Thursday 04 October 2018 02:46 PM IST : By സ്വന്തം ലേഖകൻ

'സിസി ടിവി തുറന്നുവച്ചതു പോലെയുള്ള തുറിച്ചു നോട്ടങ്ങൾ'; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് വിദ്യാർത്ഥിനികൾ

x-default

‘സ്കൂൾ വിട്ടശേഷം പതിവുപോലെ വീട്ടിലേക്കു പോകുന്നതിനായി സുഹൃത്തിനൊപ്പം പെരുമ്പനച്ചിയിലേക്കു വരികയായിരുന്നു. കവലയിൽ എത്തുന്നതിനു മുൻപായി റോഡരികിൽ നിന്ന രണ്ടുപേരെ കണ്ടെങ്കിലും കാര്യമാക്കാതെ മുന്നോട്ടു നടന്നു. കുറച്ചു ദൂരം പിന്നിട്ടതോടെ അവർ ഞങ്ങളുടെ നേരെ തിരിഞ്ഞു. ഒരാൾ എന്റെ കയ്യിൽ കയറിപ്പിടിക്കാൻ ശ്രമിച്ചു. ഇതോടെ ഞാനും കൂടെയുള്ള കൂട്ടുകാരിയും ഉറക്കെ നിലവിളിച്ചു. അതോടെ ഇവർ അസഭ്യം പറയാൻ ആരംഭിച്ചു. സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടിയാണു ഞങ്ങളെ പിടിച്ചുമാറ്റിയത്. പിന്നീട് എത്തിയ പൊലീസ് ഞങ്ങളെ ജീപ്പിൽ കയറ്റി സുരക്ഷിതമായി വീട്ടിൽ എത്തിച്ചു.’

പെരുമ്പനച്ചിയിൽ മദ്യലഹരിയിൽ യുവാക്കൾ ഉപദ്രവിക്കാൻ ശ്രമിച്ച വിദ്യാർഥിനികളിൽ ഒരാളുടെ പ്രതികരണമാണിത്. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പിങ്ക് പൊലീസ് പദ്ധതിയും കൺട്രോൾ റൂം നമ്പറും വനിതാ സൗഹൃദ സ്റ്റേഷനുകളും നടപ്പാക്കിയിട്ടും അതിക്രമം വർധിക്കുന്നതിൽ സ്ത്രീകൾക്കുള്ള ആശങ്ക ചെറുതല്ല. ജില്ലയിൽ സ്ത്രീകൾക്കെതിരെ അക്രമങ്ങളുടെ എണ്ണം ഉയരുന്നുവെന്നാണു കണക്കുകൾ. ഭർത്താക്കന്മാരിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള പീഡനവും ബലാൽസംഗ കേസുകളും ഈ വർഷവും ഏറി. സ്കൂൾ യാത്രയ്ക്കിടെ പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ പലപ്പോഴും മറ്റുള്ളവരോട് പറയാൻ കുട്ടികൾ മടിക്കുകയാണ്. 2016ൽ 500 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഓഗസ്റ്റ് വരെ 374 കേസുകൾ റജിസ്റ്റർ ചെയ്തു. ഇത്തരം കേസുകളി‍ൽ പരാതിപ്പെടാൻ കൂടുതൽ സ്ത്രീകൾ തയാറാകുന്നെന്നതു നല്ല സൂചനയാണെന്നു പൊലീസ് പറയുന്നു.

2017 ഓഗസ്റ്റ് 31 വരെ ജില്ലയിലെ കേസുകളുടെ നില:

ബലാൽസംഗ കേസുകൾ 73

പീഡനം 151

തട്ടിക്കൊണ്ടുപോകൽ 12

പൂവാലശല്യം 20

ഗാർഹിക പീഡനം 75

അവലംബം : പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോ

പെൺകുട്ടികൾ പറയുന്നു അവർ തെരുവിലും പൊതുഇടങ്ങളിലും നേരിടുന്നതും പരിഹാരങ്ങളും

students445 അൽഫോൺസാ ജോസഫ്, ആർജെ മാമ്മൂട് സ്വദേശിനി, ടി.എസ്.അരുന്ധതി ബിഎ ഇംഗ്ലിഷ് രണ്ടാം വർഷം സിഎംഎസ് കോളജ്, കോട്ടയം, സാന്ദ്രാ മാത്യൂസ് ഇക്കണോമിക്സ് ഒന്നാം വർഷം സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി.

‘എല്ലായിടത്തും സിസി ടിവി തുറന്നു വച്ചതു പോലെയുള്ള തുറിച്ചു നോട്ടങ്ങളിൽ വിവസ്ത്രയാക്കപ്പെടുമ്പോഴും മറ്റുള്ളവർ അറിയുന്നില്ല ഞങ്ങൾ കടന്നു പോകുന്ന മാനസികാവസ്ഥ എന്താണെന്ന്.

സുഖമില്ലാതെ കിടക്കുന്ന വൃദ്ധമാതാവിനു മരുന്നു വാങ്ങാൻ തിരക്കിട്ടു പോകുമ്പോഴും കഴുകൻ കാഴ്ചയ്ക്ക് ഇരയാകേണ്ടിവരുന്ന അവസ്ഥ പറയാനാവില്ല. ഉപദ്രവിക്കാൻ വരുന്നവന്റെയും തുറിച്ചുനോട്ടക്കാരുടെയും അടുത്ത് നിങ്ങൾക്കുമില്ലേ അമ്മയും പെങ്ങളും എന്ന് ചോദിക്കുന്ന പതിവു ഡയലോഗിനോട് ബൈ പറയാൻ സമയമായി’.

അൽഫോൺസാ ജോസഫ്, ആർജെ മാമ്മൂട് സ്വദേശിനി.

‘പൊതുയിടങ്ങളിൽ അതിമോശമായ കമന്റുകൾ പലപ്പോഴും സഹിക്കാൻ കഴിയാറില്ല. വൃത്തികെട്ട നോട്ടം, ബസുകളിൽ ശരീരത്തിൽ പിടിച്ചുള്ള ചിലരുടെ ശല്യം ഇതൊക്കെ ഇപ്പോഴും അനുഭവിക്കുന്നുണ്ട്.

ബോധവൽക്കരണം ശക്തമാക്കിയാൽ ഇത് ഒരു പരിധി വരെ കുറയും. പലപ്പോഴും ആക്രമിക്കപ്പെട്ട പെൺകുട്ടിക്കു നേരെയാണു വിമർശനം. ആ അവസ്ഥ മാറണം’.

ടി.എസ്.അരുന്ധതി ബിഎ ഇംഗ്ലിഷ് രണ്ടാം വർഷം സിഎംഎസ് കോളജ്, കോട്ടയം.

‘പലയിടങ്ങളിലും പെൺകുട്ടികൾ ഉപദ്രവങ്ങളെക്കാൾ പരിഹാസങ്ങളാണ് നേരിടുന്നത്. ബസ് യാത്ര പലപ്പോഴും സമ്മർദ്ദത്തിലാണ്. യാത്രാ ഇളവിന്റെ പേരിൽ പോലും പെൺകുട്ടികളോട് മോശമായി പെരുമാറുന്ന ജീവനക്കാരുണ്ട്.

സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, പരാതികൾ കേൾക്കുന്നതിനും ഏകജാലക സംവിധാനം പോലെ കുറ്റമറ്റ രീതിയിലുള്ള നിയമ സംവിധാനം വേണം’.

സാന്ദ്രാ മാത്യൂസ് ഇക്കണോമിക്സ് ഒന്നാം വർഷം സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി.

കൂടുതൽ വായനയ്‌ക്ക്