പിന്നീട് സംവിധായകൻ തന്നെ തന്റെ അഭിപ്രായത്തെ വിശദീകരിച്ച് രംഗത്തെത്തിയെങ്കിലും കമലിന്റെ ഈ പരാമര്‍ശം വന്നതു മുതല്‍ വിദ്യ ബാലന്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് ചിലരെങ്കിലും കാത്തിരിപ്പായിരുന്നു. എന്നാല്‍ വിദ്യയുടെ മറുപടി എല്ലാവരെയും അതിശയിപ്പിച്ചു.

'ഇതിനേക്കുറിച്ച് എനിക്കൊന്നും പറയാനില്ല. കമലിന് മറുപടി നല്‍കാന്‍ ഉദ്ദേശമില്ല. പ്രത്യേകിച്ച് ഞാന്‍ എല്ലാം അവസാനിപ്പിച്ച സ്ഥിതിക്ക്'... എന്ന് മാത്രമായിരുന്നു വിദ്യയുടെ മറുപടി. കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് പിന്മാറിയതെന്ന് വിദ്യ പറഞ്ഞിരുന്നു. എന്നാലും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കഥാപാത്രത്തിൽ നിന്നുള്ള  പിന്മാറ്റത്തെക്കുറിച്ച് വിദ്യ ബാലന്‍ ഇപ്പോഴും വ്യക്തമായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല.