Thursday 13 September 2018 05:19 PM IST : By സ്വന്തം ലേഖകൻ

മരണത്തിലും പൊലിയാതെ ഈ ജീവിതം; ബിനുകൃഷ്ണന്റെ അവയവങ്ങൾ പുതുജീവനേകുന്നത് നാലുപേർക്ക്

air_ambulance

തിരുവനന്തപുരം: അപ്രതീക്ഷിതമായി വന്ന അപകടം ജീവൻ കവർന്നെടുത്തപ്പോഴും ബിനു കൃഷ്ണൻ ദൈവത്തെ പോലെ ഈ നാല് കുടുംബങ്ങളിലും പുനർജനിക്കുകയാണ്, തങ്ങളുടെ ഉറ്റവരുടെ ജീവനിലൂടെ. മസ്തിഷ്‌ക മരണം സംഭവിച്ച ബിനു കൃഷ്ണന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, പാൻക്രിയാസ് എന്നിവയാണ് ബന്ധുക്കൾ ദാനം നൽകിയത്. എറണാകുളം, വൈറ്റില, ഐ.എസ്.എൻ. റോഡ് മാപ്രയിൽ ബിനുകൃണൻ എന്ന മുപ്പത്തിയഞ്ചുകാരനാണ് പ്രതീക്ഷയറ്റ് അവയവദാതാവിനെ ലഭിക്കാതെ വലഞ്ഞ നാല് പേർക്ക് മരണത്തിലും തുണയായത്.

എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ബിനു. കഴിഞ്ഞ ദിവസമാണ് ബിനുവിനെ വൈറ്റിലയിൽ സുഹൃത്തുമായി ബൈക്കിൽ യാത്ര ചെയ്യവേ കഠിനമായ തലവേദനയനുഭവപ്പെട്ട് ബി.പി. കൂടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുള്ളതായും തലാമിക് ബ്ലീഡാണെന്നും കണ്ടെത്തി. ബിനുകൃഷ്ണനെ അഡ്‌മിറ്റാക്കുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്തു. ബിനുകൃഷ്ണന്റെ ജീവൻ രക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങൾ ഡോക്ടർമാർ നടത്തിയങ്കിലും വ്യാഴാഴ്ചയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 9.45 ഓടെ ആദ്യത്തെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ രണ്ടാമതും മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യവും ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് പൂർണമായി ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഡോക്ടർമാർ സ്ഥിരീകരിച്ചത്. അങ്ങനെയാണ് അവയവദാനത്തിനുള്ള നീക്കങ്ങൾ നടത്തിയത്.

ബിനുവിന്റെ കമ്പനിയിലെ സിനിയാണ് ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇവർക്ക് നാലര വയസുള്ള മകനുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവന്റെ അവയവങ്ങൾ പലരിലൂടെ ജീവിക്കുമെന്ന പ്രത്യാശയോടെ ഭാര്യയായ സിനിയും ബിനുകൃഷ്ണന്റെ സഹോദരനായ ബിജു കൃഷ്ണനും അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു.

എറണാകുളത്തുള്ള ഹൃദയം കോഴിക്കോട്ടെത്തിക്കുന്നത് റോഡ് മാർഗം ദുഷ്‌കരമായതിനാൽ കോയമ്പത്തൂരുള്ള ഗംഗ എയർ ആംബുലൻസിനെയാണ് ഇതിനായി തെരഞ്ഞടുത്തത്. ആസ്റ്റർ മെഡിസിറ്റിയിലെ ഹെലിപ്പാഡിൽ ഇറങ്ങിയ എയർ ആംബുലൻസ് ഹൃദയവുമായി കോഴിക്കോട് വിമാനത്താവളത്തിലിറങ്ങുകയും റോഡ് മാർഗം മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിൽ എത്തിക്കുകയും ചെയ്തു.

റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിവിധ അവയവങ്ങൾ സ്വീകർത്താക്കളിൽ പിടിപ്പിക്കുന്ന ശസ്ത്രക്രിയകൾ നടന്നുവരുന്നു. ബിനു കൃഷ്ണന്റെ സംസ്‌കാരം വെള്ളിയാഴ്ച സ്വവസതിയിൽ നടക്കുമ്പോൾ ആ ശരീരത്തിലെ നാല് അവയവങ്ങൾ മറ്റൊരു ശരീരത്തിൽ തുടിക്കും,പുതിയ പ്രതീക്ഷയുമായി.