Monday 08 January 2018 03:34 PM IST

കേരളത്തെ മയക്കിയ 'കലംകാരി'യുടെ നാട്ടിലേക്ക്..

Tency Jacob

Sub Editor

kalamkari2 ഫോട്ടോ: കെ.ആർ. വിനയൻ

അവൾക്ക് സ്വർണമുഖി എന്നു പേർ. കൃഷ്ണദേവരായരുടെ കൊട്ടാരത്തിൽ ചുവടുറയ്ക്കാതെ നിന്ന പതിനെട്ടു കലകളിലൊന്നിനെ പരിണയിച്ചു സ്വന്തമാക്കിയവൾ. തെളിഞ്ഞ മുഖംപോൽ പ തഞ്ഞൊഴുകി കാളഹസ്തീശ്വരന് പാദപൂജ ചെയ്തവൾ. അ വളുടെകൂടി കഥ പറയാതെ ഈ ചൊല്ലു പൂർത്തിയാകില്ല...

കുറച്ചു വർഷങ്ങൾക്കു മുമ്പ് കലംകാരി കേരളത്തിൽ പെ ട്ടെന്നങ്ങ് പ്രിയപ്പെട്ടവളായി മാറുകയായിരുന്നു. പേരിൽ തന്നെ കലയെ വഹിച്ച കലംകാരി അടുത്ത കൂട്ടുകാരിയെപ്പോലായി നമ്മുടെ പെണ്ണുങ്ങൾക്ക്. കോട്ടനിലും ചന്ദേരിയിലും പട്ടിലും, പൂവും കായും ഇലകളുമൊക്കെയായി... ആദ്യനാളുകളിൽ കടുത്ത മെറൂണിലും നീലയിലും കറുപ്പിലും മാത്രമായിരുന്നു കലംകാരി ചിത്രങ്ങൾ. പോകെ പോകെ ഏഴു വർണങ്ങളിലും വിടർന്നു പാറി, ഒരു ദുപ്പട്ടയെങ്കിലും സ്വന്തമാക്കാത്തവർ ഇ ല്ലെന്നായി.

ആന്ധ്രയിലെ തിരുപ്പതിക്കടുത്ത് കാളഹസ്തി എന്ന പട്ട ണമാണ് കലംകാരിയുടെ സ്വന്തം നാട്. അവിടെ കൈവിരലുക ളാൽ കലംകാരി ചിത്രങ്ങൾ തുണികളിൽ വിരിയിക്കുന്ന ഒ രുപാട് ചിത്രകാരന്മാരും ചിത്രകാരികളും ഉണ്ടത്രേ. കേരളത്തെ മയക്കിയ കലംകാരിയുടെ സ്വന്തം നാട്ടിലേക്ക് ഒന്നു പോയിവന്നാലോ?

മുഖത്ത് പാറി വീണ വെള്ളത്തുള്ളികളാണ് ഉണർത്തിയത്. പുറത്ത് മഴ തകർക്കുന്നു. റെനിഗുണ്ടയിലിറങ്ങുമ്പോൾ തൊട്ടുമുമ്പ് തിരുപ്പതി സ്േറ്റഷനിൽ കണ്ട തിരക്കൊന്നുമുണ്ടായിരുന്നില്ല. ശ്രീ കാളഹസ്തിയിലേക്കുള്ള മുക്കാൽ മണിക്കൂർ യാത്രയ്ക്കിടയിൽ കൂടുതലും കണ്ടത് ഒഴിഞ്ഞ ഭൂപ്രദേശങ്ങളാണ്.

ശ്രീ കാളഹസ്തിയിലുള്ള ഒരു കലംകാരി കലാകാരനെ സു ഹൃത്തു പരിചയപ്പെടുത്തി തന്നിരുന്നു. വിളിച്ചപ്പോൾ കാറ്റിനോടൊപ്പം വിശ്വനാഥ റെ‍ഡ്ഢിയുടെ ശബ്ദം  ഇരമ്പിവന്നു. ‘‘വൈകിട്ട് കാണാം.’’ ഹോട്ടലിൽ നിന്നു പുറത്തിറങ്ങുമ്പോൾ റിസപ്ഷനിസ്റ്റിനോട് കലംകാരി ചിത്രങ്ങൾ ചെയ്യുന്നവരെക്കുറിച്ച്  അന്വേഷിച്ചു. അറിയില്ലെന്നായിരുന്നു മറുപടി.

പുറത്ത് തെരുവ് ഒച്ചയാർത്തു തുടങ്ങിയിരിക്കുന്നു. തിരുപ്പതി ഭക്തരുടെ തിരക്കുകൊണ്ട് കൈവീശി അലസമായൊന്നും നടക്കാനാകില്ല. തല മൊട്ടയടിച്ച് മഞ്ഞൾ പൂശി ഓട്ടുമണികൾ കിലുങ്ങുന്ന കാവടിയേന്തിയവർ. എല്ലാവരും കാളഹസ്തീ ശ്വരന്റെ നടയിലേക്കാണ്. ഇവിടത്തെ അമ്പലം ഗ്രഹദോഷ പൂജയ്ക്കു പ്രസിദ്ധമാണ്.

kalamkari4 ചന്ദ്രയും മീരയും ലക്ഷ്മിയമ്മയും

തെരുവിൽ അലഞ്ഞു തിരിയുന്നതിനിടയിൽ ചെറിയ ചില തുണിക്കടകൾ. അവരോടും ചോദിച്ചു കലംകാരിയെന്ന സുന്ദര വർണങ്ങൾ വിരിയുന്നതെവിടെ എന്ന്. കടയുടമയും അവിടെയുള്ള പെൺകുട്ടിയും കൈ മലർത്തി. റാക്കുകളിൽ പരതിയപ്പോൾ എവിടെയുമില്ല കലംകാരിയുടെ ഒരു കഷണം. പുറത്തിറങ്ങി നടക്കുന്നതിനിടയിൽ ശ്രദ്ധിച്ചു. ഇല്ല, ആരും ധരിച്ചിട്ടില്ല. അപ്പോൾ  ഗൂഗിളിലും യൂ ട്യൂബിലുമെല്ലാം കണ്ടു മനം നിറഞ്ഞ കാളഹസ്തിയിലെ കലംകാരി കാഴ്ചകൾ എവിടെയായിരുന്നു?

ഇവിടെയുണ്ട് കലംകാരി

കൃത്യസമയത്ത് വിശ്വനാഥ റെഡ്ഢിയെത്തി. ഓട്ടോയിൽ കയറുമ്പോൾ സ്ഥലം പറയുന്നതു കേട്ടു.‘അഗ്രഹാരം’. മനസ്സിൽ പാലക്കാട്ടെ കല്പാത്തി തെരുവ് തെളിഞ്ഞു. വൃത്തിയുള്ള തെരുവുകളും വീടിനു മുന്നിലെ കോലങ്ങളും സുന്ദരികളായ പെൺകുട്ടികളും...

വഴി ഒരു ഇടുങ്ങിയ തെരുവിലേക്ക് പ്രവേശിച്ചു. ഇരുവശത്തും അഴുക്കു കെട്ടികിടക്കുന്ന തുറന്ന ഓടകളുണ്ട്. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച കുട്ടികൾ റോഡിൽ കളിച്ചു തിമിർക്കുന്നു. മിക്ക വീട്ടുമുറ്റത്തും പലചരക്കുകളോ പച്ചക്കറികളോ മിഠായിഭരണികളോ നിരത്തിവച്ചിട്ടുണ്ട്. ഈച്ചയാർക്കുന്ന ചെറിയ തിണ്ണകളിലിരുന്ന് സ്ത്രീകൾ വർത്തമാനം പറയുന്നു. ഒട്ടും പകിട്ടില്ലാത്ത രണ്ടുനില കെട്ടിടത്തിനു മുന്നിൽ ഓട്ടോ നിന്നു. അകത്തേക്കു കയറുമ്പോൾ അസഹ്യമായൊരു ഗന്ധം. മൂക്കുപൊത്തുന്നത് മര്യാദകേടാണന്നറിഞ്ഞിട്ടും അതു ചെയ്തുപോയി. വിശ്വനാഥൻ ചെറുചിരിയോടെ പറഞ്ഞു.‘‘അത് ബഫലോ മിൽക്ക്. തുണി ഡിപ് പണ്ണി വച്ചിരിക്കേ.’’ ചെറി യൊരു തളത്തിലെ മൂലയിലിരുന്ന് ഒരാൾ തവിട്ടു നിറത്തിലുള്ള തുണിയിൽ ചിത്രം വരയ്ക്കുന്നുണ്ടായിരുന്നു.‘‘അത് വന്ത് രാമായണ കഥൈ.’’ എത്ര വേഗത്തിലാണയാളുടെ വിരലുകൾ സീതയുടെ മുഖചാരുത വരയുന്നത്!

തുണികൾ അടുക്കടുക്കായി വച്ച ചെറിയമുറിയിലിരുന്ന് വിശ്വനാഥൻ കലംകാരിയുടെ കഥ പറയാൻ തുടങ്ങി. തെലുങ്കനാണെങ്കിലും തമിഴും ഇംഗ്ലീഷും മലയാളവും ഹിന്ദിയുമെല്ലാം വഴങ്ങുന്നതുകൊണ്ട് എല്ലാം ചേർന്നൊരു അവിയൽ പരുവമായിത്തീർന്നു ഞങ്ങളുടെ ഭാഷ.

പേർഷ്യൻ കലയാണ് കലംകാരി എന്നൊരു നാട്ടുപറച്ചിൽ കാളഹസ്തിയിലുണ്ട്. മൂവായിരം വർഷം പഴക്കമുണ്ടെന്നു പറയപ്പെടുന്ന ഈ കല എങ്ങനെ ഇവിടെയെത്തിയെന്നു ചോദിച്ചാൽ ആർക്കും വ്യക്തമായ ഉത്തരമില്ല. എന്തായാലും നാന്നൂറ് വർഷം മുമ്പ് വിജയനഗരസാമ്രാജ്യത്തിന്റെ അധിപനായിരുന്ന കൃഷ്ണദേവരായരുടെ വാഴ്ചക്കാലത്ത് പ്രജകളെ അഭ്യസിപ്പിക്കാൻ രാജാവു കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു കുടിയിരുത്തിയ പതിനെട്ടു കലകളിൽ ഒന്നായിരുന്നു കലംകാരി എന്ന ചിത്രകല.
 

‘‘ആദ്യകാലത്ത് രാമായണവും മഹാഭാരതവും കൃഷ്ണലീലയും ജാംബവതീ പരിണയവുമൊക്കെയായിരുന്നു വരഞ്ഞിരുന്നത്. അതും വസ്ത്രങ്ങളിലായിരുന്നില്ല. അമ്പലങ്ങളിലും രഥങ്ങളിലും തൂക്കിയിടാവുന്ന പെയിന്റിങ്ങുകളും മേലാപ്പുകളുമൊക്കെയായിരുന്നു തയാറാക്കിയിരുന്നത്.’’ സ്വാതന്ത്ര്യാനന്തരം 1956ൽ ആണ് ആന്ധ്ര ഗവൺമെന്റ് ചിറ്റൂർ ജില്ലയിലെ പുണ്യ നഗരമായ ശ്രീ കാളഹസ്തിയിലേക്ക് കലംകാരിയെ കൂട്ടിക്കൊണ്ടുവരുന്നത്.

kalamkari6

ഇരുപതു വർഷത്തിലധികമായി വിശ്വനാഥൻ ഈ രംഗ ത്തു വന്നിട്ട്.‘‘ അച്ഛനും അമ്മയും ചെയ്യുന്നത് കണ്ട് ചെറുപ്പ ത്തിലേ ഞാനും സഹോദരിമാരും  വരയ്ക്കുമായിരുന്നു. പി ന്നീട് പഠനസമയത്ത് മാസ്റ്റർമാർ പറയുമ്പോഴാണ് ഗൗരവം മനസ്സിലാകുന്നത്. വരയ്ക്കുന്നതിലോ ചായം തേയ്ക്കുന്നതിലോ ഒന്നു പിഴച്ചാൽ തുണിമാറ്റു കയേ നിവൃത്തിയുള്ളൂ. പുരാണകഥകൾ വരയുമ്പോൾ അ കക്കണ്ണിൽ വിരിയണം ചിത്രങ്ങൾ. ഓരോ രൂപങ്ങൾ വരയ്ക്കുമ്പോഴും നിയമങ്ങളുണ്ട്. ഇടംകാലുകൾ തന്നെയായി വരയ്ക്കാറില്ല.’’

‘കലം’ എന്നാൽ പേന എന്നർഥം. ‘കാരി’ എന്നതിനു ക ലാകാരൻ എന്നും. പേർഷ്യൻ ഭാഷയിലും സംസ്കൃതത്തിലും ഹിന്ദിയിലുമെല്ലാം ഇതേ അർഥം തന്നെയാണ്. മുളങ്കമ്പു ചെ ത്തിക്കൂർപ്പിച്ചാണു പേനയുണ്ടാക്കുന്നത്. രണ്ടടി നീളമുള്ള കണ്ഠഭാഗത്ത് അധികം കനമില്ലാതെ കോട്ടൻ തുണി പന്തം പോലെ ചുറ്റും. അതിനു മീതെ നൂലു ചെരിച്ച് ചുറ്റിയെടുക്കും. പേനയുടെ കഴുത്തുഭാഗം വരെ ചായത്തിൽ മുക്കി അധികമുള്ള ചായം പിഴിഞ്ഞു കളഞ്ഞ് പന്തിൽ മെല്ലേയൊന്നമർത്തി വരയ്ക്കും. കൂടുതലമർത്തിയാൽ ചായം ഒഴുകി പരക്കും.

‘‘കലംകാരി ഡിസൈൻ ഒരു നാളില് മുഴുസാ സെയ്യ മു ടിയാത്.’’ വിശ്വനാഥൻ കലംകാരി ചിത്രപ്പണികളുടെ രഹ സ്യങ്ങൾ പറഞ്ഞു തുടങ്ങി. ‘‘ഒരു ദുപ്പട്ട തയാറാക്കാൻ ഇരുപ ത്തിയ‍ഞ്ച് ദിവസങ്ങൾ വേണം. പതിനെട്ട് ഘട്ടങ്ങളുണ്ട്. ആ ദ്യം തുണി തിരഞ്ഞെടുക്കണം. കോട്ടൻ തുണിയും പട്ടുമാണ് ഏറ്റവും നല്ലത്. സിന്തറ്റിക് തുണിത്തരങ്ങളിൽ ചായം പിടിക്കാത്തതുകൊണ്ട് ഉപയോഗിക്കാറില്ല. ഇപ്പോൾ ടസറിലും ജ്യൂട്ടിലും ചന്ദേരിയിലും കേരള കോട്ടണിലുമെല്ലാം കലംകാരി ചെയ്യുന്നുണ്ട്.’’

മികച്ച കലംകാരി ആർട്ടിസ്റ്റിനുള്ള സ്േറ്ററ്റ് അവാർഡും നാഷനൽ അവാർഡുമെല്ലാം വിശ്വനാഥന്റെ ഷോകേസിൽ നിന്ന് പുറത്തേക്ക് നോക്കുന്നു. ‘‘1957 ലാണ് ആദ്യമായി കലംകാരി  ട്രെയിനിങ് തുടങ്ങുന്നത്. കൊല്ലം മുഴുവൻ നിറഞ്ഞൊഴുകുന്ന തെളിഞ്ഞ നീരുള്ള നദിയും ഔഷധ നിറങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾ നിറഞ്ഞ കാടുകളുമാണ് കലംകാരിയെ ശ്രീകാളഹസ്തിയിലേക്ക് കൊണ്ടുവരാൻ ആ ൾ ഇൻ‍ഡ്യ ക്രാഫ്റ്റ് ബോർഡ് ചെയർപേഴ്സണായിരുന്ന കമലാഭായ് ചതോപാധ്യായയെ പ്രേരിപ്പിച്ചത്. പത്രത്തിൽ പരസ്യം കൊടുത്തതനുസരിച്ച് പതിനാറു പേരാണ് ആദ്യ ബാച്ചിലേക്കെത്തിയത്. പിന്നീട് രണ്ടു വർഷം കൂടുമ്പോൾ ഓരോ ബാച്ചുകൾ പഠിച്ചിറങ്ങി.

ഇപ്പോൾ കാളഹസ്തിയിൽ എണ്ണൂറിലധികം കലംകാരി ആർട്ടിസ്റ്റുകളുണ്ട്. ഗവൺമെന്റ് അംഗീകൃതമായതും അല്ലാത്തതുമായ സെന്ററുകളിൽ രണ്ടു വർഷം മുതൽ മൂന്നുമാസത്തിനുള്ളിൽ പരിശീലനം നൽകുന്ന ക്രാഷ് കോഴ്സുകളും.  

kalamkari5 ബനോദയയുടെ മാനേജർ പത്മാവതി

പകിട്ടില്ലാത്ത ജീവിതങ്ങൾ

രണ്ടുതരം ആർട്ടിസ്റ്റുകളുണ്ട് ഇവിടെ. ഭാവനയ്ക്കനുസരിച്ച് വരയ്ക്കുന്നവരും ഡിസൈൻ പകർത്തുന്നവരും. വിദഗ്ദരായ ആർട്ടിസ്റ്റുകൾ പുരാണകഥകളൊക്കെ എളുപ്പത്തിൽ വരച്ചു തീർക്കുന്നതുകൊണ്ട് ശമ്പളം കൂടും.‘‘അവർ അന്തമാതിരി ആർട്ടിസ്റ്റു താനേ’’ വിശ്വനാഥൻ കൈചൂണ്ടിയിടത്ത് നോക്കി.

‘‘മീരു പേരു?’’

‘‘സുബ്രഹ്മണ്യ റെഡ്ഢി’’രാമായണകഥയുടെ രേഖാചിത്രം കോറുന്നതിന്നിടയിൽ അയാൾ കഥ പറഞ്ഞു. ഇളയച്ഛ ൻ കലംകാരി ആർട്ടിസ്റ്റായിരുന്നു.അതുകണ്ട് ഇഷ്ടം തോന്നി ചെയ്തു തുടങ്ങിയതാണ്. രണ്ടു മക്കളുടെ പഠന ചെലവും വീട്ടിലെ കാര്യങ്ങളും എല്ലാം ഇതുകൊണ്ടാണ് നീങ്ങുന്നത്. പീസ് വർക്കനുസരിച്ചാണ് പണം. അതുകൊണ്ട് ഒഴിവു ദിവസവും വന്നു ചെയ്യും.’’

മിനിറ്റുകൾകൊണ്ട് സീതാസ്വയംവരം വരച്ചു തീർത്തു.  എന്റെ വിസ്മയം കണ്ട് അയാൾ ചെറുചിരിയോടെ പറഞ്ഞു.

‘‘ഇരുപതു വർഷമായി. കണ്‍മൂടിയാലും അതു താൻ കാണ്മ ത്. പുരാണം മട്ടുമല്ലൈ, ജീസസിൻ കഥൈയും വരഞ്ഞിരുക്ക്.ഇന്ത ന്യൂജെൻ ഡിസൈൻ വന്ത് എനക്ക് പുടിക്കലെ’’
നൃത്തമുദ്രകളും പലതരം പൂക്കളുമൊക്കെ പുതിയ തലമു റയാണ് വരയുന്നത്. തവിട്ടുനിറമുള്ള കോട്ടൻ തുണിയിൽ മദ്ദളവും വീണയുമെല്ലാം ഓറഞ്ചും നീലയും നിറത്തിൽ വര ച്ചു തീർക്കുന്ന തിരക്കിലാണ് കലയും രാജേശ്വരിയും. ചോദ്യ ങ്ങൾക്ക് മൂളലിലും തലയാട്ടലുകളിലും മാത്രം മറുപടി. പുറത്തുപോയ വിശ്വനാഥൻ വരുമ്പോൾ കൂടെ സഹോദരി മുനി രത്നമ്മയുമുണ്ടായിരുന്നു.

‘‘സ്േറ്ററ്റ് അവാർഡ് വിന്നറാണ്’’ വിശ്വനാഥൻ പരിചയപ്പെടുത്തി.‘‘അമ്പത്തിയഞ്ചു വർഷം ജോലി ചെയ്താല്‍ സാധാരണ ആർട്ടിസ്റ്റിന ്ആയിരം രൂപയുള്ളപ്പോൾ അവാർഡീക്ക് രണ്ടായിരം രൂപ പെൻഷൻ കിട്ടും. അതാണൊരു നേട്ടം.’’ രണ്ടു കൊല്ലം കഴിയുമ്പോഴേക്കും മിക്കവരും കണ്ണട വയ്ക്കും. ദീർഘനേരമിരുന്നു ജോലി ചെയ്യുന്നതു കാരണം കാലുവേദനയും നടുവേദനയും കൂടുതലായതുകൊണ്ട് വയസ്സാകുന്നതുവരെ ജോലി ചെയ്യുന്നവർ കുറഞ്ഞു വരികയാണ്.

വീടുകൾക്കുള്ളിലും വീടുകളുണ്ടെന്നു ലക്ഷ്മിയമ്മയുടെ വീട്ടിലേക്കുള്ള വഴിയാണ് കാണിച്ചുതന്നത്. രണ്ടടി വീതിയുള്ള വഴിക്കിരുവശത്തും തീപ്പെട്ടിക്കൂടുപോലെയുള്ള വീടുകൾ.ചെല്ലുമ്പോൾ ലക്ഷ്മിയമ്മ പായസത്തിനൊരുക്കുന്ന തിരക്കിലാണ്.‘‘വണക്കം. കൊഞ്ചം ജാസ്തി വേലയിരുക്ക്.’’

kalamkari6 വിശ്വനാഥ റെഡ്ഢി

ഒരു കുഞ്ഞു ഇരിപ്പുമുറി. അതിനേക്കാൾ കുറച്ചുകൂടി വലിപ്പമുള്ള ഒരു കിടപ്പുമുറി. അഞ്ചടി അളന്നെടുത്താൽ അടുക്കളയുടെ വിസ്തീർണമായി. ഒരു അവാർഡ് വിന്നറുടെ പകിട്ടൊന്നും അവരുടെ വേഷത്തിലോ പെരുമാറ്റത്തിലോ ഇല്ല.1992ൽ ട്രെയിനിങ് കഴിഞ്ഞതാണ്. ഇപ്പോൾ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടത്തപ്പെടുന്ന എക്സിബിഷനുകളില്‍ കാളഹസ്തി കലംകാരി പ്രിന്റിനെ പരിചയപ്പെടുത്തുകയും മാർക്കറ്റ് ചെയ്യുകയും െചയ്യുന്നു. ഒരിക്കൽ കൊച്ചിയിലും വന്നിട്ടുണ്ട്.കേരളത്തിനെ ലക്ഷ്മിയമ്മയ്ക്ക് അത്ര പിടിത്തമില്ല. നമ്മുടെ വിലപേശൽ തന്നെ കാരണം.‘‘മെഷീൻ പ്രിന്റിന്റെ റേറ്റ്ക്ക് നമ്മ കലംകാരി കൊടുക്കമുടിയാത്.’’

നമ്മുടെ നാട്ടിൽ കാണുന്ന മെഷീൻ പ്രിന്റഡ് കലംകാരി യാണ് ഹാൻഡ് മെയ്ഡ് കലംകാരിയുടെ ഏറ്റവും വലിയ എതിരാളി. ഹാൻഡ് മെയ്ഡിന്  മീറ്ററിനു എഴുന്നൂറു രൂപയുള്ളപ്പോൾ മെഷീൻ പ്രിന്റിനു നൂറ്റമ്പതു രൂപയേയുള്ളൂ. ‘‘ആന്ധ്രയിൽ മച്‌ലി പട്ടണത്തെ കലംകാരിയും പ്രസിദ്ധം. അത് വന്ത് ബ്ലോക്ക് പ്രിന്റ്. കാളഹസ്തി കലംകാരി കൈചിത്രവേല താ നെ.’’ കാളഹസ്തിയിൽനിന്ന് നാനൂറു കിലോമീറ്ററിനപ്പുറമാണ് കലംകാരി ബ്ലോക്ക് പ്രിന്റിനു പേരു കേട്ട മച്‌ലി പട്ടണം.ബ്ലോക്കുകൾ തടിയിൽ കൊത്തിയുണ്ടാക്കി വെജിറ്റബിൾ ഡൈയിൽ മുക്കി പ്രിന്റു ചെയ്തെടുക്കുകയാണ് ചെയ്യുന്നത്.

ലക്ഷ്മിയമ്മയുടെ കൂടെ കാൽപാദം മാത്രം വയ്ക്കാവുന്നത്ര വീതിയുള്ള കോണിപ്പടികൾ കയറിക്കയറി പ്രിന്റിങ് സ്ഥലത്തെത്തുമ്പോൾ അദ്ഭുതം തോന്നി. ഇത്ര ചെറിയ ഇടങ്ങളിലാണോ ഇവർ ജീവിതകാലം പാർക്കുന്നത്? എല്ലാവ രും തലയുയർത്തി നോക്കി ഒന്നു ചിരിച്ച് പണിയുടെ ഏകാഗ്ര തയിലേക്ക് മടങ്ങിപ്പോയി. ചന്ദ്രയും മീരയും സഹോദരിമാരാണ്. പ്ലസ്ടു കഴിഞ്ഞു. ചോദ്യത്തിനുത്തരം പറയുമ്പോഴെല്ലാം മറ്റു മുഖങ്ങളെപ്പോലെ നിസ്സംഗതയല്ല, പകരം കൗമാരത്തിലെ  നാണം മൊട്ടിട്ടു നിന്നു. ഫോട്ടോയ്ക്കുള്ള സാരികൾ തിരഞ്ഞെടുത്ത് പുറത്തേക്കിറങ്ങുമ്പോഴാണ് ലക്ഷ്മിയമ്മയുടെ ഗുരു നാഗരാജ് മാസ്റ്റർ എത്തുന്നത്. ഈ പ്രായത്തിലും ശിഷ്യ വിനയത്തോടെ നിൽക്കുന്നതു കണ്ട് കൗതുകം തോന്നി.

kalamkari1

‘‘തുണിയും ചായങ്ങളും വാങ്ങാൻ ഗവൺമെന്റ് ഇരുപതുശതമാനം ഗ്രാന്റ് തരും. ഇപ്പോൾ ചെന്നെെയിൽ നിന്നാണ് മെറ്റീരിയലും ഫാബ്രിക്കുമൊക്കെ വാങ്ങുന്നത്. അതിനുതന്നെ നല്ല ചെലവുണ്ട്. കൃഷി സ്ഥലങ്ങളിൽച്ചെന്ന് മോട്ടർ അടിച്ച് തുണി കഴുകിയെടുക്കുന്നതിനും പൈസ കൊടുക്കണം. പാല്, ആർട്ടിസ്റ്റിന്റെ ചാർജ് എല്ലാം കഴിഞ്ഞു വരുമ്പോൾ അഞ്ഞൂറു രൂപയാണ് ഒരു സാരിയിൽ നിന്നു കിട്ടുന്ന ലാഭം’’ വർക്ക് ചെയ്ത സാരി ഫോട്ടോയെടുക്കാൻ തന്നതിന്റെ പേരിൽ ഒരു സ്ത്രീ കലഹിക്കുന്നുണ്ടായിരുന്നു. നാഗരാജൻ കണ്ണുചിമ്മി ചിരിച്ചുകൊണ്ടു പറഞ്ഞു‘‘നമ്മുടെ കലയെക്കുറിച്ച് ലോകം മുഴുവൻ എത്തട്ടേയെന്നാണ് ഞാൻ ചിന്തിക്കുന്നത്. എന്നാലേ ഞങ്ങൾക്ക് നിലനിൽപുള്ളൂ.’’

സ്വർണമുഖിയിലെ വർണങ്ങൾ

‘‘ബനോദയ കലംകാരി സെന്റർ’’ എന്ന ബോർഡുള്ള മുറി യിൽ സംരംഭകയുടെ മികവോടെ ഇരിപ്പുണ്ട് ബനോദയയുടെ മാനേജർ പത്മാവതി. ബികോമും എംബിഎയും കഴിഞ്ഞതിനുശേഷം ആറുവർഷമായി യൂണിറ്റ് തുടങ്ങിയിട്ട്.

‘‘അച്ഛൻ കമേഴ്സ്യൽ ആർട്ടിസ്റ്റാണ്. അങ്ങനെയാണ് ഞാനും ഈ രംഗത്തു വരുന്നത്. ഇരുപതിലധികം ആളുകൾ ജോലിക്കുണ്ട്. പത്രത്തിലും മറ്റും പരസ്യം കൊടുക്കും. എ ക്സിബിഷൻസിനോടു താൽപര്യമില്ല. താമസ സൗകര്യം, ഭക്ഷണം... എല്ലാം നമ്മൾതന്നെ കണ്ടെത്തണം. അവസാനം ലാ ഭമൊന്നുമുണ്ടാകില്ല.’’

കാലുമടക്കി കമിഴ്ന്നുകിടന്നു വരയ്ക്കുകയും ചായം കൊടുക്കുകയുമാണ് എല്ലാവരും. കൂട്ടത്തിൽ ഒരു വൃദ്ധൻ. ‘‘രാം ചന്ദ് നാൽപതു വർഷത്തിലധികമായി കലംകാരി കലാകാരനാണ്.’’ ഓർമകൾക്കും കൈകൾക്കും വേഗതയില്ലെങ്കിലും വര യിൽ കൃത്യതയുണ്ട്.
 

അഗസ്ത്യാചലയിലെ ചന്ദ്രഗിരിക്കുന്നുകളിലൂടെ നെല്ലൂർ വരെയൊഴുകി കടലിൽചെന്നു ചേരുന്നവളാണ് സ്വർണമു ഖി എന്ന നദി. മഴയുടെ പിണക്കംകൊണ്ട് നീരു വറ്റി വര ണ്ടു കിടക്കുന്നു. രണ്ടു കൊല്ലം മുമ്പുളള വർഷകാലത്ത് സ്വർണ മുഖിക്കു കുറുകേ പണിത പാലങ്ങളെല്ലാം മുങ്ങിപ്പോയിരു ന്നുവെന്നു പറയുമ്പോൾ ആശ്ചര്യം തോന്നി. ഇപ്പോൾ അവിടവിടെയായി ചെറു കുഴികളിൽ മാത്രമാണ് വെള്ളമുള്ളത്. പലയിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങളും മണൽ കയറ്റിപോകാനുള്ള ലോറികളും കാത്തുകിടക്കുന്നു.

യാത്രയയ്ക്കാൻ പത്മ പടിവാതിൽവരെ വന്നു.‘‘സ്വർണമുഖി വറ്റിവരണ്ടതാണ് ഞങ്ങൾക്ക് കഷ്ടകാലമായത്. സ്വർണമുഖിയിൽ  കഴുകിയെടുക്കുമ്പോൾ ചുവപ്പിനൊക്കെ എന്തൊരു നിറം കിട്ടുമെന്നോ? വേറൊരു വെള്ളത്തിൽ കഴുകിയാലും ആ നിറം കിട്ടില്ല.’’ കഥകളും കഥാഭാരങ്ങളുമായി തിരിഞ്ഞുനടക്കുമ്പോൾ ഈശ്വരനോടുരുവിട്ടു. മോക്ഷം കൊടുക്കുന്നവനേ, സ്വർണമുഖിയെ നീരണിയിക്കൂ. ഒരു കലയും കാലവും സമ്പന്നമാകട്ടെ.

kalamkari3 ശ്രീ കാളഹസ്തി ക്ഷേത്രം

അഞ്ചു നിറങ്ങളാൽ ഒരു ജാലവിദ്യ

കറുപ്പ്, പച്ച, ചുവപ്പ്, മഞ്ഞ, നീല എന്നിങ്ങനെ അ‍ഞ്ചു നിറങ്ങളാണ് കലംകാരിയിലുള്ളത്. കാടുകളിൽ നിന്നു ശേഖരിക്കുന്ന പൂവും കായും മരത്തൊലിയും തോടുകളുമൊക്കെയാണ് അതിനുപയോഗിക്കുന്നത്. വരയ്ക്കാനുള്ള തുണി നദിയിൽ നന്നായി കഴുകിയെടുത്ത് വെയിലത്ത് ഉണക്കും. പിന്നീട് നൂറു ഗ്രാം കാരയ്ക്ക പൊടി അര ലീറ്റർ എരുമപ്പാലിൽ കലക്കി തുണി അതിൽ മുക്കി വയ്ക്കണം. പാലിലെ വെണ്ണ തുണിയിൽ പശ പോലെ പിടിച്ചാലേ ചായം പിടിക്കുകയുള്ളൂ. യഥാർഥ കലംകാരി കഴുകുമ്പോൾ നിറം പോകാത്തതിന്റെ രഹസ്യം എരുമപ്പാലാണ്.

പകുതി ദിവസം മുക്കിവച്ചശേഷം വെള്ളത്തിൽ കഴുകി തണലിൽ വിരിച്ചിടും. തുണിയിലെ ചൂടു പോകാനാണിത്. അതിൽ പുളിയുടെ ചെറു ശിഖരങ്ങൾ കത്തിച്ചെടുത്ത് കിട്ടുന്ന ചാർക്കോൾ പോലെയുള്ള കരിക്കമ്പുകൊണ്ട് ചിത്രം വരയും. അര ലീറ്റർ വെള്ളത്തിൽ ഇരുന്നൂറ് ഗ്രാം പടികക്കാരം പൊടി കലക്കി തുണിയിൽ നിറം വേണ്ടിടത്ത് വരയ്ക്കുകയാണ് ചെയ്യുന്നത്. തുണി വെയിലത്തിട്ട് ഉണക്കിയതിനുശേഷം വെള്ളത്തിൽ  ഉലച്ചു കഴുകിയെടുക്കും. കാളഹസ്തിക്കടുത്തുള്ള വനങ്ങളിൽ കാണുന്ന സുരുടുചക്കയുടേയും സേവൽകൊടിയുടേയും വേര് പൊടിച്ചത് ഒരു ഇരുമ്പു പാത്രത്തിലിട്ട് ആവശ്യത്തിനു വെള്ളമൊഴിച്ച് തിളപ്പിച്ചതിലേക്ക് തുണിയിട്ട് അരമണിക്കൂർ പുഴുങ്ങണം. അതിനു ശേഷം കഴുകി ഉണക്കുമ്പോൾ ചുവപ്പ് കിട്ടും.

കറുത്ത ചായം കിട്ടാൻ ശർക്കരയും പനംചക്കരയും വെ വ്വേറെ പൊടിച്ചെടുത്ത് വെള്ളത്തിൽ കലക്കി പതിനഞ്ചു ദിവസത്തോളം ഇരുമ്പുപാത്രത്തിൽ വയ്ക്കണം. കാരയ്ക്കാപൂവിന്റെ പൊടിയും പടികക്കാരത്തിന്റെ പൊടിയും വെള്ളത്തിൽ കലർത്തിയാൽ മഞ്ഞ. നീലയമരിയുടെ ഇ ലകളോ വേരോ ചേർത്തു തിളപ്പിച്ചാൽ ഇൻഡിഗോ ബ്ലൂ. മഞ്ഞനിറത്തിനു മുകളിലൂടെ നീല നിറം തേച്ചാൽ പച്ച യായി. അളവു കുറച്ചെടുത്തും രണ്ടു നിറങ്ങൾ കൂട്ടിക്കല ർത്തിയും പുതിയ നിറങ്ങളുണ്ടാക്കാറുണ്ട്.

കടപ്പാട്: പ്രജിന ജാനകി, ക്ലും ദ് കലംകാരി സ്റ്റോർ, കോഴിക്കോട്

kalamkari7