Wednesday 10 January 2018 11:59 AM IST : By സ്വന്തം ലേഖകൻ

മുടികൊഴിച്ചിൽ; കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാം

hair

തലമുടിയുടെ പ്രശ്‌നങ്ങൾ എല്ലാവരെയും അലട്ടാറുണ്ട്. മുടികൊഴിച്ചിൽ പലപ്പോഴും പലരുടെയും ഉറക്കം കെടുത്തുന്നു. ആരോഗ്യമുള്ള ഒരു മുടി ഒരു മാസംകൊണ്ടു ശരാശരി അര ഇഞ്ച് മാത്രമാണു വളരുന്നത്.

ഒരു മുടി ശരാശരി ആറുവർഷം വരെ വളരുകയും പിന്നീടു പൊഴിഞ്ഞുപോകുകയും ചെയ്യും. സാധാരണഗതിയിൽ ഒരുദിവസം 50 മുതൽ 100 മുടികൾ വരെ പൊഴിയാം.

ലക്ഷക്കണക്കിനു മുടികളുടെ ഇടയിൽ ഈ നഷ്‌ടം നമുക്കു തിരിച്ചറിയാനാവില്ല. പ്രായമേറുന്നതിനനുസരിച്ചു മുടി നേർത്തുവരുന്നതും വളരെ സാധാരണമാണ്. പുരുഷൻമാരിൽ മുടികൊഴിച്ചിൽ ചിലപ്പോൾ കഷണ്ടിയായി മാറാറുണ്ട്. സ്‌ത്രീകളിലും അപൂർവമായി ഇതു കണ്ടുവരാറുണ്ട്. പ്രത്യേകിച്ചും പോളിസിസ്‌റ്റിക് ഓവറി സിൻഡ്രോം എന്ന അവസ്‌ഥയുള്ളവരിൽ.

മുടികൊഴിച്ചിലിന്റെ കാരണങ്ങൾ എന്തെല്ലാമെന്നു നോക്കാം. കഷണ്ടിക്കു കാരണമാകുന്നത് പ്രധാനമായും ചില പാരമ്പര്യഘടകങ്ങളാണ്. ജനിതകപരമായി കഷണ്ടിക്കു സാധ്യതയുള്ളവരിൽ ചില സെക്‌സ് ഹോർമോണുകളുടെ പ്രവർത്തനവും മുടികൊഴിച്ചിൽ ത്വരിതപ്പെടുത്താറുണ്ട്. ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ കുറച്ചുകാലത്തേക്കു മുടികൊഴിച്ചിൽ കണ്ടുവരാറുണ്ട്.അതുകൊണ്ടാണു സ്‌ത്രീകളിൽ ഗർഭകാലത്തും പ്രസവത്തിനുശേഷവും മുടികൊഴിച്ചിൽ കൂടുതലായി കണ്ടുവരുന്നത്.

മുടികൊഴിച്ചിലുണ്ടാക്കുന്ന മറ്റൊരു പ്രധാന കാരണമാണു തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തന തകരാറുകൾ. നമ്മുടെ ശരീരത്തിലെ മറ്റു ഹോർമോണുകളുടെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോൺ ഗ്രന്ഥിയായ തൈറോയ്‌ഡ് ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ മുടികൊഴിച്ചിലുണ്ടാകാം.

ശരീരത്തിലെ പ്രതിരോധ സംവിധാനത്തിനു തകരാർ സംഭവിക്കുമ്പോഴും അതു തലമുടിയെ ബാധിക്കാറുണ്ട്. അമിതമായി മാനസികസമ്മർദമുണ്ടാകുന്ന സമയങ്ങളിലും വലിയ പനി ഉണ്ടാകുമ്പോഴും ശരീരഭാരം കൂടുതൽ കുറയുമ്പോഴും മുടികൊഴിച്ചിൽ അമിതമാകാം. അനീമിയ അഥവാ വിളർച്ച ഉണ്ടാകുമ്പോഴും മുടികൊഴിച്ചിൽ കൂടുതലാകാറുണ്ട്. ശിരോചർമത്തിലുണ്ടാകുന്ന അണുബാധകളും മുടികൊഴിച്ചിലിനു കാരണമാകും.

കാൻസർ, ആർത്രൈറ്റിസ് അഥവാ സന്ധിവീക്കം, വിഷാദരോഗം, രക്‌താതിസമ്മർദം, ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്‌ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. തലമുടി കഴുകാനുപയോഗിക്കുന്ന വെള്ളത്തിലടങ്ങിയിരിക്കുന്ന രാസപദാർഥങ്ങളും (ഉദാ. ക്ലോറിന്റെ കൂടിയ അളവ്) ചില മിനറലുകളും മുടിയുടെ വളർച്ചയെയും ആരോഗ്യത്തെയും മോശമായി ബാധിക്കാം.

കാൽസ്യം കൂടുതലായി അടങ്ങിയിട്ടുണ്ടെങ്കിൽ മുടി വരണ്ടുപോകുകയും തിളക്കം കുറഞ്ഞുപോകുകയും അളവു കുറഞ്ഞതുപോലെ തോന്നിപ്പിക്കുകയും ചെയ്യും. അയൺ, കോപ്പർ, മഗ്നീഷ്യം, സിലിക്ക, ലെഡ് എന്നിവ കൂടുതലായി അടങ്ങിയ വെള്ളം മുടിയുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കാറുണ്ട്.

തലമുടിയുടെ സംരക്ഷണവും തലയോട്ടിയിലെ ചർമത്തിന്റെ സംരക്ഷണവും പലപ്പോഴും രണ്ടായിട്ടാണു നമുക്കു തോന്നുന്നതെങ്കിലും ഇവ രണ്ടും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. കാരണം മുടി വളരുന്നത് ശിരോചർമത്തിനടിയിൽനിന്നാണ്. മുടിയുടെ ജീവനുള്ള ഭാഗം ചർമത്തിനടിയിലും ജീവനില്ലാത്തഭാഗം ചർമത്തിനു വെളിയിലുമാണു സ്‌ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പുറമേ കാണപ്പെടുന്ന മുടിയിൽ സംഭവിക്കുന്ന തകരാറുകൾ ജീവശാസ്‌ത്രപരമായി തനിയെ ശരിയാകാൻ പ്രയാസമാണ്.

മുടിയുടെ സംരക്ഷണത്തിനു നമുക്കു പല കാര്യങ്ങളും ചെയ്യാനാകും. അതിൽ പ്രധാനം ശിരോചർമവും ശരീരത്തിലെ മറ്റു ചർമഭാഗങ്ങൾ സംരക്ഷിക്കുന്നതുപോലെതന്നെ വൃത്തിയായി വയ്‌ക്കുന്നതാണ്. ശിരോചർമം ശരിയായി വൃത്തിയാക്കാതിരുന്നാൽ അവിടെ മൃതകോശങ്ങൾ അടിഞ്ഞുകൂടുകയും അവിടെ ബാക്‌ടീരിയ, വൈറസ് മുതലായവ മൂലമുള്ള അണുബാധയുണ്ടാകാൻ കാരണമാകുകയും ചെയ്യും.

മുടിയുടെ സംരക്ഷണത്തിൽ ഏറ്റവും പ്രധാനം അതു വൃത്തിയായി വയ്‌ക്കുന്നതാണ്. മുടി കഴുകുന്നതു മുടിയിൽ കൂടുതലായി പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണമയവും വിയർപ്പും പൊടിപടലങ്ങളുമൊക്കെ നീക്കം ചെയ്യുന്നതിനു സഹായകരമാകും. ഓരോരുത്തരുടെയും ചർമത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ ഷാംപൂ ഉപയോഗിച്ചു കൃത്യമായ ഇടവേളകളിൽ മുടി വൃത്തിയാക്കണം. ദിവസവും ഷാംമ്പൂ ചെയ്യേണ്ടതില്ല. ആഴ്‌ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെയ്‌താൽ മതിയാകും.