Friday 19 January 2018 10:52 AM IST : By സ്വന്തം ലേഖകൻ

'അടുക്കളയിൽ വേവുന്ന അരിയിലും കറിയിലും പോലും അദൃശ്യമായ ആണധികാരമുണ്ട്..'; വൈറലാകുന്ന കുറിപ്പ്

rasheed-post

മീൻ വറുത്തതും ഫെമിനിസവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചൂടൻ ചർച്ച. തന്റെ ഫെമിനിസം ആരംഭിക്കുന്നത് ഒരു മീൻ വറുത്തതിൽ നിന്നാണെന്ന നടി റിമ കല്ലിങ്കലിന്റെ പരാമർശമാണ് പലരെയും ചൊടിപ്പിച്ചത്. തുടർന്ന് റിമയ്ക്കെതിരെ നിരവധിപേർ  പരിഹാസവും വില കുറഞ്ഞ ട്രോളുകളുമായി എത്തി. ഒപ്പം റിമയുടെ നിലപാടിനെ അനുകൂലിച്ചും ചിലർ രംഗത്തുവന്നു. ഇപ്പോൾ ഫെയ്‌സ്ബുക്കിൽ വൈറലായിക്കൊണ്ടിരിക്കുന്ന, മാധ്യമ പ്രവർത്തകൻ അബ്ദുൾ റഷീദിന്റെ കുറിപ്പ് ചൂണ്ടിക്കാണിക്കുന്നതും ആണധികാരത്തിന്റെ സ്‌പെഷ്യൽ പ്രിവിലേജുകളെ കുറിച്ചും അത്തരത്തിലുള്ള കുടുംബ സംവിധാനത്തെക്കുറിച്ചുമാണ്.

അബ്ദുൾ റഷീദിന്റെ കുറിപ്പ് വായിക്കാം;

ആണുങ്ങൾക്ക് മനസ്സിലാവാത്ത പൊരിച്ചമീൻ

കുട്ടിക്കാലത്തു കിട്ടാതെപോയ ഒരു ഗ്ളാസ് വെള്ളമാണ് തന്നെ പിൽക്കാലത്തൊരു പോരാളിയാക്കിയതെന്നു അംബേദ്‌കർ പറഞ്ഞിട്ടുണ്ട്.
ഒൻപതു വയസ്സുകാരനായ അംബേദ്‌കർ ജേഷ്ഠനൊപ്പം അച്ഛന്റെ ജോലിസ്ഥലത്തേക്ക് ട്രെയിനിൽ പോയതായിരുന്നു. ആദ്യ ട്രെയിൻ യാത്രയുടെ സന്തോഷത്തിൽ ആ സഹോദരങ്ങൾ പുതിയ വസ്ത്രങ്ങൾ ധരിച്ചിരുന്നു. മാസൂർ റയിൽവെസ്റ്റേഷനിൽ ഇറങ്ങിയ അവർക്കു അച്ഛന്റെ അടുത്തേക്ക് പോകാൻ കാളവണ്ടി കിട്ടിയില്ല. അവരെ ആരും വണ്ടിയിൽ കയറ്റിയില്ല. അക്കാലത്തു മഹർ ജാതിക്കാരെ ആരും അടുത്തിരുത്തുകപോലുമില്ല.

വേഷം കണ്ടു ആദ്യം കുട്ടികളോട് സ്നേഹത്തോടെ പെരുമാറിയ സ്റ്റേഷൻമാസ്റ്റർപോലും അവർ മഹർജാതിക്കാരാണ് എന്ന് അറിഞ്ഞപ്പോൾ ആട്ടിയിറക്കി. ഒടുവിലൊരു വണ്ടിക്കാരൻ സമ്മതിച്ചു, "വണ്ടി തരാം. പക്ഷെ തനിയെ ഓടിച്ചോണം. നിങ്ങൾ ഇരിക്കുന്ന വണ്ടിയിൽ ഞാൻ ഇരിക്കില്ല. ഞാൻ പിന്നാലെ വന്നോളാം. "

തന്നത്താൻ വണ്ടിയോടിച്ചു പൊരിവെയിലിൽ ഒരു ദിവസം മുഴുവൻ നീണ്ട യാതനകൾക്കു ഒടുവിലാണ് അവർക്കു അച്ഛന്റെ അടുത്തു എത്താൻ കഴിഞ്ഞത്. വഴിയിൽ ആരും ഒരുതുള്ളി വെള്ളംപോലും കൊടുത്തില്ല. മഹർ ജാതിക്കാർക്ക് പൊതുവഴിയിലെ ദാഹജലശാലകളിൽപോലും പ്രവേശനം ഇല്ലാത്ത കാലമാണ്. താഴ്ന്ന ജാതിക്കാരനായതുകൊണ്ടു മാത്രം കിട്ടാതെപോയ ദാഹജലവും അന്നവും കിട്ടിയ അവഗണനയും പരിഹാസവും ആണ് അംബേദ്കറെ പിന്നീടുള്ള ജീവിതത്തിലൊരു പോരാളിയാക്കിയത്.

ദക്ഷിണാഫ്രിക്കയിൽ താമസിക്കവെ ഗാന്ധിയോട്, യുറോപ്യന്മാർക്കു ഒപ്പമിരുന്നു ഭക്ഷണം കഴിയ്ക്കാതെ, മുറിയിൽപോയിരുന്നു കഴിക്കാൻ സുഹൃത്ത് പറയുന്നുണ്ട്. മാന്യമായി പെരുമാറാൻ അറിയാത്ത ഇൻഡ്യാക്കാരനെന്നു ഗാന്ധിയെ ഒരു പാത്രം സൂപ്പിന് മുന്നിൽ ഇരുത്തി ചങ്ങാതി അപമാനിക്കുന്നുണ്ട്. യൂറോപിയൻ ഭക്ഷണമേശയിൽ പലതവണ ഗാന്ധി അപമാനിതനാകുന്നുണ്ട്. അപമാനിതന്റെ വേദനയും ആത്മനിന്ദയുമാണ് പിൽക്കാലത്തെ സമരഭടനായ ഗാന്ധിജിയെ രൂപപ്പെടുത്തുന്നത്.

ചില ഉദാഹരണങ്ങൾ പറഞ്ഞുവെന്നു മാത്രം. എല്ലാ സമരങ്ങളും പോരാട്ടങ്ങളും പിറവിയെടുക്കുന്നത് പുറത്തു നിൽക്കുന്നവർക്ക് നിസ്സാരമെന്നു തോന്നാവുന്ന അവഗണനകളിൽനിന്നാണ്, അപമാനങ്ങളിൽനിന്നാണ്, വേർതിരിവുകളിൽനിന്നാണ്. ഖനിത്തൊഴിലാളികൾക്കു കിട്ടാതെപോയ അന്നവും വസ്ത്രവുമാണ് ചെഗുവേരയ്ക്കുപോലും ഊർജമായത്.

അപമാനങ്ങളും അവഗണനകളും അത് അനുഭവിക്കുന്നവരിൽ മാത്രമേ ആഴത്തിൽ പതിയൂ. മറ്റുള്ളവർക്ക് അതൊരു തമാശയായി തോന്നാം. കിട്ടാതെപോയ മീൻകഷണമാണ് തന്നെ ഫെമിനിസ്റ്റാക്കിയതെന്നു ഒരു സ്ത്രീ പറയുമ്പോൾ നമ്മുടെ പുരുഷന്മാർക്ക് അത് തമാശയാകുന്നത് പുരുഷൻ എന്നും മീനിൻറെ നടുക്കഷ്ണം മാത്രം തിന്നുവളർന്നവൻ ആയതുകൊണ്ടാണ്.

അടുക്കളയിൽ വേവുന്ന അരിയിലും കറിയിലുംപോലും അദൃശ്യമായ ആണധികാരമുണ്ട്.  അച്ഛനെത്തുമ്പോഴേക്കും വേവുന്ന ചോറ്, അച്ഛൻ കഴിച്ചു ബാക്കിയാക്കിയതിൽ മാത്രം ഉണ്ണുന്ന അമ്മ, അച്ഛനും ആണ്മക്കൾക്കും മാത്രമുള്ള പൊരിച്ച മീൻ..എന്നിങ്ങനെ ആണ് കയറാത്ത അടുക്കളത്തന്നെ ഏറ്റവും വലിയ ആണധികാര കേന്ദ്രമാകുന്ന കുടുംബ സംവിധാനമാണ് നമ്മുടേത്.

മീനിന് എരിവും പുളിയും രുചിയും മാത്രമേയുള്ളു എന്നാണു പലപ്പോഴും ആണുങ്ങൾ കരുതുന്നത്, വളരെയേറെ പെണ്ണുങ്ങളും അങ്ങനെതന്നെ ചിന്തിയ്ക്കുന്നു. കറിക്കും ചോറിനും രാഷ്ട്രീയമുണ്ടെന്ന ചരിത്രബോധം നമുക്കില്ല. അത് ഉണ്ടാവാതെ പോകുന്നതിനു പല കാരണങ്ങളുണ്ട്. ഒന്ന്, പാരമ്പര്യം എന്ന പേരിൽ നാം ധരിച്ചുവെച്ചിരിക്കുന്ന ചീഞ്ഞ ആണധികാര കുടുംബ വ്യവസ്ഥയാണ്.
നമ്മുടെ സകല മൂല്യബോധങ്ങളും മതത്തിൽനിന്നോ കേവല കക്ഷിരാഷ്ട്രീയത്തിൽനിന്നോ പിറവിയെടുക്കുന്നതാണ് എന്നതാണ് രണ്ടാമത്തെ കാരണം.

അതുകൊണ്ടാണ് "ഭർത്താവ് തല്ലിയാലും സാരമില്ല" എന്ന് അറുപതു ശതമാനം സ്ത്രീകൾ പറയുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ വളരെ ആധികാരികമായ ആ സർവേയിൽ മറ്റൊരു കൗതുകകരമായ കാര്യംകൂടിയുണ്ട്. ഭർത്താവ് ഭാര്യയെ തല്ലുന്നതുകൊണ്ട് കുഴപ്പമില്ല എന്ന കാര്യത്തിൽ എല്ലാ മതവിശ്വാസികളും തുല്യരാണ്. 51 ശതമാനം ഹിന്ദു സ്ത്രീകളും 54 ശതമാനം മുസ്‌ലിം സ്ത്രീകളും 56 ശതമാനം ക്രിസ്ത്യൻ സ്ത്രീകളും ഭാര്യയെ തല്ലാമെന്ന അഭിപ്രായക്കാരാണ്. ഏതാണ്ട് അത്രതന്നെ പുരുഷന്മാരും.

ഭക്ഷണത്തിനൊരു രാഷ്ട്രീയമുണ്ട്. അത് ഓരോ വറ്റിലുമുണ്ട്. അത് തിരിച്ചറിയുന്ന പെണ്ണുങ്ങൾ ലോകത്തു പലയിടത്തും അവരുടെ പോരാട്ടങ്ങൾ തുടങ്ങിയത് അടുക്കളയിൽനിന്നാണ്. അത് ചിലപ്പോൾ അടുക്കള ബഹിഷ്കരിച്ചുപോലും ആയിരുന്നു. അതൊക്കെ തിരിച്ചറിയാൻ കേരളത്തിലെ ആൺ സമൂഹം ഇനിയും എത്രയോ മാനസികമായി വളരണം. കാരണം, അവർ ഉറങ്ങുന്നതും ഉണരുന്നതും തിന്നുന്നതും ആണധികാര പ്രിവിലേജുകളുടെ പട്ടുമെത്തയിലാണ്.

അതുകൊണ്ട്, ആണുങ്ങൾ തല്ക്കാലം റീമയ്‌ക്കെതിരെ മീൻ ട്രോളുണ്ടാക്കി കളിയ്ക്കട്ടെ. പക്ഷെ അപ്പോഴും ഒന്നോർമ്മ വേണം. ഇനിയുള്ള കാലത്തെ അടയാളപ്പെടുത്താൻ പോകുന്നത് പെൺരാഷ്ട്രീയമാണ്. ആണിന് ഇത്രകാലവും കിട്ടിയിരുന്ന അധികാരങ്ങളുടെ ആ നടുമീൻ കഷ്ണം ഉശിരുള്ള പെണ്ണുങ്ങൾ എടുത്തു ചവറ്റുകൊട്ടയിലിടും.

ഇത്രനാൾ ചൊല്ലിപ്പഠിപ്പിച്ച അനുസരണയുടെ പാഠങ്ങൾ, മതവും മാന്യതയും സംസ്കാരവും അടക്കവും ഒതുക്കവുമൊക്കെ പറഞ്ഞു നിങ്ങൾ വരച്ച കളങ്ങൾ, അതൊക്കെ മുറിച്ചുകടന്ന് പെണ്ണുങ്ങൾ ചോദ്യങ്ങൾ ചോദിക്കും. മതത്തിനോ രാഷ്ട്രീയത്തിനോ കുടുംബത്തിനോ അകത്തുനിന്നുതന്നെ ചോദ്യങ്ങൾ ചോദിക്കും. പുറത്തുപോയവരുടെ ചോദ്യങ്ങളേക്കാൾ തീവ്രമായിരിക്കും അകത്തുനിൽക്കുന്ന പെണ്ണുങ്ങളുടെ ചോദ്യങ്ങൾ. നിഷേധിക്കപ്പെട്ട ഓരോ അന്നത്തിനും ഓരോ 'മീൻകഷണത്തിനും' അവർ കണക്കു പറയിക്കും. നിരന്തരം ചോദ്യങ്ങൾ ചോദിക്കും. അപ്പോഴും ആ ചോദ്യങ്ങൾ മനസ്സിലാവാതെ ആണുങ്ങൾ അതൊരു കേവല മീൻകഷണത്തിന്റെ പ്രശ്നമാണെന്ന് ധരിയ്ക്കുകയും ചെയ്യും.

എം അബ്ദുൽ റഷീദ്