Tuesday 12 June 2018 03:45 PM IST : By സ്വന്തം ലേഖകൻ

ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവുനശിപ്പിക്കാന്‍ സാധ്യത എന്ന് അങ്കമാലി കോടതി; ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

dileep-amma

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് ജാമ്യം നിഷേധിച്ചത് സമാന മനസ്കർക്കുള്ള സന്ദേശമെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കോടതി വിധിയുടെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്.

ഇത്തരം കുറ്റകൃത്യങ്ങൾ നിസാരമായി കാണില്ലെന്ന് തിരിച്ചറിയണം. ദിലീപിനെതിരായ ആരോപണങ്ങൾ ഗുരുതരമാണ്. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവുനശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടതായും അങ്കമാലി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവിൽ വിശദമാക്കുന്നു.

അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ടെങ്കിലും അതിനു ശ്രമിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു.

'തനിക്കെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. അറസ്റ്റ് സംശയത്തിന്റെ അടിസ്ഥാനത്തിലാണ്'- ഹർജിയിൽ‌ പറയുന്നു. ഇന്നു തന്നെ വാദം കേൾക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിനുവേണ്ടി കേസിലെ മുഖ്യപ്രതി സുനിൽകുമാറിന് (പൾസർ സുനി) ക്വട്ടേഷൻ തുക കൈമാറാൻ ശ്രമിച്ചതായി പൊലീസ് കരുതുന്ന സുനിൽരാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുൻപു ജാമ്യം നേടണമെന്നു നിയമോപദേശം ലഭിച്ചിട്ടുണ്ട്.

ദിലീപ് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകിയാലും അത് എതിർക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കേസ് ഡയറിയുൾപ്പെടെയുള്ളവ ഹാജരാക്കി റിമാൻ‍ഡ് കാലാവധി നീട്ടുന്നതിനാണ് നീക്കം. ജാമ്യം ലഭിച്ചാൽ ഇരയായ നടിയെ അധിക്ഷേപിക്കാൻ വീണ്ടും ശ്രമിച്ചേക്കുമെന്നാണ് പൊലീസ് മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം. കൂടാതെ, സമൂഹമാധ്യമങ്ങളിൽ നടന്ന ദിലീപ് അനുകൂല പ്രചാരണം അദ്ദേഹത്തിന്റെ സ്വാധീനം തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷൻ പറയുന്നു.

വാര്‍ത്തകള്‍