Wednesday 13 June 2018 04:14 PM IST : By സ്വന്തം ലേഖകൻ

തലച്ചോർ തുരന്നുള്ള ശസ്ത്രക്രിയ വേളയിൽ ഗിറ്റാർ വായിച്ച് രോഗി! (വിഡിയോ)

patient09

ഒരു സാധാരണ ശസ്‌ത്രക്രിയ പോലും എത്രത്തോളം ഗുരുതരമാണെന്ന് എല്ലാവർക്കും അറിയാം. അതേസമയം തലയിലാണ് ശാസ്ത്രക്രിയയെങ്കിലോ, അങ്ങേയറ്റം അപകടവും. എന്നാൽ ബെംഗളൂരു ആശുപത്രിയിൽ നടന്ന സംഭവമാണ് നാടിനെ നടുക്കിയത്. തലച്ചോർ തുരന്നുള്ള ശസ്ത്രക്രിയയ്ക്കിടയിൽ ഗിറ്റാർ വായിച്ചു രോഗി!

ഗിറ്റാർ വായിക്കുമ്പോൾ ഇടതു കൈയിലെ മൂന്നു വിരലുകൾ ചലിക്കാത്ത ’ഡിസ്റ്റോണിയ’ എന്ന അവസ്ഥയായിരുന്നു രോഗിക്ക്. ഈ രോഗത്തിന്റെ ചികിത്സയുടെ ഭാഗമായാണ് തലച്ചോർ തുരന്നു ശസ്ത്രക്രിയ നടത്തിയത്. കൈവിരലുകളുടെ ചലനം അനുസരിച്ച്  തലച്ചോറിന്റെ ഏതു ഭാഗത്താണു പ്രശ്നമെന്നു മനസ്സിലാക്കുന്നതിനാണ് ഡോക്ടർമാർ രോഗിയെക്കൊണ്ട് ഗിറ്റാർ വായിപ്പിച്ചത്. തുടർന്ന് തലച്ചോറിലെ പ്രശ്നമുള്ള ഞരമ്പുകൾ കരിയിച്ചു കളഞ്ഞു.

യുണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിലെ സീനിയർ ന്യൂറോളജിസ്റ്റ് സി.സി. സഞ്ജീവ് ആണ് ശസ്‌ത്രക്രിയയ്‌ക്കു നേതൃത്വം നൽകിയത്. ശസ്ത്രക്രിയയ്ക്കു മുൻപായി പ്രത്യേകമായി നിർമിച്ച ഫ്രെയിം നാല് സ്ക്രൂവിന്റെ സഹായത്തോടെ രോഗിയുടെ തലയിൽ ഘടിപ്പിച്ചിരുന്നു. ഇതുവഴി എംആർഐ സ്കാൻ നടത്തി. തുടർന്ന് 14 മില്ലീമീറ്റർ ആഴത്തിൽ കുഴിച്ച് പ്രത്യേക ഇലക്ട്രോഡ് തലച്ചോറിലേക്കു കടത്തിയാണ് ഞരമ്പുകളെ കരിയിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നാം ദിവസം പൂർണസൗഖ്യത്തോടെ രോഗി ആശുപത്രി വിട്ടു.