Monday 13 August 2018 04:04 PM IST : By സ്വന്തം ലേഖകൻ

സിനിമകൾ, ചാനൽ ഷോകൾ, അഭിനന്ദനങ്ങൾ! അപ്പൂപ്പന് ചോറു കൊണ്ടു പോകും വഴി കൊച്ചു ശിവഗംഗയുടെ ജീവിതം മാറിയത് ഇങ്ങനെ, ജയസൂര്യ കണ്ടെത്തിയ ആറാം ക്ലാസുകാരിയുടെ കഥ

siva_ganga

ജയസൂര്യ ഷെയർ ചെയ്ത വിഡിയോയിലൂടെ മലയാളികൾ ഏറ്റെടുത്ത ശിവഗംഗ എന്ന കൊച്ചു ഗായിക കൂടുതൽ ഉയരങ്ങളിലേക്ക്. ജയസൂര്യയുടെ പുതിയ ചിത്രത്തിനു പുറമേ മറ്റൊരു ചിത്രത്തിലും ശിവഗംഗയ്ക്ക് അവസരം ലഭിച്ചേക്കും. ഒപ്പം ചാനലിൽ നിന്ന് അവസരവും ഈ കൊച്ചു വാനമ്പാടിയെ തേടിയെത്തിയതായി കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.
കായംകുളം ദേശത്തിനകം സ്വദേശിയായ ശിവഗംഗ എന്ന 12 വയസുകാരി ഒറ്റ ദിവസം കൊണ്ടാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. അമ്മ ആശയ്ക്കൊപ്പം അപ്പൂപ്പന് ചോറുമായി പോകുമ്പോഴാണ് റോഡരികിൽ ഓണാഘോഷം കാണുന്നത്. മൈക്കും കരോക്കെ സംവിധാനവുമൊക്കെ കണ്ടപ്പോൾ ശിവഗംഗയ്ക്ക് ആവേശമായി. പാടിക്കോ എന്ന് അമ്മ പറഞ്ഞതോടെ മൈക്ക് കയ്യിലെടുത്തു. പിന്നെ പാടിയത് ഒന്നല്ല, ഒറ്റയടിക്ക് മൂന്നാണ്. ഓരോന്നും പാടിക്കഴിയുമ്പോൾ കാണികൾ അടുത്ത പാട്ടിനായി ആവശ്യപ്പെടുമ്പോള്‍ അവൾ എന്തു ചെയ്യാൻ? പാട്ട് ഏതാനും ചെറുപ്പക്കാർ ഫെയ്സ്ബുക്കിൽ ലൈവായി കാട്ടിയിരുന്നു.


അവർ പോലും അറിയാതെ ഇതിനു ലൈക്കുകളും ഷെയറുകളും പ്രവഹിച്ചു. ലൈവ് കഴിഞ്ഞിട്ടും വിഡിയോ ഷെയറിങ് അവസാനിച്ചില്ല. അങ്ങനെയാണ് നടൻ ജയസൂര്യയുടെ പക്കൽ കിട്ടുന്നത്. അദ്ദേഹം വിഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചതോടെ ശിവഗംഗയുടെ പ്രശസ്തി ലോകമെമ്പാടും പരന്നു. വിദേശങ്ങളിൽ നിന്നുവരെ ആളുകൾ ഫോൺ നമ്പർ തേടിപ്പിടിച്ചു വിളിച്ച് അഭിനന്ദനം അറിയിച്ചു.


ആദിക്കാട് പുത്തൻ വീട്ടിൽ രാജന്റെയും ആശയുടെയും മകളാണ് ശിവഗംഗ. കായംകുളം  സെന്റ് ജോണ‍്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി. അച്ഛൻ വിദേശത്താണ്. അമ്മ നാട്ടിൽത്തന്നെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടുപോലുമില്ല ഈ മിടുക്കിക്ക്. മെലഡികളെ ഏറെ സ്നേഹിക്കുന്ന ശിവഗംഗ യൂട്യൂബിൽ നിന്നാണ് പാട്ടുകൾ കേട്ടു പഠിക്കുന്നത്. പിന്നീട് കരോക്കെ വച്ച് സ്വന്തമായി പാടി നോക്കും. നാട്ടിലെ കരോക്കെ ഗാനമേളകളിലൊക്കെ പാടാറുണ്ട്.

siva2

ഒറ്റ ദിവസം കൊണ്ട് ലഭിച്ച  ഈ സൗഭാഗ്യം മകളുടെ നല്ല ഭാവിക്കായി വിനിയോഗിക്കാനാണ് അമ്മയുടെ തീരുമാനം. പാട്ടിന്റെ ലോകത്ത് ലഭിക്കുന്ന അവസരങ്ങൾ പരമാവധി മുതലാക്കും. ഒപ്പം പഠിത്തവും. ശിവഗംഗ പാടുകയാണ്... ജീവിതത്തിന്റെ പുതിയ താളവും ചേർത്ത്...